/sathyam/media/media_files/2025/08/31/untitled-2025-08-31-10-15-33.jpg)
തൊടുപുഴ: മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഇടുക്കിയില്‍ വച്ചായിരുന്നു സംഭവം. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു വാഹനത്തില്‍ പിന്‍തുടര്‍ന്നെത്തിയവര്‍ ഷാജനെ മര്‍ദിച്ചത് .
കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. കൊല്ലണമെന്ന ഉദ്ദേശത്തോടെ കാറില്‍ നിന്നും വലിച്ചിറക്കി ശരീരത്തിലും മുഖത്തും ഇടിച്ച് പരിക്കേല്‍പ്പിച്ചതായാണ് എഫ്ഐആര്‍.
തൊടുപുഴ മങ്ങാട്ടുകവലയില്‍ ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു മര്‍ദ്ദനം. കാറില്‍വെച്ചു തന്നെ നാലംഗ സംഘം മൂക്കിലും ശരീരത്തിലും ഇടിക്കുകയായിരുന്നു. മൂക്കില്‍നിന്ന് രക്തം ഒഴുകുന്ന നിലയിലായിരുന്നു.
ആളുകളെ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങിയെന്ന് അന്വേഷണസംഘം അറിയിച്ചു. സംഘം ചേര്‍ന്ന് ആക്രമിക്കല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
പരിക്കേറ്റ ഷാജന്‍ സ്‌കറിയയെ വിദഗ്ധ ചികിത്സക്കായി സ്മിത മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി.
ഷാജന്‍ സ്‌കറിയയെ അപായപ്പെടുത്താന്‍ നടന്ന ശ്രമത്തില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ ലൈന്‍ മീഡിയ ശക്തമായ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി.
സംഭവം അത്യന്തം ഞെട്ടല്‍ ഉളവാക്കുന്നതാണെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഇത്തരം ശരീരിക അക്രമം ജനാധിപത്യ രാജ്യത്ത് വെച്ചുപൊറുപ്പിക്കാനാകില്ലന്നും സംഘടന വ്യക്തമാക്കി.