കൊച്ചി ബിനാലെ ഫൗണ്ടേഷന് പ്ലാറ്റിനം ബെനഫാക്ടറായി ഷെഫാലി വര്‍മ്മ

New Update
KMB 2025

കൊച്ചി: പ്രമുഖ സമകാലീന കലാസ്വാദകയും സംരംഭകയുമായ ഷെഫാലി വര്‍മ്മ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍റെ (കെബിഎഫ്) പുതിയ പ്ലാറ്റിനം ബെനഫാക്ടറായി. ദി ആര്‍ഡീ ഫൗണ്ടേഷന്‍, സെന്‍റര്‍ ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്ട് (സിസിഎ) എന്നിവയുടെ ചെയര്‍പേഴ്സണ്‍ ആണ് ഷെഫാലി വര്‍മ്മ.

റിയല്‍ എസ്റ്റേറ്റ്, വിദ്യാഭ്യാസം, കായികം, കല എന്നിങ്ങനെ വിവിധ മേഖലകളില്‍ നേതൃത്വപാടവം തെളിയിച്ച സംരംഭകയാണ് ഷെഫാലി വര്‍മ്മ. കിരണ്‍ നാടാര്‍, മറിയം റാം, ഷബാന ഫൈസല്‍, സംഗീത ജിന്‍ഡാല്‍, അദീബ് അഹമ്മദ് എന്നിവര്‍ ഉള്‍പ്പെടുന്ന പ്രമുഖരായ കെബിഎഫ് പ്ലാറ്റിനം ബെനഫാക്ടര്‍മാരുടെ നിരയിലേക്കാണ് ഷെഫാലി വര്‍മ്മ എത്തുന്നത്.

വിദ്യാഭ്യാസം, കായികം, കല, റിയല്‍ എസ്റ്റേറ്റ് എന്നിവയിലൂടെ രാജ്യത്തിന്‍റെ വളര്‍ച്ചയില്‍ വലിയ സ്വാധീനം ചെലുത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ദി ആര്‍ഡീ ഗ്രൂപ്പ്, ദി ആര്‍ഡീ സ്കൂള്‍സ് എന്നിവയുടെ ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍, പാരമ്പര്യ ബിസിനസിനെ വിവിധ മേഖലകളിലേക്ക് അവര്‍ വളര്‍ത്തി. പുതിയ നഗരങ്ങളെയും പുരോഗമനപരമായ സ്കൂളുകളെയും കായിക കേന്ദ്രങ്ങളെയും രൂപപ്പെടുത്തിയ അവര്‍ വിവിധ സാംസ്കാരിക വേദികള്‍ക്കും തുടക്കം കുറിച്ചു.

ന്യൂഡല്‍ഹിയില്‍ യശ:ശരീരനായ പിതാവ് ശ്രീ. അശോക് വര്‍മ്മയോടൊപ്പമാണ് ഷെഫാലി വര്‍മ്മ സംരംഭകത്വ മേഖലയിലേക്ക് കടന്നുവരുന്നത്. ഡല്‍ഹിയിലും പിന്നീട് ന്യൂയോര്‍ക്കിലെ പാര്‍സണ്‍സ് സ്കൂള്‍ ഓഫ് ഡിസൈനിലും പഠനം നടത്തിയ അവര്‍ തന്‍റേതായ കാഴ്ചപ്പാടുകളും വാണിജ്യതന്ത്രങ്ങളും വികസിപ്പിച്ചെടുത്തു. ഡല്‍ഹിയില്‍ ദി ആര്‍ഡീ സ്കൂള്‍സിന്‍റെ സ്ഥാപനത്തോടെ 2003 ല്‍ അവര്‍ വിദ്യാഭ്യാസ മേഖലയിലേക്ക് ചുവടുവെച്ചു. ഡല്‍ഹി, ഗുരുഗ്രാം, നോയിഡ, ഗോവ എന്നിവിടങ്ങളിലായി മോണ്ടിസ്സോറി, കെ-12 പഠനരീതികളില്‍ ശ്രദ്ധേയമായ കാമ്പസുകളായി ഇവ വളര്‍ന്നു. ആര്‍ഡീ റാക്കറ്റ് ക്ലബ്ബും ആര്‍ഡീ ആക്റ്റീവും സ്ഥാപിച്ച് കായിക മേഖലയിലേക്കും അവര്‍ കടന്നു.

Advertisment


കലയോടുള്ള അഭിനിവേശമുള്ള ആര്‍ട് കളക്ടറും വിവിധ സമകാലീന കലാ ഉദ്യമങ്ങളുടെ രക്ഷാധികാരിയുമാണ് ഷെഫാലി വര്‍മ്മ. പിതാവിന്‍റെ ഓര്‍മ്മയ്ക്കായി ന്യൂഡല്‍ഹിയില്‍ സെന്‍റര്‍ ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്ട് സ്ഥാപിച്ചു. സമകാലീന കലയിലെ നേതൃനിരയിലുള്ള വ്യക്തികള്‍, ആര്‍ട്ട് കളക്ടര്‍മാര്‍, രക്ഷാധികാരികള്‍ തുടങ്ങിയ സമൂഹത്തെ ഒരുമിപ്പിക്കുന്ന കൂട്ടായ്മയായാണ് ഇത് വിഭാവനം ചെയ്യുന്നത്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളം സിഎഎ കേന്ദ്രങ്ങള്‍ വ്യാപിപ്പിച്ച്, കലയുടെ ഭാവിയെ രൂപപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധമായ സമൂഹത്തെ കെട്ടിപ്പടുക്കാനാണ് ലക്ഷ്യമിടുന്നത്. കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് നല്‍കുന്ന പിന്തുണയുലൂടെ കലാപഠനം, സര്‍ഗ്ഗാത്മകത, സാംസ്കാരിക കൈമാറ്റം എന്നിവയുടെ തുടര്‍ച്ച ഉറപ്പാക്കാന്‍ സാധിക്കും.

ആര്‍ഡി ഫൗണ്ടേഷന്‍റെ ഭാഗമായി സാമൂഹിക പ്രതിബദ്ധതയിലും മുന്‍പന്തിയിലുള്ള ഷെഫാലി വര്‍മ്മ, നിര്‍മ്മാണ തൊഴിലാളികളുടെ കുട്ടികള്‍ക്കായി ക്രഷുകള്‍ ആരംഭിക്കുകയും സ്ത്രീകളെയും കുട്ടികളെയും ശാക്തീകരിക്കുന്നതിനായി എന്‍ജിഒകളുമായി സഹകരിക്കുകയും ചെയ്തു വരുന്നു. പരിസ്ഥിതി അവബോധത്തിനായി അറ്റ് മൈ റൈറ്റ് ടു ബ്രീത്ത് എന്ന പ്രചാരണത്തിന്‍റെ സഹസ്ഥാപക കൂടിയാണ് അവര്‍. അശോക് ആര്‍ഡീ അച്ചീവ്മെന്‍റ് അവാര്‍ഡ്, നിര്‍മ്മല്‍ ഹെം ബാല്‍ ശിക്ഷ ഇനിഷ്യേറ്റീവ് എന്നിവയിലൂടെ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവസരങ്ങള്‍ തുറന്നു നല്‍കാനും ഷെഫാലി വര്‍മ്മ ശ്രമിക്കുന്നുണ്ട്.

ദര്‍ശനവും നടപടികളും വിജയത്തെ സമ്മാനിക്കുന്നു എന്ന ഷെഫാലി വര്‍മ്മയുടെ മാര്‍ഗ്ഗനിര്‍ദ്ദേശ തത്വം അവരുടെ ഓരോ സംരംഭത്തിലും വ്യക്തമാണ്. സമൂഹങ്ങളെ കെട്ടിപ്പടുക്കുന്നതിലും വിദ്യാര്‍ത്ഥികളെ ശാക്തീകരിക്കുന്നതിലും പാരമ്പര്യം സംരക്ഷിക്കുന്നതിലുമാണ് അവരുടെ ശ്രദ്ധ. എഫ്ഓആര്‍ഇ സ്കൂള്‍ ഓഫ് മാനേജ്മെന്‍റ്, ഐഐഎം ലഖ്നൗ, ഫിക്കി എറൈസ്, എഫ്ഐസിഎ തുടങ്ങിയ സ്ഥാപനങ്ങളിലും സജീവമായ പങ്കാളിത്തം അവര്‍ക്കുണ്ട്

Advertisment