ഗാന്ധിയെ വെട്ടി മാറ്റി തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാൻ സംഘ്പരിവാർ ശ്രമം - വെൽഫെയർ പാർട്ടി

New Update
welfare party
തിരുവനന്തപുരം: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാറിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് പുതിയ തൊഴിലുറപ്പ് ഭേദഗതി ബില്ലെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. പേരു വെട്ടി മാറ്റിയും പദ്ധതികളെ ഭേദഗതി ചെയ്തും രാജ്യത്തിൻ്റെ ചരിത്രത്തെ മായിച്ചു കളയാനാണ് സംഘ്പരിവാർ ലക്ഷ്യമിടുന്നത്.
Advertisment
തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും ഗാന്ധിയുടെ പേര് നീക്കം ചെയ്ത തീരുമാനം ഇതിൻ്റെ ഭാഗമാണ്. രാജ്യത്തെ കോടിക്കണക്കിന് സാധാരണ കുടുംബങ്ങൾക്ക് ആശ്രയമായിരുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഘടനയെ തന്നെ അട്ടിമറിച്ച് വൻകിട മാഫിയ സംഘങ്ങൾക്ക് അനുയോജ്യമായ രീതിയിൽ പദ്ധതിയെ വഴിതിരിച്ചു വിടാനാണ് കേന്ദ്രസർക്കാർ ബിൽ ഭേദഗതിയിലൂടെ ശ്രമിക്കുന്നത്. കാർഷിക മേഖലയുമായി തൊഴിലുറപ്പ് പദ്ധതിയെ ബന്ധിപ്പിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ ആവശ്യം ഉയരുന്നതിനിടയിലാണ് കാർഷിക സീസണിലെ തൊഴിലുറപ്പ് പദ്ധതി നിർത്തിവയ്ക്കാൻ ഭേദഗതി നിർദ്ദേശിച്ചിരിക്കുന്നത്. പ്രാദേശിക വൈവിധ്യങ്ങൾ ഇല്ലാതാക്കിക്കൊണ്ട് തൊഴിൽ തീരുമാനിക്കാനുള്ള അധികാരം കേന്ദ്രം നേരിട്ട് ഏറ്റെടുക്കുന്നത് തൊഴിൽ ദിനങ്ങളിൽ പ്രതിസന്ധി വർധിപ്പിക്കും. 
വിബി ജി റാം ജി എന്ന തലക്കെട്ടോടെ പാർലമെൻ്റിൽ കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അവതരിപ്പിച്ച ബില്‍ സംസ്ഥാന സർക്കാറുകളുടെ മേൽ വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതാണ്. കടുത്ത കടകെണിയിൽ മുന്നോട്ട് പോകുന്ന വിവിധ സംസ്ഥാനങ്ങളെ കൂടുതൽ പ്രതിസന്ധിയിലേക്ക് ഇത് തള്ളിവിടും. ഗ്രാമസഭകളുടെയും പഞ്ചായത്തുകളുടെയും പങ്കാളിത്തം കുറച്ചു കൊണ്ടുവരുന്നതിനുള്ള അപകടകരമായ ഗൂഢാലോചന തൊഴിലുറപ്പ് ഭേദഗതി ബില്ലിൽ നടത്തിയിട്ടുണ്ട്. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം രൂപപ്പെടണമെന്ന് റസാഖ് പാലേരി പറഞ്ഞു.
Advertisment