‘സംഖി ഖാന്‍ ഗോ ബാക്ക്’; ക്യാമ്പസുകളില്‍ എസ് എഫ് ഐ വിചാരണ സദസ് സംഘടിപ്പിക്കും

New Update
sfi governerr.jpg

കൊല്ലം: എസ്എഫ്‌ഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ ക്യാമ്പസുകളിലും തിങ്കളാഴ്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിചാരണ സദസ്സ് സംഘടിപ്പിക്കും.

Advertisment

കേരളത്തിലെ സര്‍വകലാശാലകളെ സംഘപരിവാരത്തിന്റെ കേന്ദ്രങ്ങള്‍ ആക്കി മാറ്റാനുള്ള നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ ജനാധിപത്യപരമായ സമരം തുടരുകയാണ് എസ്എഫ്‌ഐ. നിലമേല്‍ വച്ച് എസ്എഫ് ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കു നേരെ കരിങ്കൊടിയും, സംഖി ഖാന്‍ ഗോ ബാക്ക് എന്ന മുദ്രാവാക്യമുയര്‍ത്തിയ ബാനറും കാണിക്കുകയുണ്ടായി.

എന്നാല്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കാറില്‍ ഇടിച്ചെന്ന വ്യാജആരോപണത്തില്‍ വാഹനം നിര്‍ത്തി പ്രോട്ടോകോള്‍ ലംഘിച്ച് പ്രതിഷേധിച്ചവര്‍ക്ക് നേരെ ഗവര്‍ണര്‍ പാഞ്ഞ് അടുക്കുകയായിരുന്നു. സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കെതിരെ ഐപിസി 124 ചുമത്തി 12 എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയുണ്ടായി.

ജനാധിപത്യ പ്രതിഷേധത്തെ അക്രമ സമരമായി ചിത്രീകരിക്കാനാണ് ഗവര്‍ണര്‍ ശ്രമിച്ചത്. വ്യാജ ആരോപണമുന്നയിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കള്ള കേസ് ചുമത്തിയ ഗവര്‍ണര്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് എസ്എഫ്‌ഐ കൊല്ലം ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

 

Advertisment