തിരുവനന്തപുരം : എക്കാലത്തും തങ്ങളോടൊപ്പം നിന്ന ഈഴവ വിഭാഗത്തിന്റെ അകല്‍ച്ചയാണ് നിലവില്‍ സനാതന ധര്‍മ്മത്തെപ്പറ്റിയുയര്‍ന്നിട്ടുള്ള ചര്‍ച്ചകള്‍ക്ക് തിരികൊളുത്താന്‍ പിണറായിയെയും സി.പി.എമ്മിനെയും പ്രേരിപ്പിച്ചത്.
ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്ത് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സനാതന ധര്‍മ്മമെന്ന തത്വത്തെ ചാരി സംഘപരിവാര്‍, ബി.ജെ.പി രാഷ്ട്രീയത്തെ രൂക്ഷ വിമര്‍ശനത്തിന് വിധേയമാക്കിയത്. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന് ഉദ്ഘോഷിച്ച ഗുരു എങ്ങനെ മതത്തിന്റെ പരിമിതിക്കുള്ളില്‍ രൂപപ്പെട്ട സനാതന ധര്‍മ്മത്തിന്റെ വക്താവാകുമെന്നാണ് പിണറായി ഉയര്‍ത്തിയ ചോദ്യം.
മുഖ്യമന്ത്രിയുടെ പ്രസംഗം
മതാതീതമായ മനുഷ്യത്വപരമായ ഗുരുവിന്റെ വിശ്വദര്‍ശനത്തെ സനാതന ധര്‍മ്മത്തിന്റെ ചട്ടക്കൂടിലാക്കുന്നത് ഗുരുവിനോട് ചെയ്യുന്ന വലിയ നിന്ദയായിരിക്കുമെന്ന മുഖ്യമന്ത്രിയുടെ താക്കീത് ആത്മീയ നേതാക്കളെയും ഈഴവ സമുദായാംഗങ്ങളെയും ഒരേപോലെ ഉദ്ദേശിച്ചുള്ളതാണ്.
ഗുരുവിന്റെ പാരമ്പര്യം പിന്‍പറ്റുന്ന സമുദായത്തിലേക്കുള്ള സംഘപരിവാറിന്റെ കടന്നുകയറ്റം ഗുരുനിന്ദയാണെന്ന ആര്‍ത്ഥത്തിലാണ് മുഖ്യമന്ത്രി സനാതന ധര്‍മ്മമെന്ന തത്വത്തെ അവിടെ ഉപയോഗിച്ചത്. ഇതേറ്റ് പിടിച്ചാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്ത് വന്നിട്ടുള്ളത്.
ഗുരു ഒരിക്കലും ഹിന്ദുത്വ വാദിയായിരുന്നില്ലെന്നും മതേതരതവമായിരുന്നു അദ്ദേഹത്തിന്റെ ദര്‍ശനങ്ങളുടെ മുഖമുദ്രയെന്ന് ഈഴവര്‍ മനസിലാക്കണമെന്ന സന്ദേശം കൂടി മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ വ്യംഗമായി ഉള്‍പ്പെട്ടിട്ടുണ്ട്.
ഈഴവ വിഭാഗത്തിനൊപ്പമുള്ള ഏതാണ്ട് 90 ശതമാനം ആളുകളും പരമ്പരാഗതമായി സി.പി.എമ്മിന്റെ വോട്ട് ബാങ്കായിരുന്നു. പല ഘട്ടങ്ങളിലായി അവരുടെ കൊഴിഞ്ഞ് പോക്ക് സി.പി.എം ശ്രദ്ധിച്ചിരുന്നുവെങ്കിലും ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം, ആലപ്പുഴയടക്കമുള്ള ജില്ലകളിലും സംസ്ഥാനത്താകെയും ഈഴവ വോട്ടുകള്‍ ഏതാണ്ട് പൂര്‍ണ്ണമായി സി.പി.എമ്മിനെ കൈവിട്ട സ്ഥിതിയുണ്ടായിട്ടുണ്ട്.
പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളില്‍ വിള്ളല്‍ കൃത്യമായി പ്രതിഫലിച്ചെന്ന് സി.പി.എം വിലയിരുത്തുന്നുണ്ട്. വയനാട്ടിലും ഇത് പ്രതിഫലിച്ചു. ഇവിടെയെല്ലാം കോണ്‍ഗ്രസ്, ബി.ജെ.പി കക്ഷികളിലേക്ക് വോട്ട് പോയിട്ടുണ്ട്.
ശിവഗിരി തീര്‍ത്ഥാടനം
ബി.ഡി.ജെ.എസ് രൂപീകരണത്തിന് ശേഷം ശബരിമല വിഷയത്തെ തുടര്‍ന്നാണ് സി.പി.എമ്മിന്റെ ഈഴവ വോട്ട് ബാങ്കില്‍ ഗണ്യമായ വിള്ളലുണ്ടായതെങ്കില്‍ ഈ വോട്ടുകളില്‍ കുറെ ഭാഗം രാഷ്ട്രീയമായി തിരിച്ചു പിടിക്കാന്‍ സമ്മേളന കാലയളവില്‍ നടക്കുന്ന ശിവഗിരി തീര്‍ത്ഥാടനത്തെ കൂടി ഉപയോഗപ്പെടുത്താനും സി.പി.എം ശ്രമിക്കുകയാണ്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലയളവ് മുതല്‍ ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ മുസ്ലീം, ക്രൈസ്തവ ന്യൂനപക്ഷങ്ങളെ കൂടി അടുപ്പിച്ച് നിര്‍ത്തിയ സി.പി.എമ്മിന്റെ രാഷ്ട്രീയ തന്ത്രത്തെ ഭൂരിപക്ഷ വിഭാഗങ്ങള്‍ സംശയത്തോടെയാണ് വീക്ഷിച്ചത്.
സി.പി.എമ്മിന്റെയും ഇടത് സര്‍ക്കാരിന്റെയും ന്യൂനപക്ഷ പ്രേമം ഉയര്‍ത്തിക്കാട്ടി ബി.ജെ.പി - ആര്‍.എസ്.എസ് കക്ഷികള്‍ അടിത്തട്ടില്‍ രൂക്ഷവിമര്‍ശനവും പ്രചാരണങ്ങളും സംഘടിപ്പിച്ചതോടെ അതിനെ താല്‍ക്കാലികമായെങ്കിലും ശരിവെച്ചാണ് എക്കാലത്തെയും തങ്ങളുടെ അടിസ്ഥാന വോട്ട് ബാങ്കായ ഈഴവ വിഭാഗം സി.പി.എമ്മില്‍ നിന്നും അകന്നത്.
കേരളത്തില്‍ 'പൊളിറ്റിക്കല്‍ ഇസ്ലാം' എന്ന മുസ്ലീം മതാധിഷ്ഠിത രാഷ്ട്രീയം സി.പി.എമ്മിന്റെ തണലില്‍ വേര് പിടിക്കുന്നുവെന്ന് സംഘപരിവാര്‍ അണിയിച്ചൊരുക്കിയ തിരക്കഥ ഏതാണ്ട് വിശ്വസിച്ചതോടെയാണ് ഭൂരിപക്ഷ വിഭാഗങ്ങള്‍ ഇടതിനെ കൈവിട്ടത്.
എക്കാലത്തും യു.ഡി.എഫിനും ലീഗിനും കേരളകോണ്‍ഗ്രസിനുമെതിരെ ഭൂരിപക്ഷ സമുദായങ്ങളുടെ ഏകീകരണം ലക്ഷ്യമിട്ട് സംഘപരിവാര്‍ ക്യാമ്പെയിന്റെ തലം മാറിയതാണ് സി.പി.എമ്മിനണ് തിരിച്ചടിയായത്.
നേമത്ത് നിന്നും ഒരു നിയമസഭാംഗമുണ്ടായത് താല്‍ക്കാലിക പ്രതിഭാസമായിരുന്നുവെങ്കില്‍ കേരളം മത രാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണാണെന്ന് തെളിഞ്ഞതോടെ ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനുള്ള അടവുനയത്തിന്റെ ഭാഗമായാണ് അവര്‍ സി.പി.എം- മുസ്ലീം ബന്ധത്തെ കടന്നാക്രമിച്ചത്.
ഒപ്പം ഇടത് സര്‍ക്കാരിന്റെ വിവിധ അഴിമതികളില്‍ കൂടി കേന്ദ്ര ഏജന്‍സികള്‍ വഴിവെട്ടി കടന്നു വന്നതോടെ മുഖ്യമന്ത്രി അവര്‍ക്ക് മുമ്പില്‍ രാഷ്ട്രീയമായി അടിയറവ് പറയേണ്ട സ്ഥിതിയും ക്രൈസ്തവ ന്യൂനപക്ഷങ്ങളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമുള്ള പുതിയ കാല സംഘപരിവാര്‍ രാഷ്ട്രീയവുമാണ് തൃശ്ശൂരില്‍ നിന്നും ഒരു പാര്‍ലമെന്റംഗത്തെ കൂടി ബി.ജെ.പിക്ക് ജയിപ്പിക്കാന്‍ കഴിഞ്ഞത്.
വിവിധ വിഷയങ്ങളില്‍ കുടുംബാംഗങ്ങള്‍ മുതല്‍ പാര്‍ട്ടിയിലെ ജില്ലാ, സംസ്ഥാന നേതാക്കളും മുഖ്യമന്ത്രി സ്വയവും കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ഒരുക്കിയ കെണിയില്‍ പെട്ട് കിടക്കുകയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിലെ ഫലം സി.പി.എമ്മിന് ഞെട്ടലുണ്ടാക്കിയതോടെയാണ് അവരുടെ എക്കാലത്തെയും വോട്ട് ബാങ്കായ ഭൂരിപക്ഷ സമുദായങ്ങളെ തിരിച്ചു പിടിക്കാന്‍ അവര്‍ കിണഞ്ഞ് പരി്രശമിക്കുന്നത്.
ആര്‍.എസ്.എസ് വേരോട്ടം
ഈഴവരടക്കമുള്ള ഭൂരിപക്ഷ സമുദായങ്ങളിലെ ആര്‍.എസ്.എസ് വേരോട്ടം രാഷ്ട്രീയമായി കാണാനാവില്ലെന്ന തിരിച്ചറിവാണ് സി.പി.എമ്മിന് പ്രതീക്ഷ നല്‍കുന്നത്.
അതുകൊണ്ട് തന്നെ വിവിധ തലങ്ങളില്‍ ന്യൂനപക്ഷ സമുദായങ്ങളെ കടന്നാക്രമിച്ചും ഭൂരിപക്ഷ സമുദായത്തിനെ തിരിച്ചു കൊണ്ടുവരാനും പാര്‍ട്ടി വികാരം ആളിക്കത്തിച്ച് കൊഴിഞ്ഞ് പോക്ക് തടയാനുമാണ് സി.പി.എം ശ്രമം.
അത്തരം ശ്രമങ്ങളുടെ കൂടി ഭാഗമാണ് മുഖ്യമന്ത്രിയുടെ ശിവഗിരി പ്രസംഗവും തുടര്‍ന്ന് പാര്‍ട്ടി സേമ്മളനങ്ങളിലും മാദ്ധ്യമങ്ങള്‍ക്ക് മുന്നിലും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നടത്തുന്ന വിശകലനവും.
എന്നാല്‍ സനാതന ധര്‍മ്മത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ഹിന്ദുക്കളെ മുഴുവന്‍ ആര്‍.എസ്.എസുകാരായും സംഘപരിവാര്‍ അനുകൂലികളായും ചിത്രീകരിക്കാനാവില്ലെന്ന വാദമാണ് ്രപതിപക്ഷനേതാവ് വി.ഡി സതീശന്‍ സി.പി.എമ്മിന് നല്‍കുന്ന രാഷ്ട്രീയ മറുപടി.
സനാതന ധര്‍മ്മം ആര്‍.എസ്.എസ് ആശയമല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചുറപ്പിക്കുന്നതിന്റെയും കാരണം മറ്റൊന്നല്ല. പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയതയാണ് കേരളത്തില്‍ നടക്കുന്നതെന്ന പ്രതിപക്ഷനേതാവിന്റെ പ്രസ്താവനയും സി.പി.എമ്മിന്റെ മേല്‍പ്പറഞ്ഞ രാഷ്ട്രീയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
കൊല്ലത്തെ സംസ്ഥാന സമ്മേളന വേദി
ശിവിഗിരിയില്‍ തുടങ്ങിയ സനാതന ധര്‍മ്മ പരാമര്‍ശത്തിലുള്ള അഭിപ്രായപ്രകടനം കൊല്ലത്തെ സംസ്ഥാന സമ്മേളന വേദി വരെ ഊര്‍ജ്ജിതമായി എത്തിച്ച് അവടെ ഉച്ചസ്ഥായിയില്‍ ഇത് ചര്‍ച്ചയാക്കാനാണ് സി.പി.എം ശ്രമം. എസ്.എന്‍.ഡി.പിയുടെ ആസ്ഥാനമായ കൊല്ലത്തെ സംസ്ഥാന സമ്മേളന വേദിയാക്കി സി.പി.എം മാറ്റിയതും യാദൃശ്ചികമായല്ല.
വര്‍ഗ രാഷ്ട്രീയം കൈകാര്യം ചെയ്യുകയും അതനുവര്‍ത്തിച്ച് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുകയും ചെയ്യേണ്ട പാര്‍ട്ടി സനാതന ധര്‍മ്മത്തെ വിശകലനം ചെയ്യാന്‍ ഇറങ്ങി പുറപ്പെട്ടതിന്റെ കാരണവും മറ്റൊന്നല്ല.
കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന സംഘപരിവാര്‍- ബി.ജെ.പി സ്വപ്നത്തിന് പിന്തുണ നല്‍കാന്‍ അരയും തലയും മുറുക്കിയ സി.പി.എമ്മിന് സ്വന്തം പാളയത്തില്‍ നിന്നുള്ള വോട്ട് ചോര്‍ച്ച സൃഷ്ടിക്കുന്ന കടുത്ത വെല്ലുവിളി വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.