/sathyam/media/media_files/JLQnVK2iVuwAzBvdttid.jpg)
തിരുവനന്തപുരം : ഷാഫി പറമ്പിൽ എം.പിയെ ഡി.വൈ.എഫ്.ഐ വടകരയിൽ തടഞ്ഞ സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് യു.ഡി.എഫും കോൺഗ്രസും രംഗത്തിറങ്ങുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങളിൽ കൂട്ടുപ്രതിയാണ് ഷാഫി പറമ്പിലെന്ന് ആരോപിച്ചായിരുന്നു ഡി.വൈ.എഫ്.ഐ വടകര എം.പിയെ മണ്ഡലത്തിനുള്ളിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകുമ്പോൾ വഴിയിൽ തടഞ്ഞത്.
തുടർന്ന് ഷാഫിയുമായി ഡി.വൈ.എഫ്.ഐ ്രപവർത്തകർ വാക്ക് തർക്കത്തിൽ ഏർപ്പെടുകയും വിഷയത്തിൽ രാഷ്ട്രീയ മാനം മറ്റൊന്നാവുകയും ചെയ്തിരുന്നു. ഡി.വൈ.എഫ്.ഐയുടെ അതിരുകടന്ന പ്രതിഷേധത്തോടെ സംസ്ഥാനത്ത് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ലഭിക്കുമെന്ന് കരുതിയ രാഷ്ട്രീയ മേൽക്കൈ സി.പി.എമ്മിന് നഷ്ടമായി.
രാജിവെച്ച യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം സി.പി.എമ്മിന്റെ എക്കാലത്തെയും പ്രഖ്യാപിത ശത്രുവായ ഷാഫിയെ പ്രതിസ്ഥാനത്ത് നിർത്താനുള്ള സി.പി.എമ്മിന്റെ തന്ത്രമാണ് പാളിയത്. തന്നെ നായ, പട്ടി എന്ന് സംബോധന ചെയ്‌തെന്നും അത് കേട്ട് നിൽക്കാൻ കഴിയില്ലെന്നുമായിരുന്നു ഷാഫിയുടെ പ്രതികരണം.
കോൺഗ്രസ് ഒറ്റക്കെട്ടായി ഷാഫിക്ക് പിന്നിൽ അണിനിരക്കുകയും യു.ഡി.എഫ് ഘടകകക്ഷികളടക്കം വിഷയത്തിൽ പിന്തുണ നൽകുകയും ചെയ്തതോടെയാണ് സി.പി.എം നീക്കം പൊളിഞ്ഞത്.
എന്നാൽ സി.പി.എം പ്രതിരോധത്തിലായതോടെ ഷാഫിയെ വഴിയിൽ തടയാൻ ഡി.വൈ.എഫ്.ഐ നിർദ്ദേശം നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി സംഘടനയുടെ സംസ്ഥാന അദ്ധ്യക്ഷൻ വി.വസീഫ് രംഗത്ത് വന്നിരുന്നു. ഇതുകൊണ്ടെന്നും പ്രതിഷേധത്തിൽ നിന്നും പിന്നോട്ട് പോകാൻ കോൺഗ്രസും യു.ഡി.എഫും തയ്യാറാവുമെന്ന് തോന്നുന്നില്ല.
ഷാഫിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ മുമ്പെങ്ങുമില്ലാത്ത വിധം ഒത്തൊരുമയോടെയാണ് കോൺഗ്രസ് രംഗത്തിറങ്ങിയിട്ടുള്ളത്. പ്രതിപക്ഷനേതാവ്, വി.ഡി സതീശൻ, കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർക്ക് പുറമേ കെ.എസ് ശബീനാഥൻ, വി.ടി ബൽറാം, അബിൻ വർക്കി, മാത്യുകുഴൽനാടൻ, സി.ആർ മഹേഷ് തുടങ്ങി കോൺഗ്രസിന്റെ യുവനിര ഒന്നാകെ രംഗത്തെത്തിയിരുന്നു.
മുതിർന്ന നേതാക്കളടക്കം ഷാഫിയെ പിന്തുണച്ച് രംഗത്ത് വന്നതോടെ സി.പി.എം പതറി. ഇതിന് പുറമേയാണ് യു.ഡി.എഫിലെ ഘടകകക്ഷികളടക്കം സമരരംഗത്തേക്ക് ഇറങ്ങുന്നത്. വടകരയിൽ ആർ.എം.പി, മുസ്ലീം ലീഗ് എന്നീ കക്ഷികൾ കൂടി കോൺഗ്രസിനൊപ്പം ചേരുന്നതോടെ വിഷയത്തിൽ സി.പി.എം വിയർക്കുമെന്നതാണ് യാഥാർത്ഥ്യം.