തഞ്ചത്തിനൊപ്പിച്ച് തരൂർ. കോൺഗ്രസ് നേതൃത്വവുമായുള്ള ഭിന്നതയിൽ ശശി തരൂർ അയയുന്നുവെന്ന് സൂചന. ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ പങ്കെടുക്കില്ല. വിദേശ സന്ദർശനത്തിലായതിനാൽ അസൗകര്യമെന്ന് കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചു

എല്ലാവരെയും ഉള്‍ക്കൊണ്ട് പോകണമെന്ന സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് ഭിന്നത പ്രകടിപ്പിച്ചു നില്‍ക്കുന്ന തരൂരിനെ കൂടി ക്ഷണിച്ചത്. 

New Update
sasi tharoor-7

തിരുവനന്തപുരം: വര്‍ക്കിംഗ് കമ്മിറ്റി അംഗം ശശി തരൂരും കോണ്‍ഗ്രസ് നേതൃത്വവും തമ്മിലുള്ള ഭിന്നതിയില്‍ മഞ്ഞുരുകുന്നുവെന്ന സൂചന. നിരവധി വിഷയങ്ങളില്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തില്‍ നിന്നും ഭിന്നനിലപാട് സ്വീകരിച്ച തരൂരിന്റെ ഇക്കഴിഞ്ഞയിടെയുള്ള ഇന്ദിരാ വിമര്‍ശനം ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരുന്നു.

Advertisment

എന്നാല്‍ ഇക്കാര്യങ്ങളില്‍ എ.ഐ.സി.സി നേതൃത്വം മറ്റ് നടപടികളിലേക്ക് കടക്കാതിരുന്നതും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലേക്ക് തരൂരിനെ ക്ഷണിച്ചതുമാണ് മഞ്ഞുരുകലിന്റെ സൂചനയായി കാണപ്പെടുന്നത്. 


അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് 50 വര്‍ഷങ്ങള്‍ പിന്നിട്ട സാഹചര്യത്തില്‍ മുന്‍ പ്രധാനമരന്തി ഇന്ദിരാ ഗാന്ധിയെയും മരണപ്പെട്ട അവരുടെ മകന്‍ സഞ്ജയ് ഗാന്ധിയുടെ ചെയ്തികളെയും രൂക്ഷമായി വിമര്‍ശിച്ച് ലേഖനമെഴുതിയിട്ടും അടുത്ത പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിനോടനുബന്ധിച്ച് നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലേക്ക് അദ്ദേഹത്തെ എ.ഐ.സി.സി നേതൃത്വം ക്ഷണിക്കുകയായിരുന്നു. 


sasi tharoor Controversy

എന്നാല്‍ വിദേശ സന്ദര്‍ശനം കാരണം തരൂരിന് യോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും പാര്‍ട്ടി നടപടിയില്‍ അദ്ദേഹം പൂര്‍ണ്ണ തൃപ്തി പ്രകടമാക്കിയെന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. ജൂലൈ 21 ന് ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ വെച്ച് രാഹുല്‍ ഗാന്ധിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്താന്‍ തരൂര്‍ ശ്രമിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഒരു പരിപാടിയിലേക്ക് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് തരൂരിനെ നേരിട്ട് ക്ഷണിച്ചിരുന്നു. എല്ലാവരെയും ഉള്‍ക്കൊണ്ട് പോകണമെന്ന സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് ഭിന്നത പ്രകടിപ്പിച്ചു നില്‍ക്കുന്ന തരൂരിനെ കൂടി ക്ഷണിച്ചത്. 

എ.ഐ.സി.സി നേതൃതവത്തിന്റെ പൂര്‍ണ്ണ സമ്മതത്തോടെയാണ് കെ.പി.സി.സി അദ്ധ്യക്ഷന്റെ നടപടിയെന്നും കരുതപ്പെടുന്നു. ഇന്ന് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിലും തരൂര്‍ പങ്കെടുക്കില്ല. ഗ്രീസ് സന്ദര്‍ശനത്തിന് ശേഷം തരൂര്‍ മടങ്ങിയെത്തിയിട്ടില്ലാത്തതിനാലാണ് അദ്ദേഹം വിട്ട് നില്‍ക്കുന്നതെന്ന് കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 

പുതിയ കെ.പി.സി.സി, എ.ഐ.സി.സി നേതൃത്വങ്ങളുടെ സമീപനത്തില്‍ മാറ്റമുണ്ടെന്നും കോണ്‍ഗ്രസ് വിടാന്‍ തരൂരിന് ഉദ്ദേശ്യമില്ലെന്നുമാണ് തരൂരിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 


പഴയ ജി 23 ഗ്രൂപ്പ് പുനഃസംഘടിപ്പിക്കാനോ  അതിന്റെ ഭാഗമാകാനോ അദ്ദേഹം തീരുമാനമെടുക്കില്ലെന്നും ചില രാഷ്ട്രീയ, സംഘടനാ, പ്രത്യയശാസ്ത്ര വിഷയങ്ങളെ ക്കുറിച്ചുള്ള തന്റെ വീക്ഷണങ്ങള്‍ തരൂര്‍ രാഹുലുമായി ചര്‍ച്ച ചെയ്തേക്കുമെന്ന് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 


ജാതി സെന്‍ സസിനെ അനുകൂലിച്ചുകൊണ്ട് രാഹുലിന്റെ നടപടികളില്‍ തരൂരിന് വിയോജിപ്പുണ്ട്. ബി.ജെ.പിക്ക് തിരിച്ചടി നല്‍കുന്നതിനായി ഉപജാതികള്‍ക്കിടയില്‍ ഹിന്ദു വോട്ടുകള്‍ വിഭജിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യമെങ്കിലും, കോണ്‍ഗ്രസിന് ഇതിന്റെ ഗുണഫലം ലഭിക്കില്ലെന്നാണ് തരൂരും ഒപ്പമുള്ളവരും കരുതുന്നത്. അതിന്റെ ഫലം അവകാശപ്പെടാന്‍  ഒട്ടേറെ ഒ.ബി.സി പാര്‍ട്ടികളും ഒ.ബി.സി വിഭാഗത്തില്‍ നിന്നുള്ള ഒരു പ്രധാനമന്ത്രിയും നിലവിലുണ്ടെന്നാണ് അവര്‍ പറയുന്ന ന്യായീകരണം. 

tharoor

പാര്‍ലമെന്റ് മണ്ഡലങ്ങളുടെ പരിധി നിര്‍ണ്ണയത്തിനായി ബി.ജെ.പി ഇത് ഉപയോഗിക്കുമെന്നും, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പാര്‍ലമെന്റ് സീറ്റുകളുടെ വന്‍ വര്‍ദ്ധനവിന് കാരണമാകുമെന്നും അതുവഴി അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നും ആശങ്കയും തരൂര്‍ പങ്കുവെയ്ക്കുന്നുണ്ട്. 

വികസനത്തിലും ഉദാരവല്‍ക്കരണത്തിലും തീവ്ര ഇടതുപക്ഷ നിലപാട് പാര്‍ട്ടി സ്വീകരിക്കുന്നുവെന്നും ബിസിനസ് സമൂഹത്തെയും മധ്യവര്‍ഗത്തെയും വിശ്വാസത്തില്‍ എടുക്കാന്‍ കഴിയുന്നില്ലെങ്കില്‍, പാര്‍ട്ടി എങ്ങനെ വോട്ടുകള്‍ നേടുമെന്ന ആശങ്കയും അദ്ദേഹവും ഒപ്പമുള്ളവരും പങ്കുവെയ്ക്കുന്നുണ്ട്.

Advertisment