New Update
/sathyam/media/media_files/2025/08/01/5c6b7c8c-3b59-4042-9ed2-4cc9ff1ffbb9-2025-08-01-20-48-57.jpg)
കോട്ടയം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ പുതിയ ഉച്ചഭക്ഷണ മെനു എല്ലാ സ്‌കൂളുകളിലും നടപ്പിലായില്ല. എന്നാല്‍, പല സ്‌കൂളുകളും ദിവസങ്ങള്‍ക്കു മുന്‍പുതന്നെ പുതിയ മെനു പ്രകാരമുള്ള ഭക്ഷണം നല്‍കി തുടങ്ങി.
ബാക്കിയുള്ള സ്‌കൂളുകളില്‍ വരും ദിവസങ്ങളിലും പുതിയ മെനുപ്രകാരമുള്ള ഭക്ഷണം നല്‍കിത്തുടങ്ങുമെന്നാണു സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിവരം..
വെള്ളിയാഴ്ച പല സ്‌കൂളുകളിലും കുട്ടികള്‍ക്കു എഗ് ഫ്രൈഡ് റൈസും ലെമണ്‍ റൈസുമൊക്കെയാണു നല്‍കിയത്. ഒപ്പം പുതിനയില ചമ്മന്തിയും സാലഡും പപ്പടവും ഉണ്ടായിരുന്നു. പുതിയ മെനുവില്‍ കുട്ടികളും സംതൃപ്തരാണ്.
എന്നാല്‍, ഉച്ചഭക്ഷണത്തിനുള്ള ഫണ്ട് കണ്ടെത്താന്‍ സാധിക്കാതെ പോയ സ്‌കൂളുകളിലാണ് പുതിയ പരിഷ്‌കാരം നടക്കാതെ പോയത്.
ലെമണ്‍ റൈസ്, ടൊമാറ്റോ റൈസ് തുടങ്ങി പുതിയ വിഭവങ്ങള്‍ ഉള്‍പ്പെടുന്ന മെനു നിര്‍ബന്ധമായും നടപ്പാക്കണം എന്നാണു വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം.
റൈസുകളോടൊപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ ഇവ ചേര്‍ത്ത ചമ്മന്തിയും വേണമെന്നു നിര്‍ദേശമുണ്ട്. മറ്റ് ദിവസങ്ങളില്‍ റാഗിയോ മറ്റ് ചെറുധാന്യങ്ങളോ ഉപയോഗിച്ചുണ്ടാക്കുന്ന പായസമോ വ്യത്യസ്തവിഭവങ്ങളോ ഒരുക്കും.
ഒന്നു മുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികളാകും ഉച്ചഭക്ഷണത്തിന് അര്‍ഹരാകുക. കുട്ടികളില്‍ ശരിയായ പോഷണത്തിന്റെ കുറവുമൂലം 39 ശതമാനം വിളര്‍ച്ചയും 38 ശതമാനം അമിതവണ്ണവും കാണുന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണു പുതിയ വിഭവങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.
എന്നാല്‍, ഉച്ചഭക്ഷണത്തിനു സര്‍ക്കാര്‍ ഒരു രൂപ പോലും കൂട്ടിയില്ല. പരിഷ്‌കരിച്ച മെനു നടപ്പാക്കാനുള്ള സാമ്പത്തിക സഹായം കൂടി സര്‍ക്കാര്‍ അനുവദിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിട്ടില്ല.
നിലവിലുള്ള ഫണ്ടിന്റെ പരിധിയില്‍നിന്നുകൊണ്ടുതന്നെ പ്രധാനാധ്യാപകര്‍ നടപ്പാക്കണമെന്നുമാണു സര്‍ക്കാര്‍ ഉത്തരവ്. ഇത് തങ്ങള്‍ക്ക് അധിക ബാധ്യത ഉണ്ടാക്കുമെന്നും അധ്യാപകര്‍ പറയുന്നു.