സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മാർ​ഗരേഖ സമർപ്പിച്ച് സംസ്ഥാന സർക്കാർ

സ്കൂളിന്റെ പരിസരങ്ങൾ കാടുപിടിച്ചോ വെള്ളം കെട്ടിക്കിടക്കുന്നതോ ആവരുത്. പാമ്പോ വന്യമൃഗങ്ങളോ കടന്നു വരാനുള്ള സാഹചര്യങ്ങൾ ഇല്ലാതിരിക്കണം

New Update
school students22

കൊച്ചി:  സ്കൂൾ കെട്ടിടങ്ങളുടെ ഉറപ്പും പരിസരങ്ങളുടെ ശുചീകരണവും ജീവനക്കാർക്കു പ്രഥമശുശൂഷാ പരിശീലനവും അടക്കം, വിദ്യാർഥികളുടെ സുരക്ഷയ്ക്കും പാമ്പു കടിയേൽക്കുന്നത് അടക്കമുള്ള അപകടങ്ങൾ ഒഴിവാക്കാനും വിശദ നിർദേശങ്ങളുമായി സർക്കാർ. ഇന്നലെ ഹൈക്കോടതിയിൽ സമർപ്പിച്ച കരടു മാർഗരേഖയിലാണ് കർശന സുരക്ഷാ മുന്നൊരുക്കങ്ങളെപ്പറ്റി നിർദേശങ്ങളുള്ളത്. ബത്തേരിയിൽ സ്കൂൾ വിദ്യാർഥിക്ക് പാമ്പു കടിയേറ്റ സാഹചര്യത്തിൽ സ്കൂളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ കുളത്തൂർ ജയ്സിങ് സമര്‍പ്പിച്ച ഹർജി ചീഫ് ജസ്റ്റിസിനു മുമ്പാകെയുണ്ട്. 

Advertisment

കോടതി നിർദേശ പ്രകാരം ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗത്തിലാണ് കരട് മാർഗരേഖയ്ക്ക് രൂപമായത്. എല്ലാ വകുപ്പുകളുമായും ചർച്ച നടത്തിയ ശേഷം മാർഗരേഖയിലെ നിർദേശങ്ങൾ അന്തിമമാക്കുമെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നു.

മാർ​ഗരേഖയിലെ പ്രധാന നിർദ്ദേശങ്ങൾ

കെട്ടിടങ്ങളുടെ ഉറപ്പ്, ക്ലാസ് മുറികളുടെ അവസ്ഥ, ശുചിമുറികൾ, വൈദ്യുതി, ചുറ്റുമതിൽ തുടങ്ങിയ കാര്യങ്ങളിൽ എല്ലാ സ്കൂളുകളും സുരക്ഷാ ഓഡിറ്റ് നടത്തണം. തുറന്ന കുഴികൾ, തകർന്ന തറ, വൈദ്യുതി വയറുകൾ, ഉറപ്പില്ലാത്ത വാതിലും ജനാലകളും അടക്കമുള്ളവ നന്നാക്കണം. സ്കൂളിന്റെ പരിസരങ്ങൾ കാടുപിടിച്ചോ വെള്ളം കെട്ടിക്കിടക്കുന്നതോ ആവരുത്. പാമ്പോ വന്യമൃഗങ്ങളോ കടന്നു വരാനുള്ള സാഹചര്യങ്ങൾ ഇല്ലാതിരിക്കണം. സുരക്ഷിതമല്ലാത്ത ഇടങ്ങളിൽ കുട്ടികൾ കടന്നു ചെല്ലുന്നില്ലെന്ന് ഉറപ്പാക്കണം.

∙ എല്ലാ സ്കൂളുകളിലും പ്രഥമശുശ്രൂഷാ സംവിധാനം ഉണ്ടാകണം. സിപിആർ അടക്കമുള്ള പ്രഥമ ശുശ്രൂഷയിൽ 2 ജീവനക്കാരെങ്കിലും പരിശീലനം നേടിയിരിക്കണം. എല്ലാ സ്കൂളു‍കൾക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായോ താലൂക്ക് ആശുപത്രികളുമായോ സഹകരിച്ച് ഒരു ‘ചൈൽഡ് എമർജൻസി മെഡിക്കൽ റെസ്പോൺസ് പ്ലാൻ’ ഉണ്ടായിരിക്കണം. ആശുപത്രികളുടേയും ആന്റി വെനം ലഭ്യമായ ആരോഗ്യകേന്ദ്രങ്ങളുടെയും പട്ടിക സ്കൂളിലുണ്ടാവണം. വനംവകുപ്പുമായി ചേർന്ന് അംഗീകൃത പാമ്പു പിടുത്തക്കാരുെടയും പാമ്പിനെ കൈകാര്യം ചെയ്യുന്നവരുടെയും പട്ടിക തയാറാക്കണം. പാമ്പുകള്‍, എലി പോലുള്ളവ തുടങ്ങിയവ സ്കൂളിലേക്ക് കടക്കാൻ സാധ്യതയുള്ള എല്ലായിടവും അടയ്ക്കണം. മഴക്കാലത്തിനും അധ്യയന വർഷം ആരംഭിക്കുന്നതിനും മുൻപ് സ്കൂൾ പരിസരം വൃത്തിയാക്കിയിരിക്കണം. വൃത്തിയും എല്ലാ സൗകര്യങ്ങളുമുള്ള ശുചിമുറികൾ ഉറപ്പാക്കിയിരിക്കണം. പാമ്പുകടി, അഗ്നിബാധ, വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങിയ സാഹചര്യങ്ങളെ നേരിടാനുള്ള മോക് ഡ്രില്ലുകൾ സ്കൂളുകൾ നടത്തണം.

students
Advertisment