ബസിലെ വിവാദ വീഡിയോയെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവം; യുവതിയുടെ മൊഴിയെടുക്കാന്‍ പോലീസ്. ഇനി മറ്റാര്‍ക്കും ഇങ്ങനെ സംഭവിക്കരുതെന്ന് യുവാവിന്റെ പിതാവ്

സംഭവത്തില്‍ യുവതിക്കെതിരെ പരാതി പ്രവാഹമാണ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും കോഴിക്കോട് സിറ്റി പോലീസിനുമാണ് പരാതികള്‍ ലഭിച്ചത്.

New Update
deepak

കോഴിക്കോട്: ബസിനുള്ളില്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപിച്ചു സമൂഹ മാധ്യമങ്ങളില്‍ യുവതി വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ യുവാവ് ജീവനൊടുക്കിയതില്‍ നിയമ നടപടിക്ക് ഒരുങ്ങി കുടുംബം. 

Advertisment

ഇനി മറ്റാര്‍ക്കും ഇങ്ങനെ സംഭവിക്കരുതെന്നും മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും കോഴിക്കോട് മാങ്കാവ് ഗോവിന്ദപുരം സ്വദേശി ദീപക്കി(38)ന്‍റെ പിതാവ് ഉള്ളാട്ടുതൊടി ചോയി പറഞ്ഞു.

സംഭവത്തില്‍ യുവതിക്കെതിരെ പരാതി പ്രവാഹമാണ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും കോഴിക്കോട് സിറ്റി പോലീസിനുമാണ് പരാതികള്‍ ലഭിച്ചത്. 

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കാൻ കാരണം അപമാനവും മാനസിക സംഘര്‍ഷവുമെന്നാണ് പരാതിയില്‍ പറയുന്നത്. 

പരാതിയിൽ അന്വേഷണം നടത്താനാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസിന്‍റെ നീക്കം. കോഴിക്കോട് അരീക്കാട് സ്വദേശിയായ യുവതിയാണ് ദീപക്കിനെതിരെ വീഡിയോ ഇട്ടത്. 

ഇന്നു പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തും.
ദീപക് ലൈംഗിക അതിക്രമം നടത്തിയെന്നാരോപിച്ച് യുവതി വീഡിയോ ചിത്രീകരിക്കുകയും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. 

തിരക്കുള്ള ബസില്‍ വച്ച് യുവതി ചിത്രീകരിച്ച വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതില്‍ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയതെന്നു പരാതികളിൽ പറയുന്നു.

വസ്തുതാ വിരുദ്ധമായ പ്രചാരണമാണ് യുവതി നടത്തിയതന്നും ദീപക് കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. 

വീട്ടില്‍ അച്ഛനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാവിലെ എഴുന്നേല്‍ക്കാത്തതിനെത്തുടര്‍ന്നു വീട്ടുകാര്‍ വാതിലില്‍ മുട്ടി വിളിച്ചെങ്കിലും മുറി തുറന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്നു വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് തൂങ്ങി മരിച്ചനിലയില്‍ ദീപക്കിനെ കണ്ടെത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന തരത്തിലുള്ള വീഡിയോ പ്രചരിച്ചത്.

ദീപക് വളരെ മാന്യനാണെന്നും ഇതുവരെ ഒരു ചീത്തപ്പേരും കേള്‍പ്പിച്ചിട്ടില്ലെന്നുമാണ് ബന്ധുക്കളും സുഹൃത്തുക്കളും ആവര്‍ത്തിക്കുന്നത്. 

പൊതുപ്രവര്‍ത്തകയാണ് വീഡിയോ പ്രചരിപ്പിച്ചത്.
ദീപക്കിന്‍റെ ജീവനൊടുക്കിയതോടെ യുവതി വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ ആരോപണം ആവര്‍ത്തിച്ചിരുന്നു. ഇവര്‍ക്കെതിരേ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്.

Advertisment