/sathyam/media/media_files/2025/09/13/sandal-2025-09-13-15-07-19.jpg)
തിരുവനന്തപുരം: സ്വകാര്യ ഭൂമിയിലെ ചന്ദന മരം മുറിച്ച് വില്‍പന നടത്താനും കോടതിയിലുള്ള വന കുറ്റകൃത്യങ്ങള്‍ ഒത്തുതീര്‍പ്പാക്കാനും അനുമതി നല്‍കുന്ന നിയമം വരുന്നു.
സ്വകാര്യ ഭൂമിയിലെ ചന്ദന മരം വനം വകുപ്പ് മുഖേന മുറിച്ച് വില്‍പന നടത്തുന്നതിനുള്ള കരട് ബില്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭ അംഗീകരിച്ചു. വില്‍പ്പന നടത്തുന്ന ചന്ദന മരത്തിന്റെ വില കര്‍ഷകന് ലഭ്യമാകുന്നതിലൂടെ സംസ്ഥാനത്ത് ചന്ദനകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സാധ്യമാകുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.
ഒരു കിലോ ചന്ദനത്തിന് ഏറ്റവും കുറഞ്ഞത് നാലായിരം മുതല്‍ ഏഴായിരം രൂപ വരെയാണ് ഇപ്പോള്‍ മാര്‍ക്കറ്റ് വില. ചന്ദനത്തിന്റെ ഗുണനിലവാരമനുസരിച്ച് വിലയില്‍ വീണ്ടും വര്‍ദ്ധനവ് ഉണ്ടാകും. ഇപ്പോള്‍ സ്വന്തം ഭൂമിയില്‍ നിന്നും ചന്ദനമരം മോഷണം പോയാലും സ്ഥലം ഉടമക്കെതിരെ കേസ് എടുക്കേണ്ടി വരുന്നു. അതിനാല്‍ തന്നെ ചന്ദനമരം വച്ചു പിടിപ്പിക്കാന്‍ ആളുകള്‍ തയ്യാറാവുന്നില്ല.
നിലവിലുള്ള നിയമപ്രകാരം ഉണങ്ങിയ ചന്ദനമരങ്ങളും അപകടകരമായവയും മുറിക്കുന്നതിനു മാത്രമാണ് അനുമതിയുള്ളത്. സ്വന്തം ആവശ്യത്തിന് വീടു വയ്ക്കുന്നതിനുള്ള സ്ഥലത്തെ മരവും മുറിയ്ക്കാന്‍ അനുമതി നല്‍കുന്നതാണ്. റവന്യൂ വകുപ്പ് പതിച്ചു നല്‍കിയ ഭൂമിയില്‍ ഉള്ള, സര്‍ക്കാരിലേയ്ക്ക് റിസര്‍വ്വ് ചെയ്ത ചന്ദന മരങ്ങള്‍ മുറിക്കാന്‍ ബില്ലില്‍ അനുവാദം നല്‍കുന്നില്ല.
ഇതിന് ഭൂമിയ്ക്ക് പട്ടയം നല്‍കുന്നത് സംബന്ധിച്ച് ഭൂപതിവ് റവന്യൂ നിയമങ്ങളില്‍ ഭേദഗതി വരുത്തേണ്ടതാണ്. കോടതിയില്‍ എത്തുന്ന വന കുറ്റകൃത്യങ്ങള്‍ രാജിയാക്കാന്‍ ഇപ്പോള്‍ വ്യവസ്ഥയില്ല. അങ്ങനെയുള്ള ചില കുറ്റകൃത്യങ്ങള്‍ കോടതിയുടെ അനുമതിയോടെ രാജിയാക്കുന്നതിനും ബില്ലില്‍ വ്യവസ്ഥ ചേര്‍ത്തിട്ടുണ്ട്.
നിലവില്‍ ചന്ദനമരം വച്ചുപിടിപ്പിക്കാമെങ്കിലും വില്‍ക്കാന്‍ വ്യവസ്ഥയില്ല. ചന്ദനമരം മോഷണം പോയാല്‍ സ്ഥലമുടമയ്‌ക്കെതിരെ കേസെമെടുക്കും.
ഈ അവസ്ഥമാറ്റി ചന്ദനമരം വച്ചുപിടിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി ഉടമകള്‍ക്ക് വന്‍തുക വരുമാനം ഉണ്ടാക്കുന്നതിനും മോഷണം കുറയ്ക്കുന്നതിനും ഈ ഭേദഗതി സഹായകമാകും. ഉടമകള്‍ വില്‍ക്കുന്ന ചന്ദനമരങ്ങള്‍ സൂക്ഷിക്കുന്നതിന് ജില്ലകളില്‍ ചന്ദനഡിപ്പോകള്‍ സ്ഥാപിക്കും. ഇപ്പോള്‍ മറയൂരില്‍ മാത്രമാണുള്ളത്.
അഴിമതിയ്ക്കുള്ള സാധ്യത കുറയ്ക്കാന്‍ ഈ ദേദഗതി സഹായകമാണെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. വന കുറ്റങ്ങള്‍ തീര്‍പ്പാക്കാന്‍ ഇപ്പോള്‍ വ്യക്തമായ വ്യവസ്ഥകളില്ല. ഉദ്യോഗസ്ഥന് യുക്തമെന്നു തോന്നുന്ന തുക നിശ്ചയിച്ച് വേണമെങ്കില്‍ തീര്‍പ്പാക്കാം. ഇതിനുപകരം, പിഴത്തുക അടച്ചാല്‍ തീര്‍പ്പാക്കുന്നതാണ് ഭേദഗതി. കോടതി നടപടികള്‍ ആരംഭിച്ച കേസുകളില്‍ കോടതിയുടെ അനുവാദത്തോടെ ചെയ്യാമെന്ന വ്യവസ്ഥയും ചേര്‍ത്തിട്ടുണ്ട്.
കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ വിളകളിലൊന്നാണ് ചന്ദനം. കേരളത്തില്‍ ആരു ചന്ദനം കൃഷി ചെയ്താലും അതിന്റെ പൂര്‍ണ അവകാശം സര്‍ക്കാരിനാണ്. അതുകൊണ്ടുതന്നെ ചന്ദനമരം മുറിക്കുന്നതും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു കൊണ്ടുപോകുന്നതും വില്‍ക്കുന്നതും വനംവകുപ്പു വഴി മാത്രമായിരിക്കണം.
ചന്ദനം കൃഷി ചെയ്യുന്നത് പട്ടയഭൂമിയില്‍ ആയിരിക്കണം. യാതൊരുവിധത്തിലുള്ള സര്‍ക്കാര്‍ ബാധ്യതയുള്ള ഭൂമിയോ പുറമ്പോക്കു ഭൂമിയോ കയ്യേറ്റ ഭൂമിയോ ആദിവാസി ഭൂമിയോ ആകാന്‍ പാടില്ല. മുറിച്ച് ചന്ദന ഡിപ്പോയിലെത്തിക്കുന്ന ചന്ദനമുട്ടികളും വേരും സ്വാഭാവികമായി ഉണങ്ങാന്‍ അനുവദിക്കും.
ഏകദേശം ആറു മാസമാണ് ഇതിനായി വേണ്ടിവരിക. പിന്നീട് ചെത്തിയൊരുക്കി ലേലത്തില്‍ വയ്ക്കും. ലേലത്തില്‍ വില്‍പന നടക്കുന്നതനുസരിച്ച് തുക ഉടമയുടെ അക്കൗണ്ടിലെത്തും.
മറയൂരില്‍ 57,000 ചന്ദനമരങ്ങളാണുള്ളത്. വര്‍ഷംതോറും 1000- 3000 മരങ്ങളുടെ വ്യത്യാസം ഉണ്ടാകുന്നുണ്ട്. ഇതിനനുസരിച്ച് വര്‍ഷംതോറും അയ്യായിരത്തോളം തൈകള്‍ വച്ചുപിടിപ്പിക്കുന്നു. ഏറ്റവും വിലയേറിയ മരത്തിന് അഞ്ച് കോടിക്കടുത്ത് വില വരും. ഒരു ചന്ദനമരം ശരാശരി 50 കിലോ എന്ന് കണക്കാക്കിയാല്‍ പോലും നഷ്ടം 160 കോടി രൂപയാണ്.
കൂടുതല്‍ തൈലം ലഭിക്കും എന്നതാണ് മറയൂര്‍ ചന്ദനത്തിന്റെ പ്രത്യേകത. കര്‍ണാടകയിലെ 100 കിലോ ചന്ദനത്തടിയില്‍ നിന്ന് മൂന്ന് കിലോ തൈലം ലഭിക്കുമ്പോള്‍ മറയൂരില്‍ 6- 8 കിലോ തൈലം ലഭിക്കും. ഏറ്റവും ഗുണമേന്മയുള്ള തടി കിലോയ്ക്ക് 16,000 രൂപയാണ് ശരാശരി വില.