/sathyam/media/media_files/AvJkqc8I2Q05q8rJ10JU.jpg)
തിരുവനന്തപുരം: കേരള ഫിലിം ചേമ്പർ തെരഞ്ഞെടുപ്പിൽ മത്സര ചിത്രം തെളിഞ്ഞു. സജി നന്ത്യാട്ട്, ശശി അയ്യഞ്ചിറ, അനില്‍ തോമസ് എന്നിവരാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
സാന്ദ്രാ തോമസ്, എം എ നിഷാദ്, മമ്മി സെഞ്ച്വറി എന്നിവരാണ് ജോയിന്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഏറ്റുമുട്ടുന്നത്. അതേ സമയം ഫിലിം ചേമ്പർ ജനറൽ സെക്രട്ടറിയായി സോണി തോമസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
നിർമ്മാതാക്കളുടെ സംഘടനയിലേക്ക് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ തോൽവി നേരിട്ടതിന് പിന്നാലെയാണ് സാന്ദ്ര തോമസ് ഫിലിം ചേംബറിലേക്ക് മത്സരിക്കുന്നത്. സ്ത്രീകള്‍ക്ക് ഒരു ഇടം നേടിയെടുക്കുക എന്നതാണ് തന്‍റെ പോരാട്ട ലക്ഷ്യമെന്ന് സാന്ദ്രാ തോമസ് പറഞ്ഞു.
മുൻ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്കാണ് മത്സരിക്കുന്നത്. അനിൽ തോമസ്, ശശി അയ്യഞ്ചിറ എന്നിവരാണ് സജി നന്ത്യാട്ടുമായി ഏറ്റുമുട്ടുന്നത്. തന്നെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാതിരിക്കാനുള്ള ചിലരുടെ ശ്രമം ചില്ലുകൊട്ടാരം പോലെ തകര്‍ന്നുവെന്ന് സജി നന്ത്യാട്ട് പറഞ്ഞു.
പ്രസിഡന്റ് സ്ഥാനത്ത് മത്സരിക്കാൻ സജി നന്ത്യാട്ട് അയോഗ്യനാണെന്ന് നേരത്തെ കമ്മിറ്റി കണ്ടെത്തിയിരുന്നു. എന്നാൽ വോട്ടർ പട്ടികയിൽ പേരുള്ളതിനാൽ മത്സരിക്കാം എന്ന് വരണാധികാരി നിലപാടെടുക്കുകയായിരുന്നു.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സോണി തോമസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 40 എക്സിക്യുട്ടീവ് അംഗങ്ങള്‍ ഉള്‍പ്പടെ ഫിലിം ചേംബറിന്‍റെ 47 അംഗ ഭരണസമിതിയിലേക്ക് ഈ മാസം 27നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.