കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറിന്റെ പുനര്‍നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് വിധി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. രാവിലെ 10.30നാണ് വിധി പുറപ്പെടുവിക്കുക. കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്.
കഴിഞ്ഞ തവണ ഈ കേസുകള്‍ പരിഗണിച്ചപ്പോള്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും നിരീക്ഷണങ്ങളും സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. പ്രധാനമായും വിസി പുനര്‍നിയമനത്തിന് യോഗ്യത മാനദണ്ഡം പാലിക്കണമന്ന് സുപ്രീം കോടതി കഴിഞ്ഞ തവണ പറഞ്ഞിരുന്നു. അന്തിമവാദം കേള്‍ക്കുന്നതിനിടയില്‍ 60 വയസ് കഴിഞ്ഞവരെ വിസിയായി എങ്ങനെ പുനര്‍നിയമിക്കാനാകുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചിരുന്നു. അതേസമയം പുനര്‍നിയമനത്തിന് പ്രായപരിധി ചട്ടം ബാധകമല്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചത്.
അതിനിടെ ബില്ലുകള്‍ പിടിച്ചുവെച്ച ഗവര്‍ണറുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി കഴിഞ്ഞ ദിവസം രംഗത്തെത്തി. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ വിമര്‍ശനം. ബില്ലുകള്‍ പിടിച്ചുവെക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്നും സര്‍ക്കാരുകളുടെ അവകാശം അട്ടിമറിക്കാനാവില്ലെന്നും കോടതി വിമര്‍ശിച്ചു. രണ്ട് വര്‍ഷം ബില്ലുകളില്‍ ഒപ്പിടാതെ ഗവര്‍ണര്‍ എന്തെടുക്കുകയായിരുന്നുവെന്നും കോടതി ചോദിച്ചു. ബില്ലുകള്‍ പിടിച്ചു വെച്ചതില്‍ ഒരു ന്യായീകരണവുമില്ലെന്ന് വ്യക്തമാക്കിയ കോടതി, ബില്ലുകള്‍ രാഷ്ട്രപതിക്കയച്ച ഗവര്‍ണറുടെ നടപടിയില്‍ തല്‍ക്കാലം ഇടപെടാനില്ലെന്നും കൂട്ടിച്ചേര്‍ത്തു.
കൂടാതെ രാഷ്ട്രീയ വിവേകം സംസ്ഥാനത്ത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സുപ്രീം കോടതി നിരീക്ഷിച്ചു. ഗവര്‍ണര്‍മാര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം തയ്യാറാക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍, അതിനുള്ള സാഹചര്യം ഇപ്പോഴില്ലെന്നായിരുന്നു കോടതിയുടെ മറുപടി. സംസ്ഥാനത്തിന്റെ ഹര്‍ജിയില്‍ ഭേദഗതി വരുത്താന്‍ കോടതി അനുമതി നല്‍കി. ഇതിനായി അപേക്ഷ നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഗവര്‍ണര്‍ക്ക് ഭരണഘടന പരമായ ഉത്തരവാദിത്വമുണ്ടെന്നും അത് നിറവേറ്റപ്പെടണമെന്നും അല്ലെങ്കില്‍ ജനങ്ങളുടെ ചോദ്യം കോടതിയോടും ഉണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.