/sathyam/media/media_files/2026/01/18/deepak-2026-01-18-15-35-51.jpg)
കോഴിക്കോട്: ബസ് യാത്രയ്ക്കിടെ ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും പൊതുപ്രവര്‍ത്തകയുമായ യുവതി വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരേ സൈബർ ആക്രമണം കടുത്തു.
മാനക്കേട് കാരണം കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക് (41) ജീവനൊടുക്കിയ സംഭവത്തിലാണ് സാമൂഹിക മാധ്യമ പ്ലാറ്റ്ഫാമുകളില്‍ കടുത്ത സൈബര്‍ ആക്രമണം നടക്കുന്നത്.
പാവപ്പെട്ട യുവാവിനെ കൊലയ്ക്കു കൊടുത്തുവെന്ന് ആരോപിച്ചു പ്രമുഖ സോഷ്യല്‍ മീഡിയ താരങ്ങളും ജനപ്രതിനിധികളും സെലിബ്രിറ്റികളും യുവതിക്കെതിരേ രംഗത്തുവന്നതോടെ അവര്‍ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പ്രൈവറ്റാക്കി.
കല്‍പ്പറ്റ എംഎല്‍എ ടി. സിദീഖ്, നടിയും ഡബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി, സന്തോഷ് പണ്ഡിറ്റ്, രാഹുല്‍ ഈശ്വര്‍, മെന്‍സ് അസോസിയേഷന്‍ പ്രതിനിധി അജിത് തുടങ്ങിയവര്‍ യുവതിയുടെ നടപടിയെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചിരിക്കുന്നത്.
സംഭവത്തില്‍ യുവതിക്കെതിരെ പരാതി പ്രവാഹമാണ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും കോഴിക്കോട് സിറ്റി പോലീസിനുമാണ് പരാതികള്‍ ലഭിച്ചത്.
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കാൻ കാരണം അപമാനവും മാനസിക സംഘര്‍ഷവുമെന്നാണ് പരാതിയില്‍ പറയുന്നത്. അന്വേഷണം നടത്താനാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസിന്‍റെ നീക്കം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us