/sathyam/media/media_files/2026/02/02/sea-tuttle-2026-02-02-19-48-22.jpg)
കോട്ടയം: കേന്ദ്രം പ്രഖ്യാപിച്ച കടലാമ സംരക്ഷണം കേരളത്തിനു പ്രയോജനപ്പെടില്ല. കേരളത്തിന്റെ തീരപ്രദേശം, അഴിമുഖങ്ങളും ഉള്‍ക്കടലുകളും കായലുകളും, കടല്‍ഭിത്തികളും കൊണ്ടു നിറഞ്ഞ, വൈവിധ്യമാര്‍ന്ന 590 കിലോമീറ്ററോളം നീണ്ടു കിടക്കുന്ന ആവാസ വ്യവസ്ഥയാണ്.
/sathyam/media/post_attachments/chellanam-1769017105509-ae7a6864-d3ef-4c2d-b5ff-cb6a487428c5-900x508-736171.webp)
ഇടയ്ക്കിടെ തീരത്തെത്തി മുട്ടയിട്ടു മറയുന്ന ഒലിവ് റിഡ്ലി കടലാമകള്‍ തൊട്ടു കൂടുകൂട്ടുന്നില്ലെങ്കിലും വന്നു പോകുന്ന ലെതര്‍ബാക്ക് ആമകള്‍, തെക്കന്‍ കേരള തീരത്തു കൂടുണ്ടാക്കുന്ന പച്ച ആമകള്‍ വരെ നിരവധി ആമകളും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍, 1915 ആയപ്പോഴെയ്ക്കും കേരളത്തില്‍ കടലാമകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു തുടങ്ങി.
1920-കളില്‍ ടി.എച്ച് കാമറൂണ്‍ എന്ന വിഖ്യാത എഴുത്തുകാരന്‍, കേരളത്തിലെ ലതര്‍ബാക്കു കടലാമകള്‍ കുറഞ്ഞു വരുന്ന പ്രവണത സംബന്ധിച്ച്, ഒരു പഠനം നടത്തിയിരുന്നു. പിന്നീട് ലോക വന്യജീവിനിധിക്കുവേണ്ടി 1980-ല്‍ സതീഷ് ഭാസ്‌ക്കര്‍ നടത്തിയ സര്‍വേ ആശങ്കാജനകമായ യാഥാര്‍ഥ്യം പുറത്തുകൊണ്ടുവന്നു. കടല്‍ഭിത്തികളാല്‍ ചുറ്റപ്പെട്ട കേരളത്തിന്റെ തീരപ്രദേശം ഈ ആമകള്‍ക്കു കൂടുകൂട്ടാന്‍ അനുയോജ്യമല്ലാത്ത സ്ഥലമായിമാറി എന്നു കണ്ടെത്തിയത്. മുന്‍പു സംഘടിത ആമവേട്ട സാധാരണമായിരുന്നു. പിന്നീട് കടലാമകളെ സംരക്ഷിത ഇനത്തില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ചതോടെ ആമവേട്ട നിലച്ചു. എന്നാല്‍, പിന്നീടുള്ള വര്‍ഷങ്ങളില്‍ കേരളത്തില്‍ കടല്‍ ഭിത്തി നിര്‍മാണം വ്യാപകമായി. ചെല്ലാനത്തു രണ്ടാം ഘട്ട ടെട്രാപോഡ് പദ്ധതിക്കും തുടക്കമായിട്ടുണ്ട്.
കടല്‍ ഭിത്തികള്‍ ഇല്ലാത്ത ഭാഗങ്ങള്‍ കേരളത്തില്‍ കുറവാണെന്നു തന്നെ പറയാം. കോഴിക്കോട് തിക്കോടി, തൃശ്ശൂര്‍, ആലപ്പുഴ തോട്ടപ്പള്ളി തീരങ്ങളിലാണ് ഇപ്പോള്‍ അപൂര്‍വമായെങ്കിലും ആമകള്‍ എത്തുന്നത് അതുകൊണ്ടുതന്നെ കേരളത്തിനു ബജറ്റില്‍ പ്രഖ്യാപിച്ച കടലാമ സംരക്ഷണ പദ്ധതി അത്ര ഗുണകരമാകില്ല.
അതേസമയം, കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച കടലാമസംരക്ഷണ കേന്ദ്രം ലഭിക്കുകയാണെങ്കില്‍ സംസ്ഥാനത്തിന് മറ്റൊരു തരത്തില്‍ നേട്ടമാകും. ചെമ്മീന്‍ കയറ്റുമതിയില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള വികസിതരാജ്യങ്ങള്‍ കാണിക്കുന്ന വിമുഖത മാറും. ഇതു കേരളത്തിലേക്കു കൂടുതല്‍ വിദേശനാണ്യമെത്തിക്കും.
2019 മുതല്‍ കടലാമകളെ സംരക്ഷിക്കുന്നില്ല എന്നതിന്റെ പേരില്‍ കേരളത്തില്‍ നിന്നുള്ള ചെമ്മീന്‍ അമേരിക്ക വിലക്കുന്നുണ്ട്. ചെമ്മീന്‍വലയില്‍ കുടുങ്ങി കടലാമകള്‍ക്കു നാശമുണ്ടാകുന്നെന്നായിരുന്നു ആരോപണം. ഇതൊഴിവാക്കാന്‍ ടെഡ് (ടെര്‍ട്ടില്‍ എക്‌സ്‌ക്ലൂഡര്‍ ഡിവൈസ്) വല ഉപയോഗിക്കണമെന്നും യു.എസ്. നിഷ്‌കര്‍ഷിച്ചിരുന്നു.
/sathyam/media/post_attachments/wp-content/uploads/2026/02/kadala-556024.jpg)
എന്നാല്‍, ഇത്തരം വലകളിലൂടെ മത്സ്യങ്ങളും രക്ഷപ്പെടുമെന്നു വാദിച്ചു മത്സ്യത്തൊഴിലാളികള്‍ എതിര്‍ത്തിരുന്നു. കൊച്ചിയിലെ സെന്‍ട്രല്‍ മറൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുതിയതരം ടെഡ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതോടെ വലകളുടെ പ്രശ്‌നം പരിഹരിക്കാം. ഒപ്പം അബദ്ധത്തില്‍ പരിക്കു പറ്റുന്ന കടലാമകളെ സംരക്ഷിക്കാനും കേന്ദ്രത്തിലൂടെ കഴിയും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us