/sathyam/media/media_files/VmAZyBEdS0eGW5kZVUtV.jpg)
കൊച്ചി: നവംബർ നാല് മുതൽ ആറ് വരെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടക്കുന്ന നാലാമത് രാജ്യാന്തര സമുദ്ര ആവാസവ്യവസ്ഥ സിമ്പോസിയത്തിന്റെ (മീകോസ് 4) ഭാഗമായി കടൽവിഭവ ഭക്ഷ്യമേള സംഘടിപ്പിക്കും.
സമുദ്രവിഭവങ്ങളുടെ രുചിവൈവിധ്യങ്ങൾ പരിചയപ്പെടുത്തുന്ന മേളയിൽ പ്രശസ്തർ നയിക്കുന്ന തത്സമയ പാചകപ്രദർശനങ്ങളുമുണ്ടാകും. പരമ്പരാഗതവും നൂതനവുമായ കടൽവിഭവങ്ങൾ ലഭ്യമാകും.
ഭക്ഷ്യസംരംഭകർ, സീഫുഡ് ബ്രാൻഡുകൾ, റെസ്റ്റോറന്റ് ഉടമകൾ എന്നിവർക്ക് അവരുടെ തനത് വിഭവങ്ങൾ ഇന്ത്യയിലും വിദേശത്തുമുള്ള സമുദ്രഗവേഷകർക്ക് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരം മേളയിലുണ്ട്. മേളയിൽ സ്റ്റാളുകൾ സ്ഥാപിക്കാൻ സംരംഭകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നൂതന കടൽവിഭവങ്ങളുമായെത്തുന്നവർക്കാണ് പരിഗണന. കൂടുതൽ വിവരങ്ങൾക്ക് ഡോ സാജു ജോർജ് ഫോൺ 9945035707.
മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എംബിഎഐ), സിഎംഎഫ്ആർഐയുമായി സഹകരിച്ചാണ് സിമ്പോസിയം സംഘടിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, ഉയരുന്ന സമുദ്ര താപനില, തുടങ്ങിയവ സമുദ്ര ആവാസവ്യവസ്ഥയിൽ സൃഷ്ടിക്കുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും സിമ്പോസിയം ഊന്നൽ നൽകും.
മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ ലോകമെമ്പാടുമുള്ള സമുദ്ര ശാസ്ത്രജ്ഞർ, ഗവേഷകർ, നയരൂപീകരണ വിദഗ്ധർ, വ്യവസായികൾ തുടങ്ങിയവർ പങ്കെടുക്കും.