ലഹരിയില്‍ പുകഞ്ഞ് എസ്.എഫ്.ഐ. കളമശേരി പോളിടെക്നിക്ക് മെന്‍സ് ഹോസ്റ്റലില്‍ നിന്നും പിടിച്ചെടുത്തത് 2 കിലോയോളം കഞ്ചാവ് ശേഖരം. എസ്.എഫ്.ഐ യൂണിയന്‍ ജനറല്‍ സെക്രട്ടറി അഭിരാജടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. തൂക്കി വില്‍പ്പനക്കുള്ള ത്രാസും കഞ്ചാവ് വലിക്കാനുള്ള ഉപകരണങ്ങളും കണ്ടെത്തി. സ്റ്റേഷന്‍ ജാമ്യം നല്‍കിയതിലും സംശയങ്ങള്‍. അഭിരാജിനെ പെടുത്തിയതെന്ന് എസ്.എഫ്.ഐ

എസ്.എഫ്.ഐ പ്രവര്‍ത്തകനാണെന്നും കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയാണെന്നും പറഞ്ഞതോടെ തട്ടിക്കയറിയ പൊലീസ് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും അഭിരാജ് പറയുന്നു.

New Update
sfi

കൊച്ചി: കളമശേരി സര്‍ക്കാര്‍ പോളിടെക്നിക്കിലെ മെന്‍സ് ഹോസ്റ്റലില്‍ വന്‍ കഞ്ചാവ് ശേഖരം പൊലീസിന്റെ മിന്നല്‍ പരിശോധനയില്‍ പിടിച്ചെടുത്തു.

Advertisment

രണ്ട് കിലോയില്‍പ്പരം കഞ്ചാവ് പിടിച്ചെടുത്തതിനെ തുടര്‍ന്ന് എസ്.എഫ്.ഐ യൂണിയന്‍ ജനറല്‍ സെക്രട്ടറിയും കരുനാഗപ്പള്ളി സ്വദേശിയുമായ അഭിരാജടക്കം മൂന്ന് പേര്‍ അറസ്റ്റിലായി. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തിട്ടുണ്ട്.


സംഭവത്തില്‍ രണ്ട് എഫ്.ഐ.ആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആദ്യത്തെ എഫ് ഐ ആറില്‍ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തത്. 


പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. രണ്ടാമത്തെ എഫ്ഐആറില്‍ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ് (21) എന്നിവരാണ് ഈ കേസില്‍ പ്രതികള്‍.

കവര്‍ ഉള്‍പ്പെടെ 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയില്‍ നിന്ന് പിടിച്ചെടുത്തത്. വിദ്യാര്‍ഥികളില്‍ നിന്ന് രണ്ട് മൊബൈല്‍ഫോണും തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു.


ഡാന്‍സാഫ് സംഘം റെയ്ഡിനായി ഹോസ്റ്റലില്‍ എത്തുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നുവെന്ന് റെയ്ഡിന് നേതൃത്വം നല്‍കിയ കൊച്ചി നര്‍ക്കോട്ടിക് സെല്‍ എ.സി.പി അബ്ദുല്‍സലാം വ്യക്തമാക്കുന്നു. ഇത്രയേറെ കഞ്ചാവുണ്ടാകുമെന്ന് കരുതിയിരുന്നില്ല. 


ഈ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയെ പിടിച്ചതില്‍ നിന്നാണ് വിവരം ലഭിച്ചത്. റെയ്ഡിനെത്തുമ്പോള്‍ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നു. തൂക്കി വില്‍പ്പനക്കുള്ള ത്രാസും കഞ്ചാവ് വലിക്കാനുള്ള ഉപകരണങ്ങളും കണ്ടെത്തി. 

ഇത്രയധികം അളവില്‍ കോളേജ് ഹോസ്റ്റലില്‍ നിന്ന് ലഹരി കണ്ടെത്തിയത് പൊലീസിനെ പോലും ഞെട്ടിച്ചെന്നും എ.സി.പി പറഞ്ഞു. 3 പേര്‍ പിടിയിലായി. ഓടി രക്ഷപ്പെട്ട മൂന്ന് വിദ്യാര്‍ഥികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 


എന്നാല്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി അഭിരാജ് നിരപരാധിയാണെന്നും സിഗററ്റ് പോലും വലിക്കാത്ത ഇയാളെ കേസില്‍ പൊലീസ് പെടുത്തിയതാണെന്നും എസ്.എഫ്.ഐ വ്യക്തമാക്കി. കോളേജിലെ കെ.എസ്.യു നേതാക്കളാണ് ഇതിന് പിന്നിലെന്നാണ് എസ്.എഫ്.ഐയുടെ പ്രതികരണം. 


പുറത്ത് നിന്നുള്ള ചിലര്‍ കോളേജ് ഹോസ്റ്റലില്‍ എത്താറുണ്ടെന്നാണ് വിവരം. താന്‍ ഇന്നലെ മുറിയില്‍ ഉണ്ടായിരുന്നില്ലെന്നും എസ്.എഫ്.ഐ സമ്മേളനത്തിന്റെ ഭാഗമായി ക്യാമ്പില്‍ അലങ്കാരപ്പണി നടത്തുന്നതിനിടെയാണ് പൊലീസ് എത്തിയതെന്നും വിവരം അറിഞ്ഞാണ് താന്‍ ഹോസ്റ്റലില്‍ എത്തിയതെന്നും അഭിരാജ് പറഞ്ഞു. 

ഇവിടെ എത്തിയ തന്നെ കേസില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകനാണെന്നും കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയാണെന്നും പറഞ്ഞതോടെ തട്ടിക്കയറിയ പൊലീസ് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും അഭിരാജ് പറയുന്നു.

ഒരേ റെയ്ഡില്‍ രണ്ട് എഫ്.ഐ.ആര്‍ ഇട്ട പൊലീസ് നടപടിയിലും ദുരൂഹത സംശയിക്കുന്നുണ്ട്. നിലവില്‍ അഭിരാജിനും ആദിത്യനും സ്റ്റേഷന്‍ ജാമ്യം ലഭിച്ചുവെങ്കിലും ആകാശിന്റെ പേരില്‍ ജാമ്യമില്ലാത്ത കുറ്റം ചുമത്തി ഇന്ന് ഉച്ചയോടെ മജിസ്ട്രേറ്റിന്റെ മുമ്പിലെത്തിക്കും. മൂവരും കരുനാഗപ്പള്ളി സ്വദേശികളാണ്.