സീപ്ലെയിൻ പദ്ധതിക്ക് തുടക്കത്തിലേ കല്ലുകടി. മാട്ടുപ്പെട്ടി ഡാമിൽ വിമാനം ഇറക്കിയാൽ കാട്ടാനക്കൂട്ടം ഇളകുമെന്ന് വനംവകുപ്പ്‌. ആലപ്പുഴയില്‍ സി.പി.എം എം.എൽ.എയുടെ നേതൃത്വത്തിൽ സീ പ്ലെയിനിനോട് എതിർപ്പ്. മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയെന്ന നിലപാടിൽ മാറ്റമില്ലെന്ന് എം.എൽ.എ. ഉൾനാടൻ മത്സ്യബന്ധനമേഖല തകരുമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷനും. പദ്ധതിക്കെതിരേ ജനകീയ സമരവും വരുന്നു

ഇടത് സർക്കാരിന്റെ സീപ്ലെയിന് തുടക്കത്തിലേ കല്ലുകടി

New Update
seaplane kochi kerala

തിരുവനന്തപുരം: ഉമ്മൻചാണ്ടി സർക്കാരിന്റെ പദ്ധതിയായിരുന്ന സീപ്ലെയിൻ റദ്ദാക്കിയിട്ട് വർഷങ്ങൾക്ക് ശേഷം അതേ പദ്ധതി പൊടിതട്ടിയെടുത്ത് നടപ്പാക്കുന്ന ഇടത് സർക്കാരിന്റെ സീപ്ലെയിന് തുടക്കത്തിലേ കല്ലുകടി.

Advertisment

സീപ്ലെയിനിൽ സഞ്ചരിക്കുന്നവരും പ്രദേശവാസികളും സൂക്ഷിക്കണമെന്നും വിമാനത്തിന്റെ ശബ്ദം കേട്ട് കാട്ടാനക്കൂട്ടം പരിഭ്രാന്തരായി ജനവാസ മേഖലയിൽ ഇറങ്ങുമെന്നും വനം വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതോടെ ഇടുക്കിയിലെ സീപ്ലെയിൻ പദ്ധതി അനിശ്ചിതത്വത്തിലാണ്.


മൂന്ന് കിലോമീറ്റർ വിശാലമായിക്കിടക്കുന്ന ജലപ്പരപ്പാണ് മാട്ടുപ്പെട്ടി ഡാമിലേത്. എല്ലാ കാലത്തും വെള്ളമുണ്ടെന്നുള്ളതാണ് വലിയ പ്രത്യേകത. ഇവിടേക്ക് വെള്ളം കുടിക്കാൻ കാട്ടാനക്കൂട്ടം പതിവായി എത്താറുണ്ട്. ഡാം ആനത്താരയുടെ ഭാഗമാണെന്നതാണ് വനം വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.


ആനകൾ ഡാം മുറിച്ചുകടന്ന് ഇക്കോ പോയിന്റിലേക്ക് ഇറങ്ങുന്നുണ്ട്. വിമാനം ഇറങ്ങുന്നത് ആനകളിൽ പ്രകോപനമുണ്ടാക്കാൻ കാരണമാകുമെന്ന്  സീപ്ലെയിൻ പദ്ധതിയിൽ മാട്ടുപ്പെട്ടി ഡാമിനെ ഉൾപ്പെടുത്തിയതിനെ എതിർത്ത് വനംവകുപ്പ് പറയുന്നു. ഡാമിൽ താത്ക്കാലികമായ ഒരു ബോട്ടുജെട്ടി ക്രമീകരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.

ഇരട്ട എൻജിനുള്ള 19 സീറ്റർ വിമാനമാണ് സീ പ്ലെയിൻ സർവീസിനായി ഉപയോഗിക്കുന്നത്. ഏത് ചെറു ജലാശയത്തിലും എളുപ്പത്തിൽ ഇറക്കാൻ സാധിക്കുമെന്നതാണ് ഈ വിമാനത്തിന്റെ പ്രത്യകത. ചെറുവിമാനത്താവളങ്ങളേയും ജലാശയങ്ങളേയും ബന്ധിപ്പിക്കുകയെന്നതാണ് സീ പ്ലെയിൻ പദ്ധതിയുടെ ലക്ഷ്യം.


 കൊച്ചിയിൽ നിന്ന് മൂന്നാറിലെത്താൻ വെറും 30 മിനുട്ട് മതിയെന്നതാണ് ഈ പദ്ധതിയുടെ പ്രധാന ആകർഷണം. ഈ പദ്ധതിയെയാണ് വനംവകുപ്പ് എതിർക്കുന്നത്. ആനകളുടെ വിഹാരകേന്ദ്രമാണ് മാട്ടുപ്പെട്ടി ഡാം മേഖലയെന്നും ഡാമിലെ ലാന്റിംഗ് ആനകൾക്ക് തിരിച്ചടിയാകുമെന്നും ചൂണ്ടിക്കാണിച്ചാണ് വനംവകുപ്പ് ആശങ്ക പങ്കുവെച്ചത്.


സീപ്ലെയിനിനെ എതിർത്ത് മത്സ്യത്തൊഴിലാളികളും രംഗത്തെത്തിയിട്ടുണ്ട്. ആലപ്പുഴയിൽ മത്സ്യത്തൊഴിലാളികളെ ബാധിക്കുമെന്നതിനാലാണ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സീ പ്ലെയിനിനെ എതിർത്തതെന്നും ഇപ്പോഴും ആ നിലപാടിൽ മാറ്റമില്ലെന്നും പി.പി. ചിത്തരഞ്ജൻ എം.എൽ.എ പറഞ്ഞു.

യു.ഡി.എഫ് കാലത്ത് സീ പ്ലെയിനിനെ എതിർത്ത് സമരം ചെയ്തവരിൽ പ്രധാനിയാണ് ചിത്തരഞ്ജൻ. ഭരണപക്ഷത്ത് നിന്ന് സീ പ്ലെയിനിന് എതിർപ്പുണ്ടായതോടെ കാര്യങ്ങൾ തകിടം മറിയുമെന്ന ആശങ്കയുണ്ട്.  

സീ പ്ലെയ്ൻ പദ്ധതി ഉൾനാടൻ മത്സ്യബന്ധനമേഖലയുടെ തകർച്ചയ്ക്ക് കാരണമാകുമെന്ന് അഖില കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ വ്യക്തമാക്കി. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടപ്പിലാക്കുവാൻ ശ്രമിച്ച പദ്ധതി സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി സംഘടനകളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ഉപേക്ഷിക്കപ്പെട്ടതാണ്.


പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറും വരെ സമാനചിന്താഗതിയുള്ള സംഘടനകളുമായി ചേർന്ന് ജനകീയ സമരത്തിന് നേതൃത്വം നൽകുമെന്നാണ് ഫെഡറേഷന്റെ നിലപാട്.


ഇടുക്കി മൂന്നാറിലെ മാട്ടുപ്പെട്ടി അണക്കെട്ടിനെയും വയനാട്ടിലെ ബാണാസുരസാഗർ അണക്കെട്ടിനെയും ബന്ധപ്പെടുത്തി ജലവിമാന ടൂറിസം പദ്ധതി സാധാരണക്കാരായ വിനോദ സഞ്ചാരികൾക്ക് ഗുണകരമല്ലെന്നും ആക്ഷേപമുയരുന്നുണ്ട്. വയനാട്ടിലേക്ക് 12000 രൂപയാണ് നിരക്ക്.  മത്സ്യത്തൊഴിലാളികളുടെ എതിർപ്പ് മറികടക്കാനാണ് കെ.എസ്.ഇ.ബി. നിയന്ത്രണത്തിലുള്ള അണക്കെട്ടുകളിൽ പദ്ധതി നടപ്പാക്കിയത്.

2012ൽ നടന്ന എമർജിങ് കേരള നിക്ഷേപക സംഗമത്തിലാണ് സീ പ്ലെയിൻ പദ്ധതി ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. കരയിലും ജലത്തിലും പറക്കുന്ന വിമാന സർവീസ് നടപ്പായാൽ കേരളത്തിലെ വിനോദസഞ്ചാരരംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നായിരുന്നു വിലയിരുത്തൽ.


2013ൽ പുന്നമട, ബേക്കൽ, കൊച്ചി, കുമരകം എന്നിവിടങ്ങളിലായി തുടക്കമിട്ട പദ്ധതി മത്സ്യത്തൊഴിലാളികളുടെ എതിർപ്പുകാരണം നടക്കാതായി. ഉൾനാടൻ മത്സ്യബന്ധനത്തെ തകർക്കുന്ന ജലവിമാന സർവീസ് വേണ്ടെന്നായിരുന്നു അവരുടെ വാദം.


കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന കമ്പനിക്കായിരുന്നു പദ്ധതിയുടെ ചുമതല.  കായലുകളിൽ വിമാനമിറങ്ങാൻ ഉണ്ടാക്കിയ വാട്ടർ ഡ്രോമുകൾക്ക് കാവലായി പോലീസിനെ നിയോഗിച്ചതിന് മാത്രം 2013ൽ 2.50 കോടി രൂപ ചെലവാക്കി.

 ഉമ്മൻചാണ്ടി കൊണ്ടുവന്ന സീപ്ലെയിൻ പദ്ധതി അട്ടിമറിച്ച സി.പി.എം അതേ പദ്ധതി പത്ത് വർഷത്തിന് ശേഷം തങ്ങളുടേതാക്കി നടപ്പാക്കുമ്പോൾ 11 വർഷവും 14 കോടിയും നഷ്ടപ്പെടുത്തിയെന്നാണ് കോൺഗ്രസ് ആരോപണം.


രാജ്യത്തെ ആദ്യത്തെ സീപ്ലെയിൻ പദ്ധതി 2013 ജൂണിലാണ് ഉമ്മൻ ചാണ്ടി കൊല്ലം അഷ്ടമുടിക്കായലിൽ ഫ്‌ളാഗ് ഓഫ് ചെയ്തത്. അന്ന് സി.പി.എം മത്സ്യത്തൊഴിലാളികളെ ഇറക്കി വിമാനം ആലപ്പുഴയിൽ ഇറക്കാൻ പോലും സമ്മതിച്ചില്ല.


സി.പി.എം എതിർത്ത് തകർത്ത അനേകം പദ്ധതികളിൽ സീപ്ലെയിനും ഇടംപിടിച്ചു. സീ ബേർഡ് എന്ന കമ്പനിയുടെ സീപ്ലെയിൻ 2019ൽ ബാങ്ക് ജപ്തി ചെയ്തു. ഫ്‌ളോട്ടിംഗ് ജെട്ടി, വാട്ടർ ഡ്രോം, സ്പീഡ് ബോട്ട് തുടങ്ങിയവയ്ക്ക് 14 കോടി രൂപ സംസ്ഥാന സർക്കാരും മുടക്കി. അതും വെള്ളത്തിലായി. ഗുജറാത്ത്, ആന്ധ്രാപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ പിന്നീട് സീപ്ലെയിൻ പദ്ധതി വിജയകരമായി നടപ്പാക്കി.

നെടുമ്പാശ്ശേരിയിൽ നിന്നും ലക്ഷദ്വീപിലെ കവരത്തിയിലേക്ക് സർവ്വീസ് ആരംഭിക്കുന്ന പദ്ധതിയും പൊളിഞ്ഞു. 2015ൽ എട്ട് പേർക്ക് യാത്ര ചെയ്യാവുന്ന ജലവിമാനം സ്വന്തമായി വാങ്ങിയ  'സീ പ്ലെയിൻ സീ ബേർഡ്' കമ്പനി പരീക്ഷണ പറക്കൽ നടത്തിയപ്പോൾ തന്നെ വിവാദത്തിലായി. 15 കോടി രൂപയായിരുന്നു സി പ്ലെയിൻ വിമാനത്തിന്റെ ചെലവ്.


ജലവിമാനം കായലിലോ കടലിലോ ഇറങ്ങുന്നത് മത്സ്യങ്ങൾ അടക്കമുള്ള ജലജീവികൾക്കും മൽസ്യബന്ധനത്തിനും ഭീഷണിയാകുമെന്നായിരുന്നു പ്രധാന വിമർശനം. പിന്നീട് നിരവധി ചർച്ചകൾ നടന്നെങ്കിലും ഫലമുണ്ടായില്ല. ഇതേതുടർന്ന് നാല് വർഷത്തോളമായി വിമാനം സിയാലിലെ എയർക്രാഫ്റ്റ് മെയിന്റനൻസ് ഹാങ്കറിന് സമീപം സൂക്ഷിച്ചിരിക്കുകയായിരുന്നു.


ഫെഡറൽ ബാങ്കിൽ നിന്നും വായ്പയെടുത്താണ് ജല വിമാനം വാങ്ങിയിരുന്നത്. പദ്ധതി അനിശ്ചിതത്വത്തിലായതോടെ വായ്പയും തിരിച്ചടയ്ക്കാനായില്ല. വായ്പക്ക് പുറമെ ആറ് കോടി രൂപ പിഴയുമായതോടെ വിമാനം ജപ്തി ചെയ്യാൻ ബാങ്ക് തീരുമാനിച്ചു. നിലവിലെ സർഫാസി നിയമം വിമാനം ഏറ്റെടുക്കാൻ അനുവദിക്കാത്തതിനാൽ പുതിയ ഇൻസോൾവൻസി കോഡിലെ വ്യവസ്ഥകൾ അനുസരിച്ചാണ് ബാങ്ക് ജപ്തി നടപടി പൂർത്തിയാക്കിയത്.

 'കോഡിയാക് 100 ' വിഭാഗത്തിൽപ്പെട്ട വിമാനത്തിന് കരയിൽ നിന്നും വെള്ളത്തിൽ നിന്നും പറന്നുയരാനാകുമായിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിൽ കരയിൽ നിന്നും പറന്നുയരുന്ന വിമാനം കവരത്തിയിൽ വെള്ളത്തിൽ ലാന്റ് ചെയ്യാനായിരുന്നു പദ്ധതി. ഇതിലൂടെ ലക്ഷദ്വീപിലേക്ക് വിനോദ സഞ്ചാരികളെയും കൂടുതലായി അകർഷിക്കാനാകുമെന്നും കണക്കു കൂട്ടിയിരുന്നു.

 അത്യാവശ്യ ഘട്ടങ്ങളിൽ എയർ ആംബുലൻസായും ഈ വിമാനം ഉപയോഗിക്കാനാകുമായിരുന്നു. സംസ്ഥാനത്തെ ടൂറിസം മേഖലയിൽ വൻ സാധ്യതകളുണ്ടായിരുന്ന പദ്ധതിക്ക് അകാലചരമമായിരുന്നു കേരളത്തിൽ വിധിച്ചിരുന്നത്.

Advertisment