ശബരിമല: സന്നിധാനത്തിന് സമീപം കൊപ്രകള്‍ സൂക്ഷിച്ച കൊപ്രക്കളം ഷെഡ്ഡില്‍ നിന്ന് പുക ഉയര്‍ന്നത് പരിഭ്രാന്തി പടര്‍ത്തി. മിനിറ്റുകള്‍ക്കുള്ളില്‍ അഗ്‌നിശമന വിഭാഗം എത്തി പുകയണച്ച് അപകടമൊഴിവാക്കി.
ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് കൊപ്ര ഷെഡ്ഡില്‍ നിന്ന് പുക ഉയര്‍ന്നത്. ഉടന്‍ തന്നെ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്ന അഗ്‌നിശമന സേന വിഭാഗം സ്ഥലത്തെത്തി ആദ്യം വെള്ളം ചീറ്റിയും പിന്നീട് ഫോം ഉപയോഗിച്ചും പുക കെടുത്തി.
അളവില്‍ കൂടുതല്‍ കൊപ്ര സൂക്ഷിക്കരുത്
/sathyam/media/media_files/XzD7b8R17WqyzbxP3nvK.jpg)
അഗ്‌നിശമന സേന ജില്ലാ മേധാവിയും സന്നിധാനത്തെ സ്‌പെഷല്‍ ഓഫീസറുമായ കെ ആര്‍ അഭിലാഷ് നേതൃത്വം നല്‍കി. എഡിഎം അരുണ്‍ എസ് നായര്‍, പോലീസ് സ്‌പെഷല്‍ ഓഫീസര്‍ ബി കൃഷ്ണകുമാര്‍ എന്നിവരും സ്ഥലം സന്ദര്‍ശിച്ചു.
പുകഞ്ഞു കത്തി തുടങ്ങുന്നതിന് മുന്‍പ് തന്നെ അണയ്ക്കാന്‍ സാധിച്ചതായി എഡിഎം പറഞ്ഞു. 'രണ്ട് ദിവസം നല്ല മഴയായതിനാല്‍ കൊപ്ര കരാര്‍ എടുത്തവര്‍ ഷെഡ്ഡില്‍ കുറച്ചധികം കൊപ്ര സൂക്ഷിച്ചിരുന്നു. ഇതില്‍ നിന്നാണ് പുക ഉയര്‍ന്നത്,' എഡിഎം പറഞ്ഞു.
അളവില്‍ കൂടുതല്‍ കൊപ്ര സൂക്ഷിക്കരുതെന്ന് അദ്ദേഹം കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കി.