കള്ളുഷാപ്പിൽ വച്ച് വിദേശമദ്യം കുടിക്കാൻ അനുവദിച്ചില്ല; പാലക്കാട് ഷാപ്പ് ജീവനക്കാരനെ മർദിച്ച് കൊലപ്പെടുത്തി

New Update
kerala police vehicle1

പാലക്കാട്: കള്ളുഷാപ്പിൽ വച്ച് വിദേശമദ്യം കുടിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് ഷാപ്പ് ജീവനക്കാരനെ മർദിച്ച് കൊലപ്പെടുത്തി. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം.

Advertisment

മുണ്ടൂര്‍ പന്നമല സ്വദേശി എന്‍ രമേഷ് ആണ് മരിച്ചത്. 50 വയസ്സായിരുന്നു. ചള്ളപ്പാത എം ഷാഹുല്‍ ഹമീദ് ആണ് കൊലപാതകം നടത്തിയത്.

ഇന്നു രാവിലെയാണ് പ്രദേശവാസികള്‍ രമേഷിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഇന്നലെ രാത്രിയിലാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു.

കൊഴിഞ്ഞാമ്പാറ വിദേശമദ്യ വില്‍പനശാലയ്ക്കു സമീപത്തുള്ള കള്ളുഷാപ്പിലേക്ക് ഷാഹുല്‍ ഹമീദ് മദ്യവുമായി എത്തുകയായിരുന്നു. മദ്യപിക്കാന്‍ ഒരുങ്ങിയപ്പോള്‍ രമേഷ് ഇത് തടഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ഷാഹുല്‍ ഹമീദ് അവിടെനിന്നു പോവുകയും ചെയ്തു. 

രാത്രി എട്ടരയോടെ കള്ളുഷാപ്പ് പൂട്ടി പുറത്തിറങ്ങിയ രമേഷിനെ പിന്തുടര്‍ന്നെത്തിയ ഷാഹുല്‍ ഹമീദ് റോഡരികില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

Advertisment