New Update
/sathyam/media/media_files/2025/10/18/yanam-meera-2025-10-18-17-29-39.jpg)
വര്‍ക്കല: അതിവിശാലമായ സാധ്യതകള്‍ ഉള്‍ക്കൊള്ളുന്നതാണ് സഞ്ചാര സാഹിത്യമെന്ന് ബുക്കര്‍ പുരസ്കാര ജേതാവായ ശ്രീലങ്കന്‍ എഴുത്തുകാരന്‍ ഷെഹാന്‍ കരുണതിലക പറഞ്ഞു.
യാത്രാ വിവരണം രാഷ്ട്രീയമായതും വ്യക്തിപരമായതുമാകാം. ചിലപ്പോള്‍ സന്ദര്‍ശിച്ച സ്ഥലത്തേക്കാള്‍ കൂടുതലായി എഴുത്തുകാരനെ കുറിച്ചാണ് അവ പറയുന്നത്. വര്‍ക്കലയില്‍ നടക്കുന്ന യാനം ട്രാവല്‍ ലിറ്റററി ഫെസ്റ്റില്‍ എഴുത്തുകാരി കെ ആര്‍ മീരയും എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ പല്ലവി അയ്യരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
കേരള ടൂറിസം സംഘടിപ്പിച്ച രാജ്യത്തെ തന്നെ ആദ്യ ട്രാവല്‍-ലിറ്റററി ഫെസ്റ്റിവലിന്‍റെ ഉദ്ഘാടന ചടങ്ങിന് ശേഷം നടന്ന ആദ്യ സെഷനില്‍ യാനം ഫെസ്റ്റിവല്‍ ഡയറക്ടറും ക്യൂറേറ്ററുമായ സബിന്‍ ഇഖ്ബാല്‍ മോഡറേറ്ററായിരുന്നു.
സഞ്ചാര സാഹിത്യത്തിന് നിരവധി രൂപങ്ങളുണ്ടെങ്കിലും തനിക്ക് ഏറെ ആകര്‍ഷണം തോന്നിയിട്ടുള്ള എഴുത്തുകാരന്‍ എ എ ഗില്‍ ആണ്. വിവരണങ്ങളില്‍ താന്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളോട് നിരാസം പ്രകടമാക്കുന്നതാണ് അദ്ദേഹത്തിന്‍റെ രീതിയെന്ന് ഷെഹാന്‍ കരുണതിലക അഭിപ്രായപ്പെട്ടു.
ശ്രീലങ്കയില്‍ നിന്ന് അകലെ താമസിച്ചപ്പോള്‍ തന്‍റെ നാടിനെ കുറിച്ച് കൂടുതല്‍ വ്യക്തമായി എഴുതാന്‍ കഴിഞ്ഞതായി സ്വന്തം കൃതികളെപ്പറ്റി പരാമര്‍ശിക്കവേ അദ്ദേഹം വ്യക്തമാക്കി. നാട്ടില്‍ ആയിരുന്നതിനേക്കാള്‍ വിദേശത്തായിരുന്നപ്പോഴാണ് ശ്രീലങ്ക കൂടുതല്‍ ആകര്‍ഷകമായി തോന്നിയതെന്നും അദ്ദേഹം പറഞ്ഞു.
യാത്രകളിലൂടെ മനുഷ്യരാശി പൊതുവായ ജ്ഞാനവും അറിവുകളും പങ്കിടുന്നുവെന്ന് മനസിലാക്കാന്‍ സാധിച്ചതായി മധ്യേഷ്യന്‍ രാജ്യമായ കസാഖിസ്ഥാനിലൂടെയുള്ള തന്‍റെ യാത്ര അനുസ്മരിച്ച് എഴുത്തുകാരി കെ ആര്‍ മീര പറഞ്ഞു.
കസാഖിസ്ഥാനില്‍ കണ്ട ചില ഷാമനിക് ആചാരങ്ങള്‍ കേരളത്തിലെ ചില അനുഷ്ഠാനങ്ങളുമായി സാമ്യമുള്ളതായിരുന്നു. അത് നമ്മുടെ ഉത്ഭവത്തെക്കുറിച്ച് ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. ലോകമെമ്പാടും വ്യാപിച്ച മനുഷ്യര്‍ക്ക് അങ്ങനെ ഒരു പൊതുവായ സവിശേഷത ഉണ്ടാകാമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
എന്‍റെ എല്ലാ കൃതികളും യാത്രകളില്‍ നിന്നാണ് പിറന്നത്. യാത്ര എന്നെ വളരാന്‍ സഹായിക്കുന്നു. ആരാച്ചാര്‍ എന്ന തന്‍റെ കൃതി കൊല്‍ക്കത്തയിലെ വിപുലമായ യാത്രകളുടെ ഫലമാണെന്ന് കേന്ദ്ര സാഹിത്യ അക്കാദമി ജേതാവ് കൂടിയായ കെ ആര്‍ മീര കൂട്ടിച്ചേര്‍ത്തു.
ലോകത്തെവിടെയും മനുഷ്യര്‍ക്കുള്ള ആശങ്കകളും ആകുലതകളും സമാനമാണെന്ന്, ലോകമെമ്പാടുമുള്ള മനുഷ്യരുടെ പൊതുവായ സവിശേഷതകളെ കുറിച്ചുള്ള മീരയുടെ വീക്ഷണത്തോട് യോജിച്ച് പല്ലവി അയ്യര്‍ പറഞ്ഞു. ജപ്പാന്‍, ചൈന, യൂറോപ്പിലെ ചില സ്ഥലങ്ങള്‍ എന്നിവയിലൂടെ താന്‍ നടത്തിയ യാത്രയില്‍ ട്രാഫിക്, ഭക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ പോലും സമാനമായ ആശങ്കകളാണ് മനുഷ്യര്‍ പങ്കുവയ്ക്കുന്നതെന്ന് അവര്‍ പറഞ്ഞു.
യാത്ര ചെയ്യുക എന്നത് സ്വയം തിരിച്ചറിയാനുള്ള പ്രക്രിയയാണ്. രാജ്യത്തിനു പുറത്തുപോയപ്പോള്‍ മാത്രമാണ് 'ഇന്ത്യക്കാരനായിരിക്കുക എന്നതിനെക്കുറിച്ച് 'എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.
യുദ്ധത്തില്‍ നിന്നോ സംഘര്‍ഷത്തില്‍ നിന്നോ രക്ഷപ്പെടാന്‍ അതിര്‍ത്തി കടന്ന് പോകേണ്ടി വരുന്ന അഭയാര്‍ത്ഥിയുടെ യാത്രയും യൂറോപ്പിലൂടെ നടത്തുന്ന വിനോദയാത്രയും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും പല്ലവി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള 50 ലേറെ പ്രശസ്തരായ പ്രഭാഷകര്‍ യാനം ലിറ്റററി ഫെസ്റ്റില്‍ തങ്ങളുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെയ്ക്കും.
Advertisment
MD NICHE