തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും മികച്ച ശിശുപരിചരണവും ചികിത്സയും ലഭിക്കുന്ന രാജ്യത്തെ എണ്ണം പറഞ്ഞ ആരോഗ്യ സ്ഥാപനങ്ങളിലൊന്നായ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ സംഭവിക്കുന്നതോർത്ത് ലജ്ജിക്കുകയാണ് ആരോഗ്യ കേരളം.
ആയിരത്തോളം കുഞ്ഞുങ്ങൾ ചികിത്സയിൽ കഴിയവേ, ഞായറാഴ്ച നാലുമണിക്കൂർ വൈദ്യുതി മുടങ്ങിയതിനു പിന്നാലെ ഇന്നലെയും ഡായലിസിസും പ്ലാസ്‌മ മാറ്റിവയ്ക്കലും നടക്കുന്നതിനിടെ വൈദ്യുതി നിലച്ചു.
പീഡിയാട്രിക് നെഫ്രോളജിയിൽ രണ്ട് രോഗികൾക്ക് ഡയാലിസിസും ഒരാൾക്ക് പ്ലാസ്മ മാറ്റിവയ്ക്കലും നടക്കുന്നതിനിടെയായിരുന്നു ഗുരുതര വീഴ്ചയുണ്ടായത്. ഏഴുമണിക്കൂറോളം നീളുന്ന പ്ലാസ്മ മാറ്റിവയ്ക്കൽ മാറ്റിവയ്ക്കേണ്ടി വന്നു.
ഇത്രയും ഗുരുതര വീഴ്ചകൾ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിനു താഴെയുള്ള സുപ്രധാന ആശുപത്രിയിൽ എങ്ങനെ ആവർത്തിക്കുന്നു എന്നാണ് ഇനി അറിയേണ്ടത്. ഇത്രയും വീഴ്ചകളുണ്ടായിട്ടും കുറ്റക്കാരെ കണ്ടെത്താനോ നടപടിയെടുക്കാനോ കഴിഞ്ഞിട്ടില്ല.
കേന്ദ്ര ആരോഗ്യ മന്ത്രാലയം അപൂർവരോഗങ്ങൾക്കു വേണ്ടിയുള്ള സെന്റർ ഓഫ് എക്‌സലൻസ് പട്ടികയിൽ ഉൾപ്പെടുത്തിയ ആശുപത്രിയാണ് എസ്.എ.ടി. രാജ്യത്തെ 10 പ്രധാന ആശുപത്രികളുടെ പട്ടികയിലാണ് എസ്.എ.ടി. ആശുപത്രി ഇടംപിടിച്ചിരിക്കുന്നത്.
അപൂർവരോഗങ്ങൾ കണ്ടെത്തുക, ചികിത്സിക്കുക, പ്രതിരോധിക്കുക എന്നീ ലക്ഷ്യങ്ങളുമായി ദേശീയ നയമനുസരിച്ചാണ് പട്ടിക തയ്യാറാക്കിയത്. കേന്ദ്രസംഘം നടത്തിയ പരിശോധനയിൽ മികവു കണ്ടെത്തിയതിനെ തുടർന്നാണ് എസ്.എ.ടി.യെ തിരഞ്ഞെടുത്തത്.
സിസേറിയനുൾപ്പെടെ 24 മണിക്കൂറും പ്രസവം നടക്കുന്ന ആശുപത്രിയാണിത്. മറ്റ് ആശുപത്രികളിൽ ചികിത്സയിലിരിക്കുന്ന കുട്ടികളെയും അമ്മമാരെയും ഗുരുതരാവസ്ഥയിലായാൽ എത്തിക്കുന്നതും ഇവിടെയാണ്.
പലരും ജീവൻ രക്ഷിക്കാനുള്ള അവസാന ആശ്രയമായി സമീപിക്കുന്ന എസ്.എ.ടി.യിലാണ് മണിക്കൂറുകളോളം കറണ്ടില്ലാതെ ടോർച്ച് വെളിച്ചത്തിൽ പരിശോധനയും ചികിത്സയും നടത്തേണ്ട സ്ഥിതിയുണ്ടായത്.
ആരോഗ്യരംഗത്ത് ഒന്നാം നമ്പർ എന്ന് അഭിമാനിക്കുന്ന കേരളത്തിനാണ് ഈ ദുരവസ്ഥ കാണേണ്ടി വരുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ തെക്കൻ ജില്ലക്കാർ മാത്രമല്ല, തമിഴ്‌നാട്ടിലെ കന്യാകുമാരി, മധുര ജില്ലകളിലുള്ളവർ പോലും എസ്.എ.ടി ആശുപത്രിയെയാണ് ആശ്രയിക്കുന്നത്.
എല്ലാവരും ഇവിടുത്തെ വിദഗ്ദ്ധരായ ഡോക്ടർമാരിൽ പ്രതീക്ഷയർപ്പിച്ചാണ് തങ്ങളുടെ കുഞ്ഞുങ്ങളുമായി ഓടിയെത്തുന്നത്. ഐ.സി.യുവിലും മറ്റ് ചികിത്സാ വിഭാഗങ്ങളിലും വൈദ്യുതിയില്ലാതെ ചികിത്സ മുടങ്ങുന്ന സ്ഥിതിയുണ്ടാവുന്നത് ആരോഗ്യ കേരളത്തിനാകെ നാണക്കേടാണ്.
ഇരുട്ടിൽ ഒറ്റപ്പെട്ട് ആശങ്കാകുലരായ രോഗികൾക്കോ അവരുടെ ബന്ധുക്കൾക്കോ കൃത്യമായ നിർദേശം നൽകാൻ ആശുപത്രി അധികൃതർക്കും കഴിഞ്ഞിരുന്നില്ല. ടോർച്ചും മൊബൈൽ വെളിച്ചവുമുപയോഗിച്ചാണ് ലേബർ റൂം ഉൾപ്പെടെ പ്രവർത്തിച്ചത്.
ഒ.പി.യിലും കാഷ്വാലിറ്റിയിലും കുഞ്ഞുങ്ങളുമായെത്തിയവർ നാലും അഞ്ചും മണിക്കൂർ കാത്തിരിക്കേണ്ടി വന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിനോട് ചേർന്നുള്ള എസ്.എ.ടി ആശുപത്രി ഗുരുതരാവസ്ഥയിലുള്ള കുഞ്ഞുങ്ങളെ എത്തിക്കാനുള്ള ഏക അഭയ കേന്ദ്രമാണ്.
പുറത്തെ ആശുപത്രികളിൽ പ്രസവം നടന്ന് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്ന നവജാതശിശുക്കളുടെ ചികിത്സ നടക്കുന്ന ഔട്ട്‌ബോൺ നഴ്‌സറി, പീഡിയാട്രിക് കാഷ്വാലിറ്റി, എമർജൻസി ഐ.സി.യു., എസ്.എൻ.സി.യു. (ഐ.സി.യു.), ലേബർ റൂം, സിസേറിയൻ നടക്കുന്ന എമർജൻസി ഓപ്പറേഷൻ തിയേറ്റർ, ഗൈനക് കാഷ്വാലിറ്റി, പീഡിയാട്രിക് കാർഡിയോളജി, എം.ഐ.ടി.യു. (ഐ.സി.യു.) തുടങ്ങിയ പ്രധാന കേന്ദ്രങ്ങളുടെ പ്രവർത്തനമാണ് വൈദ്യുതിയില്ലാതെ നിലച്ചത്.
12-ഓളം വാർഡുകളിലെ രോഗികളും പിഞ്ചുകുഞ്ഞുങ്ങളുമാണ് ദുരിതത്തിലായത്. പലയിടത്തും വൈദ്യുതസഹായത്തോടെ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ തകരാറിലായി.
ഒരു വീഴ്ചയുണ്ടായാൽ പരസ്പരം പഴിചാരി കൈകഴുകുന്ന അവസ്ഥയാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്. ഇവിടെ ഓരോ വിഭാഗത്തിന്റെയും വീഴ്ചയ്ക്ക് ഉത്തരവാദി ആരാണ് എന്നത് അധികൃതർക്കുതന്നെ അറിയില്ല.
ഞായറാഴ്ച രാത്രി പഴയബ്ലോക്ക് ഇരുട്ടിലാകാൻ കാരണമായ ജനററേറ്റിന്റെ തകരാറ് പരിഹരിച്ച് പ്രധാന ലൈനിലോട് ചേർക്കുന്ന ജോലിയ്ക്കായി അരമണിക്കൂറോളം വൈദ്യുതി തടസപ്പെടുമെന്ന് രാത്രി രാവിലെ തന്നെ അറിയിപ്പുണ്ടായിരുന്നു.
തിരക്കൊഴിഞ്ഞ ശേഷം എന്നല്ലാതെ എത്രമണിയ്ക്ക് ഓഫാക്കുമെന്ന് കൃത്യമായി വകുപ്പ് മേധാവികളെ ഉൾപ്പെടെ അറിയിക്കേണ്ടത് പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ വിഭാഗമാണ്. എന്നാൽ അറിയിപ്പ് ലഭിച്ചില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
തകരാറിലായ ജനറേറ്ററിന്റെ കോൺടാക്ടർ മാറ്റിയശേഷം ഇത് പ്രധാനലൈനുമായി ഘടിപ്പിക്കണം. എന്നാൽ മാത്രമേ പ്രധാനലൈനിലെ വൈദ്യുതി ബന്ധത്തിൽ തടസം നേരിടുമ്പോൾ ജനറേറ്റൽ ഓട്ടോമാറ്റിക്കായി ഓണാകൂ. മുന്നറിയിപ്പ് നൽകുന്നതിലും മുന്നൊരുക്കം നടത്തുന്നതിലും പി.ഡബ്ല്യു.ഡി ഇല്ക്ട്രിക്കൽ വിഭാഗം ഇപ്പോഴും ഗുരുതര അനാസ്ഥ തുടരുന്നതായാണ് ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
അടുത്തിടെ മികച്ച സ്‌കോറോടെ എസ്.എ.ടി. ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിരുന്നു.
ലോകോത്തര നിലവാരത്തിലുളള പ്രസവ ചികിത്സ ലഭ്യമാക്കുക, അണുബാധ കുറയ്ക്കുക, പ്രസവ സമയത്ത് മെച്ചപ്പെട്ട സംരക്ഷണം, പ്രസവാനന്തരമുളള ശൂശ്രൂഷ, ഗുണഭോക്താക്കളുടെ സംതൃപ്തി, ലേബര്‍ റൂമുകളുടെയും പ്രസവ സംബന്ധമായ ഓപ്പറേഷന്‍ തിയേറ്ററുകളുടേയും ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് ലക്ഷ്യ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.
പ്രസവം കഴിഞ്ഞ് അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതിയും നടപ്പിലാക്കുന്നുണ്ട്.
അങ്ങനെ മികവുകളിലേക്ക് കുതിക്കുന്ന ആശുപത്രിയെയാണ് കറണ്ടില്ലാതെ ചികിത്സ മുടക്കി നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിയിടുന്നത്. ഇത് സ്വകാര്യ ആശുപത്രി ഭീമന്മാർക്ക് വേണ്ടിയാണോ എന്ന് സംശയം ഉയരുന്നുണ്ട്.