ശശി തരൂർ കോൺഗ്രസ് വിടുമോ ? തരൂർ ഇടതിലേക്ക് നീങ്ങിയാൽ യുഡിഎഫിന് നികത്താനാവാത്ത നഷ്ടവും എൽഡിഎഫിന് ‘ഗെയിം’ ചെയ്ഞ്ചറുമാവും. വോട്ട് സമവാക്യങ്ങൾ വരെ മാറാൻ സാധ്യതയുള്ള നിർണ്ണായക വഴിത്തിരിവുമായേക്കും. പിണറായിക്ക് ശേഷം മറ്റൊരു നേതാവിനെ തിരയുന്ന സിപിഎമ്മിന് മുതൽക്കൂട്ടാവുമെന്നതിൽ സംശയമില്ല. നെഹ്‌റുവിയൻ ചിന്താഗതിക്കാരനായ തരൂർ, ഇടതുപക്ഷത്തിന്റെ തീവ്ര നിലപാടുകളുമായി എത്രത്തോളം പൊരുത്തപ്പെടുമെന്നതും വലിയ ചോദ്യം

New Update
sasi tharoor Controversy

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതി അംഗവും തിരുവനന്തപുരം എംപിയുമായ ഡോക്ടർ ശശി തരൂർ പാർട്ടി വിടുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നു.

Advertisment

അടുത്തിടെ കൊച്ചിയിൽ നടന്ന 'മഹാപഞ്ചായത്ത്' പരിപാടിയിൽ രാഹുൽ ഗാന്ധി തരൂരിനെ അഭിവാദ്യം ചെയ്യാതിരുന്നതും, ഡൽഹിയിൽ നടന്ന നിർണ്ണായകമായ തിരഞ്ഞെടുപ്പ് തന്ത്രജ്ഞ യോഗത്തിൽ നിന്ന് തരൂർ വിട്ടുനിന്നതുമാണ് ഈ ചർച്ചകൾക്ക് ആക്കം കൂട്ടിയത്.


ശശി തരൂർ ഇടതുപക്ഷത്തേക്ക് നീങ്ങിയാൽ അത് കേരള രാഷ്ട്രീയത്തിൽ ഒരു ഭൂകമ്പത്തിന് തന്നെ കാരണമാകും.


ശശി തരൂരിനെപ്പോലൊരു നേതാവ് മുന്നണി മാറുന്നത് കേവലം ഒരു വ്യക്തിയുടെ മാറ്റമല്ല, മറിച്ച് കേരളത്തിലെ വോട്ട് സമവാക്യങ്ങളുടെ തന്നെ പൊളിച്ചെഴുത്താകും.

യുഡിഎഫിനെ സംബന്ധിച്ചിടത്തോളം തരൂരിന്റെ വിടവാങ്ങൽ നികത്താനാവാത്ത നഷ്ടമാകും. തരൂർ പോകുന്നത് യു.ഡി.എഫിന് അനുകൂലമായ മധ്യവർഗ വോട്ടുകളുടെ ചോർച്ചക്ക് വഴിവെച്ചേക്കും.

tharoor pinarayi

 നഗരങ്ങളിലെ വോട്ടർമാർ, പ്രൊഫഷണലുകൾ, യുവാക്കൾ എന്നിവർക്കിടയിൽ തരൂരിനുള്ള സ്വാധീനം യുഡിഎഫിന്റെ വിജയസാധ്യതകളെ ബാധിക്കും.


വി.ഡി. സതീശനും കെ.സി. വേണുഗോപാലും കേന്ദ്രീകരിക്കുന്ന കോൺഗ്രസ് നേതൃത്വത്തിന് തരൂരിന്റെ പടിയിറക്കം വലിയ തിരിച്ചടിയാകും.


"യോഗ്യരായവരെ കോൺഗ്രസ് പുറത്താക്കുന്നു" എന്ന സന്ദേശം ജനങ്ങളിലേക്ക് എത്താൻ ഇത് ഇടയാക്കിയേക്കും. വി.ഡി. സതീശൻ നേതൃത്വത്തിനെതിരെ നിൽക്കുന്ന ഗ്രൂപ്പുകൾക്ക് തരൂരിന്റെ പുറത്തുപോകൽ വലിയ ആയുധമാകും.

ദേശീയതലത്തിൽ തന്നെ കോൺഗ്രസിന്റെ പ്രതിച്ഛായയെ ഇത് ബാധിക്കും. തരൂർ തങ്ങളുടെ പക്ഷത്തേക്ക് വരുന്നത് ഗുണകരം ആകുമെന്നാണ് ഇടതുനേതാക്കളുടെ വിശ്വാസം.

പിണറായി വിജയന് ശേഷം ഒരു വലിയ ജനകീയ മുഖം തിരയുന്ന എൽഡിഎഫിന് തരൂർ ഒരു മുതൽക്കൂട്ടാകും.  പ്രത്യേകിച്ച് വികസന കാര്യങ്ങളിലും അന്താരാഷ്ട്ര വിഷയങ്ങളിലും തരൂരിനുള്ള അറിവ് അവർക്ക് ഗുണം ചെയ്യും.


പിണറായി വിജയന്റെ 'വികസന നായക' പ്രതിച്ഛായയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തരൂരിനെപ്പോലൊരു നേതാവ് നൽകുന്ന പിന്തുണ വലിയ കരുത്താകും.


 കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖലയെയും വികസനത്തെയും തരൂർ പുകഴ്ത്തിയത് ഇപ്പോൾ എൽഡിഎഫ് ആയുധമാക്കുന്നുണ്ട്. രാഷ്ട്രീയത്തിൽ "ശത്രുവിന്റെ ശത്രു മിത്രം" എന്ന തന്ത്രമാണ് എൽഡിഎഫ് ഇവിടെ പയറ്റുന്നത്.

sasi tharoor pinarai vijayan

കോൺഗ്രസിന്റെ ഏറ്റവും ജനപ്രീതിയുള്ള നേതാവിനെ അടർത്തിയെടുക്കുന്നതിലൂടെ യുഡിഎഫിനെ തളർത്തുക എന്നതാണ് ലക്ഷ്യം. തരൂർ ഇടതുപക്ഷത്തേക്ക് അടുക്കുന്നത് കേരളത്തിലെ 'ആന്റി-ഇൻകംബൻസി' (ഭരണവിരുദ്ധ വികാരം) മറികടക്കാൻ എൽഡിഎഫിനെ സഹായിച്ചേക്കാം.

എന്നാൽ, മുൻപ് തങ്ങൾ തന്നെ ഉന്നയിച്ച "മോദി സ്തുതി" ആരോപണങ്ങളിൽ നിന്ന് മുഖം രക്ഷിക്കാൻ ഇടതുപക്ഷത്തിന് നന്നായി വിയർക്കേണ്ടി വരും.


തരൂരിനെ "വിശ്വപൗരൻ" എന്ന് പരിഹസിക്കുകയും അദ്ദേഹത്തിന്റെ വിദേശനയ നിലപാടുകളെ ബിജെപി അനുകൂലമെന്ന് മുദ്രകുത്തുകയും ചെയ്തവരാണ് ഇടതുനേതാക്കൾ.


തരൂരിനെ സ്വീകരിക്കുന്നതിലൂടെ സിപിഎമ്മിന് തങ്ങളുടെ രാഷ്ട്രീയ ശുദ്ധി നഷ്ടപ്പെട്ടു എന്ന ആരോപണം നേരിടേണ്ടി വരും."എങ്ങനെയാണ് മോദിയെ പുകഴ്ത്തുന്ന ഒരാൾക്ക് പ്രവർത്തക സമിതിയിൽ ഇരിക്കാൻ കഴിയുന്നത്?" എന്ന് ചോദിച്ച ഇടതു നേതാക്കൾക്ക്, അദ്ദേഹം സ്വന്തം മുന്നണിയിലേക്ക് വരുമ്പോൾ വലിയ വിശദീകരണങ്ങൾ നൽകേണ്ടി വരും.

sasi tharoor-8

ഇത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ധാർമ്മികതയെ പ്രതിപക്ഷം ചോദ്യം ചെയ്യാൻ ഇടയാക്കും. കേവലം തിരഞ്ഞെടുപ്പ് ജയത്തിനായി ആദർശം പണയം വെക്കുന്നു എന്ന ആരോപണം ശക്തമാകും.

ടി.പി. രാമകൃഷ്ണനെപ്പോലുള്ള നേതാക്കൾ പറയുന്നത് തരൂർ തന്റെ 'രാഷ്ട്രീയ നിലപാട് മാറ്റിയാൽ' സ്വീകരിക്കും എന്നാണ്. അതായത്, പഴയ മോദി സ്തുതി ഉപേക്ഷിക്കുകയും ഇടതുപക്ഷ നയങ്ങൾ അംഗീകരിക്കുകയും വേണം എന്ന നിബന്ധന അവർ മുന്നോട്ട് വെക്കുന്നു.


നരേന്ദ്ര മോദിയുടെ വിദേശനയത്തെയും മറ്റും ശശി തരൂർ അനുകൂലിച്ചപ്പോൾ, അദ്ദേഹത്തെ 'ബിജെപി ഏജന്റ്' എന്നും 'കോൺഗ്രസിനുള്ളിലെ സംഘി' എന്നും ആക്ഷേപിച്ചത് ഇടതുപക്ഷമായിരുന്നു.


പ്രവർത്തക സമിതിയിൽ തരൂരിനെ ഉൾപ്പെടുത്തിയതിനെ ചോദ്യം ചെയ്തവർ, അദ്ദേഹത്തെ ഇടതു മുന്നണിയിൽ എങ്ങനെ ഉൾക്കൊള്ളും എന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ചോദ്യമാണ്.

ശശി തരൂർ ഇടതുമുന്നണിയുമായി നേരിട്ട് ചർച്ചകൾ നടത്തിയെന്ന് നിലവിൽ  ഔദ്യോഗിക സ്ഥിരീകരണമില്ല. എങ്കിലും, കോൺഗ്രസിനുള്ളിലെ ആഭ്യന്തര കലഹങ്ങൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ 2026-ലെ തിരഞ്ഞെടുപ്പിന് മുൻപായി കേരള രാഷ്ട്രീയത്തിൽ അപ്രതീക്ഷിത മാറ്റങ്ങൾ ഉണ്ടായേക്കാം.

sasit tharoor

ദുബൈയിൽ വെച്ച് മുഖ്യമന്ത്രിയുടെ വിശ്വസ്ത വലയത്തിൽപ്പെട്ട വ്യവസായിയുടെ മധ്യസ്ഥതയിലാണ് ചർച്ചകൾ നടക്കുന്നതെന്നാണ് പ്രചരിക്കുന്നത്.


ഓപ്പറേഷൻ സിന്ദൂർ കാലം മുതൽ കോൺഗ്രസ് നേതൃത്വവുമായി പ്രകടമായ ഭിന്നതയിലായിരുന്ന ശശി തരൂർ വയനാട് നടന്ന നേതൃക്യാമ്പിൽ വെച്ചാണ് രമ്യതയിലായത്.യോജിച്ച് പോകുമെന്ന് തരൂർ തന്നെയാണ് അവിടെവെച്ച് മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.


എന്നാൽ ഈമാസം 19ന് കൊച്ചിയിൽ വെച്ച് നടന്ന മഹാപഞ്ചായത്ത് പരിപാടിയിൽ അവഗണന നേരിട്ടു എന്ന വികാരത്തിലുളള തരൂർ വീണ്ടും കോൺഗ്രസുമായി തെറ്റി.സംസ്ഥാന കോൺഗ്രസ് നേതൃത്വം തന്നെ ബോധപൂർവ്വം അവഗണിക്കുന്നു എന്ന പരാതി തരൂർ ക്യാമ്പിനുണ്ട്.

രാഹുൽ ഗാന്ധി വേദിയിൽ ഉണ്ടായിരുന്നിട്ടും തരൂരിന്റെ പേര് പരാമർശിക്കാതിരുന്നത് വലിയ അസ്വാരസ്യങ്ങൾക്ക് കാരണമായി.

തരൂരിനെ അനുനയിപ്പിക്കണം, മഞ്ഞുരുക്കാന്‍ രാഹുല്‍ ഗാന്ധി ഇടപെടും | Rahul  Gandhi | CWC member Shashi Tharoor | Shashi Tharoor |Congress | Deepa  Dasmunshi | Kerala News | Samakalika Malayalam

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ തരൂരിനെ നേമം മണ്ഡലത്തിൽ മത്സരിപ്പിക്കാൻ ഹൈക്കമാൻഡ് താല്പര്യപ്പെടുമ്പോഴും സംസ്ഥാന നേതൃത്വത്തിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കുന്നില്ല എന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്.

കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞാലും ഇടതുപക്ഷവുമായി യോജിക്കാൻ തരൂരിന് കഴിയുമോ എന്നതും ചോദ്യമാണ്. രാഷ്ട്രീയത്തിൽ നെഹ്റുവിയൻ ശൈലി പിന്തുടരുന്നയാളാണ് എഴുത്തുകാരനും പ്രഭാഷകനും നയതന്ത്രജ്ഞനുമായ ശശി തരൂർ.

നെഹ്‌റുവിയൻ ചിന്താഗതിക്കാരനായ തരൂർ, ഇടതുപക്ഷത്തിന്റെ തീവ്ര നിലപാടുകളുമായി എത്രത്തോളം പൊരുത്തപ്പെടും എന്നത് വലിയ ചോദ്യമാണ്.

Advertisment