തൃശൂര്‍: കൊടുങ്ങല്ലൂരിലെ തുണിക്കടയിലെ സെക്യൂരിറ്റി ജീവനക്കാരനെ മദ്യലഹരിയില്‍ കമ്പിവടി ഉപയോഗിച്ച് ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. എടവിലങ്ങ്, കണിച്ചുകുന്നത്ത് വീട്ടില്‍ ജോബ് ( 45) നെയാണ് കൊടുങ്ങല്ലൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. സെക്യൂരിറ്റി ജീവനക്കാരന്‍ എറിയാട് ചള്ളിയില്‍ വീട്ടില്‍ ഗിരീശന്‍ ( 54) ആണ് ആക്രമണത്തില്‍ പരിക്കേറ്റത്.
ഗിരീശന്റെ മാതാപിതാക്കളെ തെറിവിളിച്ചതിനെ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് വാക്കു തര്‍ക്കമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിക്ക് സമീപമുള്ള ഒരു ചായക്കടയില്‍ വച്ച് ജോബ് ഗിരീശനെ ആക്രമിച്ചത്. ഇതിന് പുറമെ ഇയാള്‍ 11 ക്രിമിനല്‍ കേസുകളിലൈ പ്രതിയാണെന്നാണ് പൊലീസ് അറിയിച്ചത്.
കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2008ല്‍ ഒരു കൊലപാതക കേസും 2009, 2019, 2024 വര്‍ഷങ്ങളില്‍ ഓരോ അടിപിടി കേസുകളും അടക്കം 11 ക്രിമിനല്‍ കേസുകളാണ് ജോബിനെതിരെ ഉള്ളത്.