/sathyam/media/media_files/2024/11/10/YJYWWuiDLcLa401pINvC.jpg)
കൊച്ചി: വിനോദ സഞ്ചാരമേഖലയ്ക്ക് പുത്തൻ കുതിപ്പേകി ബോൾഗാട്ടിയിലെ കായൽപ്പരപ്പിലേക്ക് സീ പ്ലെയിന്‍ പറന്നിറങ്ങിയപ്പോൾ കേരളത്തിൻെറ ചരിത്രത്തിൽ നിന്ന് ഉയർന്ന് പൊങ്ങുന്നത് ഇടതുപക്ഷത്തിൻെറ ഇരട്ടത്താപ്പ്.
2013 ഉമ്മൻ ചാണ്ടി സർക്കാരിൻെറ കാലത്ത് ടൂറിസം മന്ത്രി എ.പി. അനിൽ കുമാർ സീ പ്ലെയിന്‍ പദ്ധതി സംസ്ഥാനത്ത് ആദ്യമായി കൊണ്ടുവന്നപ്പോൾ നഖശിഖാന്തം എതിർത്ത് പരാജയപ്പെടുത്തിയവരാണ് കേരളത്തിലെ ഇടത് പക്ഷം.
കായലുകളിൽ നിന്ന് മീൻപിടിച്ച് ജീവിക്കുന്ന മത്സ്യതൊഴിലാളികളെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടതുപക്ഷം സീ പ്ലെയിന്‍ പദ്ധതിക്ക് തുരങ്കം വെച്ചത്.
ആലപ്പുഴയിൽ വേമ്പനാട്ട് കായലിലും കോട്ടയത്തെ കുമരകത്തും കൊല്ലത്തെ അഷ്ടമുടിയിലും കാസർകോട്ടെ ബേക്കലിലും ഫ്ളോട്ടിങ്ങ് ജെട്ടികളും വാട്ടർഡ്രോമുകളും സജ്ജമാക്കിയ ശേഷമാണ് ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെ എതിർപ്പിനെ തുടർന്ന് ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന സീ പ്ലെയിന്‍ പദ്ധതി പൊലിഞ്ഞുപോയത്.
അന്ന് പദ്ധതിയെ ശക്തിയുക്തം എതിർത്ത ആലപ്പുഴയിലെ സി.പി.ഐ നേതാവും എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റുമായ ടി.ജെ. ആഞ്ചലോസിനെ പോലുളള നേതാക്കൾക്കൊന്നും ഇപ്പോൾ മിണ്ടാട്ടമില്ല.
ബോൾഗാട്ടി കായലിലിൽ ഇറങ്ങിയപ്പോൾ ഉമ്മൻചാണ്ടി സർക്കാരിൻെറ കാലത്ത് എതിർപ്പിൻെറ മുദ്രാവാക്യം ഉയർത്തിയവരെല്ലാം നിർന്നിമേഷരായി നോക്കി നിൽക്കുകയായിരുന്നു എന്നാണ് യു.ഡി.എഫ് നേതാക്കളുടെ പരിഹാസം.
ആദ്യം എതിർപ്പ് ഉയർത്തിയിരുന്നെങ്കിലും കൊല്ലത്തെ മത്സ്യതൊഴിലാളി സംഘടനകൾ പിന്നീട് അതിൽ നിന്ന് പിന്മാറിക്കൊണ്ട് പദ്ധതിയെ അനുകൂലിച്ചു. എന്നാൽ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ മത്സ്യ തൊഴിലാളികളുടെ സംഘടനകൾ പദ്ധതി അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു.
അന്ന് എ.ഐ.ടി.യു.സിയുടെ തലപ്പത്തുണ്ടായിരുന്ന കാനം രാജേന്ദ്രനെ കൂട്ടുപിടിച്ചുകൊണ്ടാണ് സി.പി.ഐ ജില്ലാ സെക്രട്ടറി കൂടിയായ ടി.ജെ. ആഞ്ചലോസ് പദ്ധതി പൊളിക്കാനിറങ്ങിയത്.
അന്ന് സീ പ്ലെയിന്‍ പദ്ധതിയുമായി വന്ന കൈരളി ഏവിയേഷൻ എന്ന കമ്പനിയിൽ നിന്ന് 'ഗുണം' കിട്ടാത്തത് കൊണ്ടാണ് സി.പി.ഐയുടെ തൊഴിലാളി സംഘടന സീ പ്ലെയിന്‍ പദ്ധതിയെ പ്രതികാര മനോഭാവത്തോടെ നോക്കികണ്ട് പൊളിച്ചതെന്നാണ് അന്ന് ഉയർന്ന ആക്ഷേപം.
അന്ന് പദ്ധതിക്ക് പാരവെച്ചവർ ഇന്ന് പദ്ധതിക്ക് പരവതാനി വിരിക്കുമ്പോൾ അത് രാഷ്ട്രീയ ഇരട്ടത്താപ്പിൻെറ നേർസാക്ഷ്യമായി മാറുകയാണ്.
പ്രതിപക്ഷത്തിരിക്കുമ്പോൾ എന്തിനെയും ഏതിനെയും കണ്ണടച്ച് എതിർക്കുന്ന സമീപനം പ്രകടിപ്പിക്കുന്നവർ ഭരണത്തിൽ വരുമ്പോൾ വികസനത്തിൻെറ അപോസ്തലന്മാരായി മാറുമെന്നത് ഇടതുപക്ഷത്തിനെതിരെ പണ്ടേയുളള ആക്ഷേപമാണ്. അത് ശരിവെയ്ക്കുന്നതാണ് സീ പ്ലെയിന്‍ പദ്ധതിയുടെ കേരളത്തിൻെറ അനുഭവം.
ഉമ്മൻചാണ്ടി സർക്കാരിൻെറ കാലത്ത് തന്നെ പദ്ധതി തുടങ്ങിയിരുന്നുവെങ്കിൽ കേരളത്തിലെ ടൂറിസം മേഖലകളിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തുമായിരുന്നു. അതുവഴി സംസ്ഥാനത്തിൻെറ സമ്പദ് ഘടനയും വളരുമായിരുന്നു.
എന്നാൽ എല്ലാ ക്രമീകരണങ്ങളും ഒരുക്കി കൊണ്ട് ഉൽഘാടനം ചെയ്യപ്പെട്ട പദ്ധതിയാണ് തൊഴിലാളി യൂണിയനുകളുടെ അന്ധമായ രാഷ്ട്രീയ എതിർപ്പ് മുലം ടേക്കോഫ് ചെയ്യാനാവാതെ പോയത്.
വിലപ്പെട്ട 11 വർഷങ്ങൾ കടന്നുപോയ ശേഷം ഇപ്പോൾ സീ പ്ലെയിന്‍ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കുന്നവർ പഴയ വിരുദ്ധ സമീപനത്തെപ്പറ്റി ഓർക്കുന്നതെങ്കിലും നന്നായിരിക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ഉമ്മൻ ചാണ്ടി സർക്കാരിൻെറ കാലത്ത് ടൂറിസം വകുപ്പിന് കീഴിലുളള കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചറിൻെറ നേതൃത്വത്തിലാണ് സീ പ്ലെയിന്‍ പദ്ധതി കൊണ്ടുവന്നത്. വിദേശ രാജ്യങ്ങളിൽ പ്രചാരത്തിലുളള പദ്ധതി സംസ്ഥാനത്തും കൊണ്ടുവരിക വഴി കൂടുതൽ സഞ്ചാരികളെ ആകർഷിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ട്രേഡ് യൂണിയൻ എതിർപ്പിൽ പൊലിയാനായിരുന്നു വിധി.