ആലപ്പുഴ: ഗര്‍ഭസ്ഥ ശിശുവിന്‍റെ വൈകല്യം കണ്ടെത്താത്ത സംഭവത്തില്‍ ആലപ്പുഴയിലെ 2 സ്‌കാനിംഗ് സെന്ററുകള്‍ ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു. സ്‌കാനിംഗ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പൂട്ടി സീല്‍ ചെയ്തത്.
നിയമപ്രകാരം സ്‌കാനിംഗിന്റെ റെക്കോര്‍ഡുകള്‍ 2 വര്‍ഷം സൂക്ഷിക്കണമെന്നാണ് നിബന്ധന. എന്നാല്‍ അന്വേഷണത്തില്‍ റെക്കോര്‍ഡുകള്‍ ഒന്നും തന്നെ ഒരു സ്ഥാപനം സൂക്ഷിച്ചിട്ടില്ലാത്തതായി കണ്ടെത്തി.
രണ്ട് സ്ഥാപനങ്ങളുടെയും ലൈസന്‍സ് റദ്ദ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ നിര്‍ദ്ദേശ പ്രകാരം ആരോഗ്യ വകുപ്പിലെ വിദഗ്ധസംഘം നടത്തുന്ന പരിശോധനകള്‍ക്കിടയിലാണ് റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവ സൂക്ഷിച്ചിട്ടില്ല എന്ന് കണ്ടെത്തിയത്.
ഇതിന്‍റെ തുടരന്വേഷണം നടക്കുകയാണ്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം തുടര്‍നടപടികളും ഉണ്ടാകും. ആലപ്പുഴയിലെ മിഡാസ്, ശങ്കേഴ്സ് എന്നീ ലാബുകളിൽ ആയിരുന്നു പരിശോധന നടന്നത്.
ആലപ്പുഴയിലെ കടപ്പുറം വനിതാ-ശിശു അശുപത്രിയിലെ ഗർഭിണിയുടെ ചികിത്സയിൽ പിഴവ് ഉണ്ടായി എന്ന പരാതിയെ തുടർന്ന് വിശദമായ അന്വേഷണം നടത്താൻ ഡിഎംഒയുടെ നേതൃത്വത്തിൽ മറ്റൊരു സംഘത്തെ കൂടി നിയോഗിച്ചിരുന്നു.
സമഗ്ര അന്വേഷണത്തിന് നേരത്തെ ആരോഗ്യവകുപ്പ് മന്ത്രിയും നിർദ്ദേശം നൽകിയിരുന്നു.