തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് സൗജന്യ യാത്രാ സൗകര്യം ഒരുക്കി കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിയുടെ പത്ത് ഇലക്ട്രിക്ക് ബസ്സുകളാണ് കലോത്സവത്തിനായി സര്‍വീസ് നടത്തുന്നത്.
വിവിധ വേദികളെ ബന്ധിപ്പിച്ച് രാവിലെ 8 മണി മുതല്‍ രാത്രി 9 മണിവരെയാണ് കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് നടത്തുന്നത്. വേദികളില്‍ നിന്നും പുത്തരിക്കണ്ടം മൈതാനത്തെ ഭക്ഷണ കേന്ദ്രത്തിലേക്കാണ് പ്രധാനമായും ബസ് സര്‍വീസ്.
സൗജന്യ യാത്രാ സൗകര്യം
നെയ്യാറ്റിന്‍കര എം എല്‍ എ കെ.ആന്‍സലന്റെ നേതൃത്വത്തില്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്മിറ്റിയുടെ കീഴിലാണ് ഈ ഇലക്ട്രിക്ക് ബസുകളുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
കെഎസ്ആര്‍ടിസിയുടെ സര്‍വീസുകള്‍ക്ക് പുറമെ ജില്ലയിലെ സ്‌കൂള്‍ ബസ്സുകളും കലോത്സവത്തിനായി സജ്ജീകരിച്ചിട്ടുണ്ട്.
'മുന്‍ വര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാത്രമാണ് ബസ് സര്‍വീസുകള്‍ ഒരുക്കിയിരുന്നത്.
എന്നാല്‍ ഈ കലോത്സവത്തിന് കുട്ടികള്‍ക്ക് മാത്രമല്ല അവരുടെ അധ്യാപകര്‍ക്കും പരിശീലകര്‍ക്കും കാണികള്‍ക്കും സൗജന്യ യാത്രാ സൗകര്യമാണ് ഒരുക്കിയിക്കുന്നതെന്ന് ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്മിറ്റിയുടെ കണ്‍വീനറായ ഡോ. റോയ് ബി ജോണ്‍ പറഞ്ഞു.
കലോത്സവത്തിന്റെ സുഗമയായ നടത്തിപ്പിന് കെ എസ് ആര്‍ ടി സിയും ഗതാഗത വകുപ്പും നടത്തുന്ന പ്രവര്‍ത്തങ്ങള്‍ സ്വാഹതാര്‍ഹമാണെന്നും ഡോ. റോയ് ബി ജോണ്‍ കൂട്ടിച്ചേര്‍ത്തു.