/sathyam/media/media_files/2025/09/24/shone-and-sebastain-2025-09-24-19-37-58.jpg)
പൂഞ്ഞാർ : നിന്റെ ഭീഷണി പ്ലാന്തോട്ടം വീട്ടിൽ മതി ഷോണേ.. ഇങ്ങോട്ട് വേണ്ട.
പൂഞ്ഞാർ തെക്കേക്കരയിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് ഷോൺ ജോർജിൻ്റെ ഭീഷണിക്ക് മറുപടി നൽകി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ.
തെക്കേക്കരയിൽ തകർന്ന റോഡ് ഇരുപതു ദിവസത്തിനകം ടാർ ചെയ്തില്ലെങ്കിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയെ പൂഞ്ഞാർ തെക്കേക്കരയിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുടിവെള്ള പദ്ധതിയുടെ പൈപ്പിടാൻ പൊളിച്ച വെട്ടിപ്പറമ്പ് റോഡ് ഒക്ടോബർ പത്തിന് മുൻപ് ടാർ ചെയ്യണമെന്നും അല്ലെങ്കിൽ വിവരമറിയുമെന്നുമായിരുന്നു ഷോൺ ജോർജിന്‍റെ താക്കീതും ഭീഷണിയും.
ഭീഷണിക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് എം.എൽ.എ. സ്വന്തം വീടിന്‍റെ തൊട്ടടുത്തുള്ള ജങ്ങ്ഷനില്‍ ഒന്നിറങ്ങി നിൽക്കാൻ തന്റേടമില്ലാത്ത ഷോൺ ജോർജ് ആണോ തന്നെ പേടിപ്പിക്കാന്‍ വരുന്നതെന്നും നിന്‍റെ ഭീഷണി പ്ലാന്തോട്ടം വീട്ടിൽ മതിയെന്നുമാണെന്നാണ് സെബാസ്റ്റ്യൻ കുളത്തുങ്കല്‍ പറയുന്നത്.
‘ചേന്നാട് കവലയിൽ നിങ്ങളുടെ വീടിന്റെ തൊട്ടടുത്തുള്ള ജങ്ങ്ഷൻ ആണ്.. ആ ജങ്ഷനിൽ ഒന്നിറങ്ങി നിൽക്കാൻ തന്റേടമില്ലാത്ത ഷോൺ ജോർജ് ആണോ എന്നെ പേടിപ്പിക്കാൻ വരുന്നത്, 2014 മെയ് 16 നിങ്ങൾ മറക്കാനിടയില്ലല്ലോ.
ഈരാറ്റുപേട്ട സെൻട്രൽ ജങ്ഷനിൽ വെച്ച് പോലീസും നാട്ടുകാരും എല്ലാം കൂടെ എടുത്തിട്ട് ചവുട്ടി കൂട്ടി മാസങ്ങളോളം ആശുപത്രിയിൽ കിടന്ന് തിരുമ്മു ചികിത്സയും നടത്തി നേരെ നിക്കാറായത്.. ഇപ്പോൾ 10 വർഷം കഴിഞ്ഞു കൊണ്ട് അതിന്റെ ക്ഷീണം ഒക്കെ അൽപം മാറിയത് കൊണ്ടാവും വീണ്ടും വെല്ലുവിളിയും ആയിട്ട് ഇറങ്ങിയിരിക്കുന്നത് അല്ലേ... തൽക്കാലം നിന്റെ ഭീഷണി പ്ലാന്തോട്ടം വീട്ടിൽ മതി ഷോണേ.. ഇങ്ങോട്ട് വേണ്ട'.