Advertisment

ടാര്‍ജറ്റ് അനുസരിച്ച് സര്‍വ്വീസ് നടത്തണം; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം

കോവിഡ് കാലത്തിന് ശേഷം ഇക്കഴിഞ്ഞ മാസം കെഎസ്ആർടിസി റെക്കോഡ് വരുമാനമാണ് നേടിയത്. ഇതിന് പിന്നാലെ ജീവനക്കാർക്ക് ഓണത്തിന് മുമ്പ് ഒറ്റത്തവണ ശമ്പളം നല്‍കുമെന്നും മന്ത്രി ഉറപ്പ് നൽകിയിരുന്നു

New Update
ksrtc kb ganesh kumar

തിരുവനന്തപുരം: കെഎസ്ആർടിസിയെ ലാഭത്തിനെത്തിക്കുന്നതിനായി ജീവനക്കാർക്ക് കർശന നിർദ്ദേശവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. യാതൊരു കാരണവശാലും ട്രിപ്പ് മുടങ്ങുന്ന സാഹചര്യമുണ്ടാകരുത്. 75 ശതമാനം ബസ്സുകളെങ്കിലും ലാഭകരമാക്കണമെന്നും കെ ബി ഗണേഷ് കുമാര്‍ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഉദ്യോഗസ്ഥ യോഗത്തിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.

Advertisment

ബസ് തകരാറിലായാല്‍ സ്‌പെയര്‍ ബസ് ഉപയോഗിച്ച് ക്യാന്‍സലേഷന്‍ ഒഴിവാക്കണം. കളക്ഷന്‍ കുറവായ റൂട്ടുകള്‍ റീ ഷെഡ്യൂള്‍ ചെയ്യണമെന്നും ടാര്‍ജറ്റ് അനുസരിച്ച് സര്‍വ്വീസ് നടത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

അതിനിടെ അംഗീകൃത തൊഴിലാളി സംഘടനകളുടെ എതിര്‍പ്പിനിടയിലും മിനിബസ് വാങ്ങലുമായി മാനേജ്‌മെന്റ് മുന്നോട്ടുപോകുകയാണ്. 220 ബസുകള്‍ ആദ്യഘട്ടത്തില്‍ വാങ്ങാനാണ് നീക്കം. ഒപ്പം സ്വകാര്യ ബസുകളില്‍ നിന്ന് ഏറ്റെടുത്ത ടേക്ക് ഓവര്‍ റൂട്ടുകളിലേക്കായി 220 ഫാസ്റ്റ് പാസഞ്ചര്‍ ബസ് വാങ്ങാനുള്ള നടപടിയും തുടങ്ങി. ഒക്ടോബറില്‍ 10 പുതിയ സൂപ്പര് ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ ഓടി തുടങ്ങും.

കോവിഡ് കാലത്തിന് ശേഷം ഇക്കഴിഞ്ഞ മാസം കെഎസ്ആർടിസി റെക്കോഡ് വരുമാനമാണ് നേടിയത്. ഇതിന് പിന്നാലെ ജീവനക്കാർക്ക് ഓണത്തിന് മുമ്പ് ഒറ്റത്തവണ ശമ്പളം നല്‍കുമെന്നും മന്ത്രി ഉറപ്പ് നൽകിയിരുന്നു. ഗണേഷ് കുമാർ ഗതാതഗത മന്ത്രിയായി ചുമതലയെടുത്ത ശേഷം ഒട്ടേറെ പരിഷ്ക്കാരങ്ങളാണ് കെഎസ്ആർടിസിയിൽ നടപ്പിലാക്കിയത്.

കെഎസ്ആര്‍ടിസി സര്‍വ്വീസ് റദ്ദാക്കല്‍ കുറച്ചു, പരമാവധി വാഹനങ്ങള്‍ റോഡില്‍ ഇറക്കി, മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നവര്‍ക്ക് സസ്‌പെന്‍ഷന്‍ എന്നതടക്കമുള്ള പരിഷ്‌കാരങ്ങളാണ് വകുപ്പ് നടപ്പിലാക്കി വരുന്നത്.

ഈ പദ്ധതികള്‍ നടപ്പിലാക്കി തുടങ്ങി പതിനഞ്ച് ആഴ്ച്ചകള്‍ക്കകം വാഹനാപകടങ്ങള്‍ കുറഞ്ഞു. ഇതുവഴി കെഎസ്ആര്‍ടിസി കൊടുക്കേണ്ട നഷ്ടപരിഹാരം കുറഞ്ഞു. യാത്രക്കാരും കാല്‍നടയാത്രക്കാരും സുരക്ഷിതരെന്ന് ചിന്തയുണ്ടാക്കി. ഫോണ്‍ വിളിച്ച് ഡ്രൈവിംഗ് അനുവദിക്കില്ല. യാത്രക്കാരുടെ ജീവിതം വെച്ചു പന്താടാന്‍ കഴിയില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

Advertisment