Advertisment

കരിമണൽ കമ്പനിയുടെ 135 കോടിയുടെ പണമിടപാട് കേസ് കെ.എസ്.ഐ.ഡി.സിയിലൂടെ സർക്കാരിലേക്ക് തിരിച്ച് കേന്ദ്ര ഏജൻസികൾ; ലക്ഷ്യം മുഖ്യമന്ത്രിയും മകൾ വീണയും; പാർലമെന്റ് തിരഞ്ഞെടുപ്പിന് മുൻപ് മുഖ്യമന്ത്രിയെയും മകളെയും ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസി ! കരിമണൽ കമ്പനിക്കെതിരായ അന്വേഷണത്തിന്റെ പിന്നാമ്പുറത്ത് രാഷ്ട്രീയക്കളി തന്നെ

സി.എം.ആർ.എല്ലിന്റെ ഭാഗത്തുനിന്ന് 135 കോടിയോളം രൂപയുടെ അനധികൃത പണമിടപാടുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്. രാഷ്ട്രീയക്കാർക്കടക്കം പണം നൽകിയെന്ന ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ രേഖകൾ മുൻനിർത്തിയാണ് ഇക്കാര്യം പറയുന്നത്

New Update
veenaeca

കൊച്ചി: എറണാകുളത്തെ കരിമണൽ കമ്പനിയുടെ ദുരൂഹമായ പണമിടപാടിന്റെ പേരിൽ കേന്ദ്രഏജൻസി നടത്തുന്ന അന്വേഷണത്തിന്റെ പിന്നാമ്പുറത്ത് നടക്കുന്നത് രാഷ്ട്രീയക്കളി തന്നെയെന്ന് വ്യക്തമാവുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായിയെയും മകളെയും ചോദ്യം ചെയ്യാനാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസി(എസ്.എഫ്.ഐ.ഒ)ന്റെ  നീക്കം. മലിനീകരണ നിയന്ത്രണ വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കാണ്. അതിനാലാണ് മുഖ്യമന്ത്രിയിലേക്ക് കേന്ദ്ര ഏജൻസി അന്വേഷണം തിരിക്കുന്നത്. കരിമണൽ കമ്പനിയും കെ.എസ്.ഐ.ഡി.സിയും തമ്മിലുള്ള ഇടപാടുകളിലൂടെയാണ് കേന്ദ്രഏജൻസിയുടെ അന്വേഷണം സർക്കാരിലേക്ക് എത്തുന്നത്.

Advertismentസീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണത്തിൽ കേരള സ്റ്റേറ്റ് ഇൻ‌ഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷന് (കെ.എസ്.ഐ.ഡി.സി) ആശങ്കയെന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. അന്വേഷണം നടക്കുന്നതല്ലേ നല്ലതെന്നും അത് നിർത്തിവയ്ക്കാൻ ആവശ്യപ്പെടുന്നതെന്തുകൊണ്ടാണെന്നും കോടതി വാക്കാൽ ചോദിച്ചു. എസ്.എഫ്.ഐ.ഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കെ.എസ്.ഐ.ഡി.സി. നൽകിയ ഹർജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് പരിഗണിച്ചത്.

രണ്ട് സ്വകാര്യകമ്പനികൾ തമ്മിലുള്ള പണമിടപാടിന്റെ പേരിൽ നടക്കുന്ന അന്വേഷണം കെ.എസ്.ഐ.ഡി.സിയുടെ സൽപേരും വിശ്വാസ്യതയും കളങ്കപ്പെടുത്തുന്ന വിധമാണെന്ന് സ്ഥാപനത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സി.എസ്. വൈദ്യനാഥൻ വാദിച്ചു. തങ്ങൾക്കെതിരായ അന്വേഷണത്തിന് വസ്തുതയില്ലെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. എസ്.എഫ്.ഐ.ഒ. ആവശ്യപ്പെട്ട എല്ലാ രേഖകളും കൈമാറിയിട്ടുള്ളതാണെന്നും വ്യക്തമാക്കി.

കെ.എസ്.ഐ.ഡി.സിക്കെതിരേ തുടരന്വേഷണം ആവശ്യമാണെന്ന് സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസിന് വേണ്ടി കേന്ദ്രസർക്കാർ അറിയിച്ചു. ലഭ്യമാക്കിയ രേഖകൾ പരിശോധിച്ച് ബോധ്യപ്പെടേണ്ടതുണ്ട്. കെ.എസ്.ഐ.ഡി.സിക്ക് സി.എം.ആർ.എല്ലിൽ 13.4 ശതമാനം ഓഹരി പങ്കാളിത്തവും നാമനിർദ്ദേശം ചെയ്ത ഡയറക്ടറുമുണ്ട്. അതിനാൽ അനധികൃത പണമിടപാടുകൾ പൊതുസ്ഥാപനമായ കെ.എസ്.ഐ.ഡി.സിക്ക് നഷ്ടം വരുത്തുന്നതാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷൻസും സി.എം. ആർ.എൽ കമ്പനിയുമായി പണമിടപാടു നടന്നെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് കെ.എസ്.ഐ.ഡി.സിയും അന്വേഷണപരിധിയിൽ വന്നത്.

എസ്.എഫ്.ഐ.ഒ ഇടപെടൽ തേടി ഷോൺ ജോർജും അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കെ.എസ്.ഐ.ഡി.സിയും നൽകിയ ഹർജികൾ ഈ മാസം 26ന് പരിഗണിക്കാൻ മാറ്റി. ആരോപണവിധേയമായ ഇടപാടുകൾ അന്വേഷിക്കുന്നതിന് കമ്പനി കാര്യ നിയമപ്രകാരം നിയോഗിച്ച മൂന്നംഗസമിതി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചതായും കേന്ദ്രസർക്കാർ‌ കോടതിയെ അറിയിച്ചു.

സി.എം.ആർ.എല്ലിന്റെ ഭാഗത്തുനിന്ന് 135 കോടിയോളം രൂപയുടെ അനധികൃത പണമിടപാടുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്. രാഷ്ട്രീയക്കാർക്കടക്കം പണം നൽകിയെന്ന ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ രേഖകൾ മുൻനിർത്തിയാണ് ഇക്കാര്യം പറയുന്നത്. കമ്പനിയിൽ പങ്കാളിത്തമുള്ള കെ.എസ്.ഐ.ഡി.സിക്കെതിരേയും ഈ സാഹചര്യത്തിലാണ് അന്വേഷണം നടക്കുന്നതെന്നു കേന്ദ്രം അറിയിച്ചു. സഹാറാ കേസിൽ ഉപകമ്പനികൾക്കെതിരായ അന്വേഷണം സുപ്രീം കോടതി ശരിവച്ചിരുന്നു. ഏതെങ്കിലും കമ്പനികളിൽ ക്രമക്കേട് നടന്നാൽ സ്വതന്ത്ര ഡയറക്ടർമാർ പോലും ഉത്തരവാദികളാണെന്ന് സത്യം കമ്പ്യൂട്ടേഴ്സ് കേസിൽ വ്യക്തമാക്കിയിട്ടുള്ളതാണെന്നും വാദമുണ്ടായി.

എന്നാൽ ആരോപിക്കപ്പെടുന്ന ഇടപാടുകൾ സി.എം.ആർ.എല്ലിന്റെ അക്കൗണ്ട് ബുക്കിൽ ഇല്ലാത്തതാണെന്നും അതിനാൽ കെ.എസ്.ഐ.ഡി.സിക്ക് അറിവില്ലെന്നും സി.എസ്. വൈദ്യനാഥൻ വാദിച്ചു. വാദങ്ങളെ ന്യായീകരിക്കുന്ന രേഖകൾ ഹാജരാക്കാൻ തുടർന്ന് ഹൈക്കോടതി കെ.എസ്.ഐ.ഡി.സിയോട് നിർദ്ദേശിക്കുകയായിരുന്നു. കേന്ദ്രഏജൻസിയുടെ അന്വേഷണത്തിന്റെ ഗതിയെന്താവുമെന്ന് ഉറ്റുനോക്കുകയാണ് കേരളം.

Advertisment