പലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ച നടൻ ഷെയിൻ നിഗത്തിനെതിരെ സൈബർ ആക്രമണം; സിനിമാ പോസ്റ്ററുകളും നശിപ്പിച്ചു

New Update
shane nigam reply.jpg

കൊച്ചി: പലസ്തീൻ വിഷയത്തിൽ പ്രതികരിച്ച ഷെയിൻ നിഗത്തിനെതിരെ കടുത്ത സൈബർ ആക്രമണം. സംഘപരിവാർ അനുകൂലികളായ പേജുകളിൽ ഷെയിനിന്റെ മതത്തെ മുൻനിർത്തിയാണ് സൈബർ ആക്രമണം. പുതിയ ചിത്രം ബള്‍ട്ടിയുടെ പോസ്റ്ററുകളും വ്യാപകമായി നശിപ്പിച്ചു.

Advertisment

ഗാസയിലെ വംശഹത്യക്കെതിരെ നിലപാട് വ്യക്തമാക്കിയ നടൻ ഷെയിൻ നിഗത്തിനെതിരെ വ്യാപകമായ സൈബർ ആക്രമണമാണ് നടക്കുന്നത്. ഷെയിൻ്റെ പോസ്റ്റുകൾക്ക് താഴെ വലതുപക്ഷ അനുകൂലികളായ പേജുകളിൽ നിന്നാണ് അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നത്. 

മതത്തെ മുൻനിർത്തിയുള്ള വർഗീയ പരാർശങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. അതിനിടെയാണ് സിനിമ പോസ്റ്ററുകൾ നശിപ്പിക്കപ്പെടുന്നത്.

ഷെയിന്റെ പുതിയ ചിത്രമായ ബള്‍ട്ടിയുടെ പോസ്റ്ററുകളാണ് കേരളത്തിലുടനീളം വ്യാപകമായി നശിപ്പിക്കുന്നത്. ഇതിനെതിരെ ചിത്രത്തിൻ്റെ നിര്‍മാതാവ് സന്തോഷ് ടി കുരുവിള രംഗത്ത് വന്നിരുന്നു. 

ഇത് കടുത്ത അസഹിഷ്ണുതയാണെന്നും എന്താണ് ഷെയ്ൻ നിഗം എന്ന ഒരു മികച്ച യുവനടൻ ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരുന്നു.

കുഞ്ഞുങ്ങളെ കൊല്ലുന്നത് കണ്ടിട്ടാണ് താന്‍ പ്രതികരിച്ചതെന്നും എന്നാല്‍ പലരും കണ്ടത് തന്റെ മതമാണെന്നും ഷെയ്ന്‍ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരുന്നു.

Advertisment