/sathyam/media/media_files/0M9tBor2TtSrFXGBcIyU.jpg)
കോഴിക്കോട്: മലബാറിലെ സ്റ്റാര്‍ട്ടപ്പ്-ഐടി ആവാസവ്യവസ്ഥയ്ക്ക് പുതിയ ഉണര്‍വേകി സാന്‍ഡ് ബോക്സ് കമ്പനി ഗവ. സൈബര്‍പാര്‍ക്കില്‍ മിനി ടെക് പാര്‍ക്ക് നിര്‍മ്മിക്കും. കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്(കെഎസ് ടി ഐഎല്‍) ല്‍ നിന്നും സൈബര്‍പാര്‍ക്കിലെ ഭൂമി പാട്ടത്തിനെടുത്താണ് 30,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടം നിര്‍മ്മിക്കുന്നത്.
നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ 600 പേര്‍ക്ക് ഒരേസമയം ജോലി ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ടാകും. സൈബര്‍പാര്‍ക്കിലെ ആദ്യ കൊ-ഡെവലപ്പര്‍ കൂടിയാണ് സാന്‍ഡ് ബോക്സ്.
മലബാര്‍ മേഖലയുടെ സാങ്കേതികവിദ്യ സംരംഭങ്ങളെ ശക്തിപ്പെടുത്താനും കോഴിക്കോടിനെ നൂതന സാങ്കേതിക വിദ്യയുടെ വളരുന്ന കേന്ദ്രമായി അടയാളപ്പെടുത്താനും ലക്ഷ്യമിട്ടുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്ന് സൈബര്‍പാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു. ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ (ജിസിസി) മേഖലയില്‍ സംസ്ഥാനം കുതിച്ചു ചാട്ടം നടത്താന്‍ തയ്യാറെടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ ഐടി അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഏറെ പ്രധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗവ. സൈബര്‍പാര്‍ക്കില്‍ കൊ-ഡെവലപ്പിംഗിനുള്ള സാധ്യത പ്രയോജനപ്പെടുത്താനായതില്‍ അതീവ സന്തോഷമുണ്ടെന്ന് സിഒഒ വിവേക് നായര്‍ പറഞ്ഞു. ഐടി ഇടങ്ങള്‍ക്കൊപ്പം സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍ സംവിധാനവും ഇവിടെ ഒരുങ്ങുന്നുണ്ട്. സ്റ്റാര്‍ട്ടപ്പ് മിഷന്റെ കാമ്പസ് നിലവില്‍ ഗവ. സൈബര്‍പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മിനി ടെക്പാര്‍ക്ക് യാഥാര്‍ഥ്യമാകുന്നതോടെ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയ്ക്കും ഇത് മുതല്‍ക്കൂട്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നൂതനമായ തൊഴിലിടങ്ങള്‍, സ്‌മാർട്ട് ഇൻഫ്രാസ്ട്രക്ചർ എന്നിവ സംയോജിപ്പിച്ചു കൊണ്ട് സ്വയംപര്യാപ്തമായ മൈക്രോ ഐടി ഹബ്ബാണ് മിനി ടെക് പാർക്ക് ഒരുക്കുന്നതെന്ന് സാന്‍ഡ് ബോക്സിന്റെ സ്ഥാപകനും സിഇഒയുമായ അഹമ്മദ് ഷാമില്‍ പറഞ്ഞു. സ്റ്റാർട്ടപ്പുകൾ, എസ്.എം.ഇകൾ, ഐടി കമ്പനികള്‍ എന്നിവയുടെ ആവശ്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്താൻ കഴിയുന്ന ഫ്ലെക്സിബിൾ വർക്ക്‌സ്‌പേസുകളായിരിക്കും ഇവിടെ ഉണ്ടാകുന്നത്. വര്‍ക്ക് സ്പേസുകള്‍ക്ക് പുറമെ ജിസിസി കമ്പനികള്‍, ഐടി സ്ഥാപനങ്ങള്‍ എന്നിവയ്ക്കായി പ്രീമിയം സൗകര്യങ്ങളും ഇവിടെയുണ്ടാകും. എഐ സാങ്കേതികവിദ്യയുള്‍പ്പെടെ അടിസ്ഥാനമാക്കിയുള്ള സ്മാര്‍ട്ട് വര്‍ക്ക് സ്പേസുകളായിരിക്കും ഇവിടെ ഒരുക്കുന്നത്.
ശൈശവ ദശയിലുള്ള സ്റ്റാർട്ടപ്പുകൾക്ക് ധനപരമായ പിന്തുണ, വിദഗ്ധോപദേശം എന്നിവ നൽകുന്ന ഇൻകുബേഷൻ സെന്റര്‍ ഇവിടെ പ്രവര്‍ത്തിക്കുമെന്ന് ഷാമില്‍ ചൂണ്ടിക്കാട്ടി. എച് ആര്‍, മാർക്കറ്റിംഗ്, ധനകാര്യ മാനേജ്‌മെൻ്റ് എന്നിവ ഉൾപ്പെടുന്ന സമഗ്രമായ പിന്തുണയും ഫണ്ടിംഗിനുള്ള പ്രവേശനവും ഇവിടെ ലഭിക്കും. മലബാറിലെ സ്റ്റാർട്ടപ്പുകൾക്ക് ഒരു ലോഞ്ച്പാഡായും ഇത് പ്രവർത്തിക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്.
വിവിധ കമ്പനികള്‍ തമ്മിലുള്ള സഹകരണ ചര്‍ച്ചകള്‍ ആശയരൂപീകരണത്തിനായുളള പൊതുയിടം, സര്‍ഗ്ഗാത്മക ഇടങ്ങള്‍ എന്നിവയും പുതിയ സംവിധാനത്തിലുണ്ടാകും. ജോലിയുടെ പിരിമുറുക്കം കുറയ്ക്കുന്നതിനായുള്ള വിനോദയിടങ്ങള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോഫീ ഷോപ്പ്, ബ്രേക്ക് ഔട്ട് സ്പേസ് തുടങ്ങിയവയും ഇവിടെയുണ്ടാകും.
ഇന്നൊവേഷൻ ഉച്ചകോടികൾ, സ്റ്റാർട്ടപ്പ് പ്രദര്‍ശനങ്ങൾ, വർക്ക്‌ഷോപ്പുകൾ, ടെക് ഫോറങ്ങൾ എന്നിവ സംഘടിപ്പിക്കാനുള്ള വേദിയാകും മിനി ഐടി പാർക്ക്. ഐടി മേഖലയിലെ ആഗോള പ്രതിഭകളെ കോഴിക്കോട്ടേക്ക് ആകർഷിക്കാനും അതുവഴി നഗരത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യും.
കേരളത്തിൽ ശക്തമായ സാന്നിധ്യമുള്ള സാൻഡ്‌ബോക്‌സ് 2021 മുതല്‍ 500-ൽ അധികം കമ്പനികള്‍ക്കും 1,500-ൽ അധികം പ്രൊഫഷണലുകള്‍ക്കും സേവനം നല്‍കി വരുന്നു.