കോഴിക്കോട്: ഗവർണർ രാജേന്ദ്ര ആർലേക്കറിനെതിരെ എസ്എഫ്‌ഐയുടെ ശക്തമായ പ്രതിഷേധം തുടരുന്നു.
ചൊവ്വാഴ്ച കണ്ണൂർ സർവകലാശാല ആസ്ഥാനത്തും കോഴിക്കോട് നഗരത്തിലും എസ്എഫ്‌ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. കണ്ണൂരിലെ സർവകലാശാലയിൽ നടന്ന മാർച്ച് സംഘർഷത്തിലേക്ക് വഴിമാറി.
പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് മാർച്ച് തടയാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ പിന്മാറാൻ തയ്യാറായില്ല. ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രതിഷേധം അവസാനിച്ചില്ല.
പ്രവർത്തകർ സ്ഥലത്ത് തുടർന്നു. പിന്നീട്, ഒരു വിഭാഗം പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് സർവകലാശാല ആസ്ഥാനത്തിന് അകത്തേക്ക് പ്രവേശിച്ചു. സർവകലാശാലയുടെ ഗേറ്റിന് അകത്തും പുറത്തും നിന്ന് പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധം ശക്തമാക്കിയത്.