അങ്ങാടിപ്പുറം: ബാബരി മസ്ജിദില്‍ നടപ്പിലാക്കിയ അനീതി തുടരുന്ന ഭരണഘടന സംവിധാനങ്ങള്‍ക്കെതിരെ പുതിയ ജനകീയ മുന്നേറ്റം രൂപപ്പെടേണ്ടതുണ്ടെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ പ്രസിഡണ്ട് കെ.വി. സഫീര്‍ ഷാ പറഞ്ഞു.
ബാബരി മസ്ജിദിന് ശേഷം ഗ്യാന്‍വാപി, ഷാഹി മസ്ജിദുകള്‍ കേന്ദ്രീകരിച്ച് ആര്‍എസ്എസ് നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങള്‍ക്കും അതിന് പിന്തുണ നല്‍കുന്ന കോടതികളുടെ അനുകൂല നിലപാടുകള്‍ക്കും എതിരെ ഡിസംബര്‍ 6-ന് ബാബരി ദിനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലയില്‍ 100 കേന്ദ്രങ്ങളിലായി നടത്തുന്ന ആരാധനാലയ നിയമ സംരക്ഷണ സംഗമങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് അങ്ങാടിപ്പുറത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാജ ചരിത്രവാദങ്ങളുന്നയിച്ച് ഹിന്ദുത്വവാദികള്‍ നടത്തുന്ന ധ്രുവീകരണ അജണ്ട, കേന്ദ്രവും സംസ്ഥാന സര്‍ക്കാറുകളും സഹകരിച്ച് നടപ്പാക്കുന്നതാണ്. ഇതേ സമീപനം ഷാഹി മസ്ജിദിലും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇതിനെതിരെ ശക്തമായ ജനകീയ മുന്നേറ്റം ഉയര്‍ത്തേണ്ടതാണ്.
മതേതരം എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ചില സംഘടനകള്‍ പോലും ഈ വിഷയത്തില്‍ കുറ്റകരമായ മൗനം തുടരുകയാണ്. ഈ മൗനം നിങ്ങളുടെ അടിവേരെടുക്കാന്‍ ഇടയാക്കുമെന്ന ബോധ്യമുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
ജനകീയ മുന്നേറ്റത്തിന് വെല്‍ഫെയര്‍ പാര്‍ട്ടി ശക്തമായ നേതൃത്വം നല്‍കുമെന്ന് സഫീര്‍ ഷാ വ്യക്തമാക്കി. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി പ്രകടനങ്ങള്‍, ധര്‍ണ്ണകള്‍, സംഗമങ്ങള്‍, ടേബിള്‍ ടോക്കുകള്‍ തുടങ്ങി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.