'ശരണം വിളിച്ച് ഭക്തർ. കണ്ണടച്ച് സർക്കാർ'. ശബരിമല സ്വർണ്ണക്കൊള്ളയിൽ നാണം കെട്ട സർക്കാരിന് മുന്നൊരുക്കങ്ങളിലും പിഴവെന്ന് യുഡിഎഫ്. ക്രമീകരണങ്ങൾ പാളിയതോടെ സർക്കാരും മുൻ ബോർഡും പ്രതിക്കൂട്ടിൽ. അയ്യപ്പസംഗമത്തിലെ ഉറപ്പുകളും പാലിക്കാനായില്ല. ശബരിമലയിലുണ്ടായത് ഗുരുതര വീഴ്ച്ചയെന്നും ആരോപണം. സർക്കാരിനും ബോർഡിനുമെതിരെ ഒന്നും മിണ്ടാതെ ബിജെപി

15 മണിക്കൂറിലേറെ ക്യൂ നിന്നിട്ടും ദർശനം ലഭിക്കാത്തതും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഭക്തർ സന്നിധാനത്തെ അനിയന്ത്രിതമായ തിരക്ക് മൂലം പന്തളത്ത് നിന്നും മാല ഊരി മടങ്ങുന്നതും തുടർക്കഥയായി.

New Update
shabarimala rush-2
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: മണ്ഡലകാലം തുടങ്ങിയതിന് പിന്നാലെ ശബരിമലയിലെ ക്രമീകരണങ്ങൾ പാളിയതോടെ വെട്ടിലായി സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും. ശബരിമല സ്വർണ്ണക്കൊള്ള വിവാദത്തിൽ പ്രതിച്ഛായ നഷ്ടപ്പെട്ട് നിൽക്കുന്നതിനിടെയാണ് ശബരിമലയിലെ മുന്നൊരുക്കങ്ങൾ ജാഗ്രതയോടെ നിർവഹിച്ചില്ലെന്ന വാദം സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നത്.

Advertisment

തീർത്ഥാടക തിരക്ക് നിയന്ത്രണാതീതമായതോടെ ദേവസ്വം ബോർഡും പൊലീസും നോക്കുകുത്തിയായെന്നും ദർശനത്തിനെത്തിയ ഭക്തർ വലഞ്ഞെന്നുമാണ് യു.ഡി.എഫ് ഉയർത്തുന്ന പ്രധാന ആരോപണം.


അയ്യപ്പനെ തൊഴാൻ എത്തിയ തീർത്ഥാടക ലക്ഷങ്ങൾ മണിക്കൂറുകളോളം തിരിക്കിലും തിരക്കിലും പെട്ട് കുടിവെള്ളമില്ലാതെ വലഞ്ഞിട്ടും, ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ തിരികെ പോയിട്ടും ബി.ജെ.പി ഇതേപറ്റി മിണ്ടുന്നില്ലെന്നും സർക്കാരിന്റെ മന:സാക്ഷി സൂക്ഷിപ്പകാരായി ബി.ജെ.പി മാറിയെന്നും യു.ഡി.എഫ് നേതാക്കൾ വ്യക്തമാക്കുന്നു.

15 മണിക്കൂറിലേറെ ക്യൂ നിന്നിട്ടും ദർശനം ലഭിക്കാത്തതും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഭക്തർ സന്നിധാനത്തെ അനിയന്ത്രിതമായ തിരക്ക് മൂലം പന്തളത്ത് നിന്നും മാല ഊരി മടങ്ങുന്നതും തുടർക്കഥയായി.


തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ ശബരിമലയിലെ കാര്യങ്ങളിൽ ഇടപെടുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിയന്ത്രണം ഏർപ്പെടുത്തി എന്ന ന്യായീകരണമാണ് സർക്കാർ വൃത്തങ്ങൾ നിരത്തുന്നത്.


ശബരിമലയുമായി ബന്ധപ്പെട്ട് യോഗങ്ങൾ വിളിക്കാനോ മാധ്യമങ്ങളിൽ പ്രതികരിക്കാനോ മന്ത്രി വി.എൻ വാസവന് അനുമതി ലഭിച്ചില്ലെന്നും പറയുന്നു. എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുൻ കൂട്ടി കാണേണ്ട ഒന്നായിരുന്നുവെന്നും നവംബർ പകുതിയോടെ പ്രഖ്യാപനം ഉണ്ടാകുമെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഇത് മുൻകൂട്ടി കണ്ട് ക്രമീകരണങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ അത് ഭരണകൂട വീഴ്ച തന്നെയാണെന്നും യു.ഡി.എഫ് ആരോപിക്കുന്നു.

സീസൺ തുടങ്ങുന്നതിനും മാസങ്ങൾക്ക് മുമ്പ് തന്നെ യോഗങ്ങൾ ചേർന്നും ചർച്ച ചെയ്തുമാണ് ശബരിമലയിലെ കാര്യങ്ങൾ നിശ്ചയിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് എങ്ങനെ ഈ ഒരുക്കങ്ങളെ ബാധിക്കും എന്ന ചോദ്യത്തിനും മറുപടിയില്ല.


ആവശ്യത്തിന് പൊലീസുകാരെയും ഉദ്യോഗസ്ഥരെയും നിയോഗിക്കാതെ ഉത്തരവാദിത്തരഹിതമായാണ് ദേവസ്വവും സർക്കാരും പെരുമാറിയതെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമാണ് എല്ലാത്തിനും കാരണമെന്നാണ് ദേവസ്വം മന്ത്രിയും സർക്കാരും പറയുന്നത് അപഹാസ്യമാണെന്നും ഇക്കാര്യത്തിൽ ഹൈക്കോടതി ഇടപെടണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.


ആഗോള അയപ്പസംഗമം നടത്തി വിശ്വാസികളുടെ പിന്തുണ ഉറപ്പാക്കാൻ പുറപ്പെട്ട സിപിഎമ്മിനും പിണറായി സർക്കാരിന് തൊട്ടതെല്ലാം തിരിച്ചടിയാകുന്ന അവസ്ഥയിലായിട്ടും ബി.ജെ.പി നേതൃത്വം മൗനിബാബയായി തുടരുന്നത് സി.പി.എം - ബി.ജെ.പി ഡീലിന്റെ ഭാഗമാണെന്നും ആരോപണം ഉയർന്ന് കഴിഞ്ഞു.

Advertisment