കൊച്ചി: മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി നിര്‍മ്മാതാവ് സാന്ദ്ര തോമസ്. തനിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നാണ് സാന്ദ്രയുടെ ആരോപണം. ഫെഫ്ക അംഗം റെനി ജോസഫ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നായിരുന്നു സാന്ദ്രയുടെ പരാതി.
മാര്‍ച്ച് മാസമാണ് സാന്ദ്ര പൊലീസില്‍ പരാതി നല്‍കുന്നത്. എന്നാല്‍ പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും പൊലീസിന്റെ ഭാഗത്തു നിന്നും നടപടിയൊന്നും ഉണ്ടായില്ലെന്നാണ് സാന്ദ്ര ആരോപിക്കുന്നത്.
പാലാരിവട്ടം എസ്എച്ച്ഒയ്‌ക്കെതിരേയും സാന്ദ്ര പരാതി ഉന്നയിക്കുന്നുണ്ട്. പ്രതികള്‍ക്ക് തെളിവുകള്‍ നശിപ്പിക്കാന്‍ അവസരമുണ്ടാക്കി കൊടുത്തുവെന്നാണ് സാന്ദ്ര ആരോപിക്കുന്നത്.
അതിനാല്‍ എസ്എച്ച്ഒ അടക്കമുള്ളവര്‍ക്കെതിരേയും നടപടി വേണമെന്ന് മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയില്‍ സാന്ദ്ര പറയുന്നുണ്ട്. തന്റെ പരാതി അന്വേഷിക്കാന്‍ പുതിയൊരു സംഘത്തെ നിയമിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നുണ്ട്.