/sathyam/media/media_files/2025/07/25/2633674-sivankutty-2025-07-25-21-55-54.webp)
തിരുവനന്തപുരം: മുസ്ളിം സംഘടനകളുടെ ശക്തമായ എതിർപ്പ് അവഗണിച്ച് സ്കൂൾ സമയമാറ്റവുമായി മുന്നോട്ട് പോകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. മുസ്ളിം സംഘടനകളുമായി നടത്തിയ ചർച്ചക്ക് ശേഷം മന്ത്രി വി.ശിവൻകുട്ടിയാണ് സമയമാറ്റത്തിൽ മാറിച്ചിന്തിക്കില്ലെന്ന് വ്യക്തമാക്കിയത്.
സ്കൂൾ പ്രവർത്തി സമയത്തിൽ കൊണ്ടു വന്ന മാറ്റം ഈ അധ്യയന വർഷം അതേ രീതിയിൽ തുടരുമെന്നാണ് മന്ത്രിയുടെ അറിയിപ്പ്. അടുത്ത വർഷം മാറ്റം ആലോചിക്കാമെന്നാണ് സമസ്ത ഉൾപ്പെടെയുള്ള സമുദായ സംഘടന നേതാക്കൾക്ക് മന്ത്രി നൽകിയിരിക്കുന്ന ഉറപ്പ്.
അടുത്തവർഷം വീണ്ടും ചർച്ച നടത്താമെന്ന് മന്ത്രി ഉറപ്പുനൽകിയെന്നാണ് ചർച്ചക്ക് ശേഷമുളള സമസ്ത നേതാക്കൾ നടത്തിയ പ്രതികരണം. പ്രവർത്തി സമയത്തിൽ വരുത്തിയ മാറ്റം പുനപരിശോധിക്കാൻ കഴിയത്ത സാഹചര്യം സംഘടനകളെ മന്ത്രി വി.ശിവൻകുട്ടി ബോധ്യപ്പെടുത്തി.
''സ്കൂൾ പ്രവർത്തി സമയം അരമണിക്കൂർ നീട്ടാനായിരുന്നു തീരുമാനം. പ്രതിഷേധങ്ങളും പരാതികളും സർക്കാരിൻെറ മുന്നിൽ വന്നു. പ്രതിഷേധങ്ങൾ അവഗണിച്ച് മുന്നോട്ട് പോകാൻ വകുപ്പിന് താല്പര്യമില്ല.
എല്ലാ സംഘടനകളുടെയും അഭിപ്രായം കേട്ടു. ഏത് സാഹചര്യത്തിലാണ് തീരുമാനം എടുത്തതെന്ന് എല്ലാവരോടും വിശദീകരിച്ചിട്ടുണ്ട്. ഭൂരിപക്ഷം പേരും സർക്കാർ തീരുമാനം അംഗീകരിച്ചുവെന്നാണ് മനസിലാക്കുന്നത്'' മന്ത്രി വി.ശിവൻകുട്ടി പ്രതികരിച്ചു.
സ്കൂൾ പ്രവർത്തി സമയം രാവിലെ 10 മണിയിൽ നിന്ന് 09.45 മണിയിലേക്കാണ് മാറ്റിയിരിക്കുന്നത്. 10 മണിക്ക് തുടങ്ങേണ്ട ക്ലാസ്സ് 9.45 ന് ആരംഭിക്കും. വൈകുന്നേരം 4 മണിക്ക് അവസാനിച്ചിരുന്ന ക്സാസ് 4.15വരെ നീട്ടുകയും ചെയ്തിട്ടുണ്ട്.
ഒരു അധ്യയന വർഷം 1100 മണിക്കൂർ ക്ലാസ് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് സർക്കാർ വിദഗ്ധസമിതിയെ നിയോഗിച്ചത്. അഞ്ചംഗം സമിതിയാണ് സമയമാറ്റത്തെ കുറിച്ച് പഠനം നടത്താൻ നിയോഗിച്ചത്.
സമിതിയുടെ റിപോർട്ട് പരിഗണിച്ചാണ് സമയമാറ്റത്തിൽ തീരുമാനം എടുത്തത്. സമയമാറ്റത്തിൽ പുന:പരിശോധന നടത്താൻ കഴിയാത്ത നിസ്സഹായത ബോധ്യപ്പെട്ടെന്ന് കാന്തപുരം അബൂബക്കർ നേതൃത്വം നൽകുന്ന എ.പി സുന്നി വിഭാഗം അറിയിച്ചു.
ഈ അധ്യയന വർഷം പ്രശ്നപരിഹാരം ഉണ്ടാക്കാൻ സാധിക്കാത്ത നിസ്സഹായത സർക്കാർ ബോധ്യപ്പെട്ടുവെന്നും അത് അംഗീകരിക്കുന്നുവെന്നും എ.പി.സുന്നി വിഭാഗത്തെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്ത സിദ്ദിഖ് സഖാഫി പ്രതികരിച്ചു.
ഇ.കെ.സുന്നി വിഭാഗവും പ്രശ്നം ബോധ്യപ്പെട്ടുവെന്ന തരത്തിലാണ് ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ചത്.സമസ്തയെ പ്രതിനീധികരിച്ച് ഉമർ ഫൈസി മുക്കമാണ് ചർച്ചയിൽ പങ്കെടുത്തത്. ആകെ 22 സ്കൂൾ മാനേജ്മെന്റ് സംഘടനകളാണ് വിദ്യാഭ്യാസ മന്ത്രിയുമായുളള ചർച്ചയിൽ പങ്കെടുത്തത്.
സമയമാറ്റം വരുത്തിയ തീരുമാനം മതപഠനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മുസ്ളിം സംഘടനകൾ ഒന്നടങ്കം തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
മതപഠനം തടസപ്പെടുത്താൻ സർക്കാർ ബോധപൂർവം നടത്തുന്ന ഇടപെടലാണ് പ്രവർത്തി സമയമാറ്റമെന്നും ചില സംഘടനാ നേതാക്കൾ ആരോപിച്ചിരുന്നു.
സ്കൂള്‍ സമയമാറ്റത്തിൽ സർക്കാരിന് മുന്നിൽ ബദല്‍ നിർദേശങ്ങൾ വെക്കാനും സമസ്തയുടെ ആലോചിച്ചിരുന്നു. സമയമാറ്റത്തിലെ അധിക അരമണിക്കൂര്‍ വൈകിട്ടത്തേക്ക് മാറ്റുന്നത് ഉൾപ്പെടെയുളള നിർദ്ദേശങ്ങളാണ് സമസ്ത മുന്നോട്ടുവെച്ചത്.
പാദ വാർഷിക, അർധ വാർഷിക മധ്യവേനലവധികൾ കുറച്ച് സമയം കൂട്ടാമെന്നായിരുന്നു സമസ്തയുടെ നിർദ്ദേശം. തീരുമാനത്തിൽ മാറ്റം വരുത്താനാകില്ലെന്ന് സർക്കാർ നിലപാടെടുത്തിരിക്കുന്നത് കൊണ്ട് ചർച്ചക്കുളള ക്ഷണം സ്വീകരിക്കണോയെന്നുപോലും സമസ്ത നേതൃത്വം പ്രതികരിച്ചിരുന്നു.
സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിലായി 12ലക്ഷത്തോളം കുട്ടികളാണ് സമസ്തയുടെ മദ്രസകളിൽ മതവിദ്യഭ്യാസം നേടുന്നത്. ഇത്രയും കുട്ടികളുടെ മതപഠനത്തെ ബാധിക്കുന്ന പ്രശ്നത്തിൽ വിട്ടുവീഴ്ചയില്ലെന്നായിരുന്നു സമസ്ത നേതാക്കൾ പറഞ്ഞിരുന്നത്.
സ്കൂൾ സമയ മാറ്റം പുന:പരിശോധിക്കാനാവില്ലെന്ന സർക്കാർ നിലപാട് ബോധ്യപ്പെട്ടുവെന്ന് പ്രതികരിച്ചാണ് സമസ്തയും കാന്തപുരം വിഭാഗവും മടങ്ങിപ്പോയിരിക്കുന്നത്. എന്നാൽ ഇതുതന്നെയാണോ അന്തിമ നിലപാടെന്ന് വ്യക്തമല്ല.
സ്കൂൾ സമയമാറ്റത്തിനോട് മുസ്ളിം സംഘടനകൾ പ്രകടിപ്പിച്ച എതിർപ്പ് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. സമസ്ത വെച്ച ബദൽ നിർദ്ദേശം ഓണം, ക്രിസ്തുമസ് അവധികൾ കവർന്നെടുക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപിക കടുത്ത ഭാഷയിൽ മുഖപ്രസംഗം എഴുതിയിരുന്നു.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനും മുസ്ളിം സംഘടനകളുടെ എതിർപ്പിനെ രൂക്ഷമായി വിമർശിച്ചിരുന്നു. സർക്കാർ എന്തുതീരുമാനവും എടുക്കുന്നതിന് മുൻപ് മലപ്പുറത്ത് പോയി അനുമതി വാങ്ങണോ എന്ന ചോദ്യമാണ് വെളളാപ്പളളി ഉയർത്തിയത്.
സമൂഹത്തിൽ സ്പർധ വളർത്തുന്ന തലത്തിലേക്ക് വിമർശനം മാറിയതോടെയാണ് മുസ്ളിം സംഘടനകൾ സമയമാറ്റത്തിന് എതിരായ നിലപാടിൽ നിന്ന് പിന്നോട്ട് പോയതെന്നാണ് സൂചന.
തങ്ങളുടെ നിലപാട് മൂലം സമൂഹത്തിന് ദോഷം ഉണ്ടായിക്കൂടെന്ന നിലപാടാണ് പണ്ഡിതവര്യന്മാർ അഭിപ്രായപ്പെടുന്നത്. ഇതും സർക്കാരിനോട് വിട്ടുവീഴ്ച ചെയ്യാൻ മുസ്ളിം സംഘടനകളെ പ്രേരിപ്പിച്ചിട്ടുണ്ട്.