പഴഞ്ചന്‍ കപ്പലുകളുടെ ശവപ്പറമ്പായി ഇന്ത്യന്‍ തീരം. വെടിവച്ചു കൊന്നാലും നഷ്ടപരിഹാരം നല്‍കി കേസൊതുക്കാമെന്ന ഇറ്റാലിയന്‍ കപ്പലിന്റെ മാതൃക അപകടകരം. കടലില്‍ അടിക്കടി കത്തിയമര്‍ന്ന് കപ്പലുകള്‍. ലോകമാകെ നിരോധിച്ച കപ്പലുകള്‍ ഇവിടെ ഫീഡര്‍ സര്‍വീസിന്. കപ്പല്‍ അപകടങ്ങളുടെ പ്രത്യാഘാതം വര്‍ഷങ്ങളോളം. കോടികളുടെ ഇന്‍ഷ്വറന്‍സ് തട്ടിപ്പ് നടക്കുന്നതായും സംശയം. തുടരെത്തുടരെയുള്ള കപ്പല്‍ അപകടങ്ങള്‍ക്ക് പിന്നില്‍

നേരത്തേ കൊച്ചിയിൽ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ കപ്പലിൽ നിന്ന് വെടിവച്ച സംഭവത്തിൽ 10കോടിരൂപ നഷ്ടപരിഹാരം വാങ്ങി കേസ് അവസാനിപ്പിക്കുകയായിരുന്നു.

New Update
elsa-ship

ഡൽഹി: ഇന്ത്യൻ തീരത്ത് അടിക്കടിയുണ്ടാവുന്ന കപ്പൽ അപകടങ്ങൾ അട്ടിമറിയിയെന്ന സംശയം ബലപ്പെടുന്നു. കേരള തീരത്ത് തുടർച്ചയായി രണ്ട് കപ്പലുകൾ കത്തിയതിന് പിന്നാലെ ഇന്ന് അരിയും പഞ്ചസാരയുമായി സോമാലിയയിലേക്ക് പോകേണ്ട കപ്പലിന് ഗുജറാത്ത് തീരത്ത് തീപിടിച്ചു.

Advertisment

കേരളത്തോട് ചേർന്ന അന്താരാഷ്ട്ര കപ്പൽച്ചാലിൽ രണ്ടാഴ്ചയ്ക്കിടെ  രണ്ട് കപ്പൽ അപകടങ്ങളുണ്ടായത് കോടികളുടെ ഇൻഷ്വറൻസ് തട്ടാൻ മന:പൂർവ്വം സൃഷ്ടിച്ചതാണോയെന്ന് നേരത്തേ  സംശയമുണ്ടായിരുന്നു. കൊച്ചി തീരത്തിന് അടുത്തായി മേയ്25ന് മുങ്ങിയ എം.എസ്.സി എൽസ കപ്പലിന് 28വർഷത്തെയും ബേപ്പൂരിന് 45നോട്ടിക്കൽ മൈൽ അകലെ തീപിടിച്ച വാൻഹായ്-503 കപ്പലിന് 20വർഷത്തെയും പഴക്കമുണ്ട്.


അതേസമയം, ജാംനഗറിലെ കമ്പനിയുടേതാണ് ഗുജറാത്തിൽ കത്തിയ കപ്പൽ. കപ്പൽ കമ്പനികൾക്കെതിരേ ക്രിമിനൽ കേസുവേണ്ടെന്നും ഇൻഷ്വറൻസ് ക്ലെയിം നേടിയെടുക്കുകയാണ് പ്രധാനമെന്നുമാണ് സംസ്ഥാനങ്ങളുടെ നിലപാട്.

അതിനാൽ കേസിന്റെ നൂലാമാലകളില്ലാതെ രക്ഷപെടാൻ കമ്പനികൾക്കാവും. നേരത്തേ കൊച്ചിയിൽ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ കപ്പലിൽ നിന്ന് വെടിവച്ച സംഭവത്തിൽ 10കോടിരൂപ നഷ്ടപരിഹാരം വാങ്ങി കേസ് അവസാനിപ്പിക്കുകയായിരുന്നു.

കേരള തീരത്ത് കത്തിയമർന്ന കപ്പലുകൾ ഓരോന്നിനും  500കോടിയിലേറെ നിർമ്മാണ ചെലവുള്ളവയാണ്. കപ്പലുകൾക്കും അതിലെ ചരക്കിനുമടക്കം കോടികളുടെ ഇൻഷ്വറൻസ് പരിരക്ഷയുണ്ട്. ഈ തുകയ്ക്കായി പഴഞ്ചൻ കപ്പലുകൾ അപകടപ്പെടുത്തുന്നതാണോയെന്നാണ് സംശയം.  


കൊച്ചിയിൽ മുങ്ങിയ കപ്പലിന് കടലിൽ ബാലൻസ് (സന്തുലനം) ഉറപ്പാക്കുന്ന ബല്ലാസ്റ്റ് മാനേജ്മെന്റ് സംവിധാനം പോലും തകരാറിലായിരുന്നു. കപ്പൽ യാത്രായോഗ്യമായിരുന്നില്ല. മെഡിറ്ററേനിയൻ കടലിലെ 15മീറ്റർവരെ ഉയരമുള്ള തിരകൾ പോലും മറികടക്കാനാവുന്ന കപ്പൽ, കൊച്ചിയിൽ 26ഡിഗ്രി ചരിഞ്ഞപ്പോഴേക്കും 12മണിക്കൂർ കൊണ്ട് പൂർണമായി മുങ്ങിപ്പോയതെങ്ങനെയെന്ന് ഇപ്പോഴും ദുരൂഹമായി നിൽക്കുന്നു.


ഇന്ത്യയിൽ കപ്പൽ അപകടങ്ങളിലെ ദുർബലമായ നിയമങ്ങളാണ് അടിക്കടിയുണ്ടാവുന്ന ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നും വിലയിരുത്തലുണ്ട്.  കൊച്ചിക്കടലിൽ മുങ്ങിയ എം.എസ്.സി എൽസ-3 ചരക്കു കപ്പൽ കാരണമുള്ള നഷ്ടങ്ങൾക്ക് 9531 കോടി രൂപയുടെ നഷ്ടപരിഹാരം കേരളം ആവശ്യപ്പെട്ടെങ്കിലും ബാധകമായ നിയമങ്ങളും മാർഗനിർദേശങ്ങളും അനുസരിച്ച് കണക്കു കൂട്ടിയാൽ 12.27 കോടി രൂപ മാത്രമേ നഷ്ടപരിഹാരം നൽകേണ്ടതുള്ളൂവെന്നും കമ്പനി പറയുന്നു.

എണ്ണച്ചോർച്ച കാരണമുള്ള പരിസ്ഥിതി നാശത്തിനും വള്ളവും വലയും നഷ്ടമായ മത്സ്യത്തൊഴിലാളികൾക്കുമടക്കം നഷ്ടപരിഹാരം ലഭിക്കുമെന്നായിരുന്നു സർക്കാരിന്റെ പ്രതീക്ഷ.

കപ്പൽ അപകടം കാരണം കേരളത്തിന്റെ സമുദ്രാതിർത്തിയിൽ ഗുരുതര പരിസ്ഥിതി നാശമുണ്ടായിട്ടില്ലെന്നും കേരളത്തിന് കപ്പലിനെതിരേ കേസുകൊടുക്കാനുള്ള അധികാരമില്ലെന്നും കപ്പൽ കമ്പനി വാദിക്കുന്നു. കപ്പൽ ഇന്ത്യൻ തീരത്തു നിന്ന് മാറ്റുകയും ചെയ്തു.


കൊച്ചിയിൽ മുങ്ങിയ കപ്പലിന് ഗുരുതര സാങ്കേതിക തകരാറുണ്ടായിരുന്നതായി വ്യക്തമായിട്ടുണ്ട്. സമയത്ത് അറ്റകുറ്റപ്പണി നടത്താതെയും സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാതെയും അപകടങ്ങൾക്ക് കമ്പനികൾ തന്നെ വഴിയൊരുക്കുന്നതാണോയെന്നും സംശയിക്കുന്നുണ്ട്. ശരാശരി 25വർഷമാണ് കപ്പലുകളുടെ കാലാവധി.


ജപ്പാനിലും മറ്റും 15വർഷമേയുള്ളൂ. കപ്പൽ പൊളിക്കാനും പുതിയത് വാങ്ങാനുമുള്ള ഭാരിച്ച ചെലവൊഴിവാക്കാൻ ആസൂത്രണം ചെയ്യുന്നവയാണോ അപകടങ്ങളെന്നാണ് സംശയം. കപ്പലുകളുടെ ഫിറ്റ്‌നസും കണ്ടെയ്നറുകളിലെ രാവസ്തുക്കളുടെ സുരക്ഷിതത്വവുമെല്ലാം പരിശോധിച്ച് ഉറപ്പുവരുത്താത്തതും ഇതിലേക്കാണ് വിരൽചൂണ്ടുന്നത്.

കാലപ്പഴക്കം ചെന്ന കപ്പൽ കടലിന്റെ അടിത്തട്ടിൽ നിന്നുയർത്തുക പണച്ചെലവേറിയതായതിനാൽ ഇൻഷ്വറൻസ് കമ്പനികൾ അതിന് മെനക്കെടാതെ ക്ലെയിം നൽകുകയാണ് പതിവ്. അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനും യൂറോപ്യൻ യൂണിയനും പഴഞ്ചൻ കപ്പലുകൾക്ക് നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷമുണ്ടായ 42ശതമാനം കപ്പൽ അപകടങ്ങളും പഴഞ്ചൻ കപ്പലുകൾക്കാണ്. 2018ൽ ഇത് 10ശതമാനം മാത്രമായിരുന്നു. കാർഗോ കടത്ത് വർദ്ധിച്ചതോടെ പഴഞ്ചൻ കപ്പലുകളും പൊളിക്കുന്നത് വൈകിപ്പിച്ച് ഫീഡർ സർവീസുകൾക്ക് ഉപയോഗിക്കുകയാണിപ്പോൾ.  


മാസങ്ങളോളമോ വർഷങ്ങളോളമോ നീണ്ടുനിൽക്കുന്ന പ്രത്യാഘാതങ്ങളാണ് കപ്പൽ മുങ്ങുന്നതിലൂടെ ഉണ്ടാവുക. കൊച്ചിയിൽ മുങ്ങിയ കപ്പലിൽ ഇന്ധന എണ്ണയുടെ വലിയ തോതിലുള്ള ചോർച്ച ഉണ്ടായിട്ടില്ല എന്നത് ആശ്വാസമാണ്, പക്ഷെ കപ്പൽ അവിടെ കിടക്കുന്നിടത്തോളം ഇത്തരത്തിൽ ഒരു ഓയിൽ സ്പിൽ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്.


കടലിനടിയിൽ കിടക്കുന്ന കപ്പലിൽ നിന്ന് പോലും ഇന്ധന എണ്ണ ഊറ്റിയെടുക്കാനാവും. ഇതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്ലാസ്റ്റിക് നർഡിലുകൾ (ചെറിയ തരികൾ) ഉള്ളത് തീരത്ത് എത്തിയിട്ടുണ്ട്.  ഇത് തൊട്ടാൽ അപകടകാരി ഒന്നുമല്ലെങ്കിലും മൽസ്യങ്ങളോ ഡോൾഫിനുകളോ ആമകളോ ഭക്ഷണമാണെന്ന് കരുതി കഴിക്കാനും അവയ്ക്ക് ആപത്ത് സംഭവിക്കാനും വഴിയുണ്ട്.

ഇത് വർഷങ്ങളോളം നീളുന്ന പ്രത്യാഘാതമാണ്. രാസവസ്‌തുക്കൾ കടലിൽ കലർന്നാൽ ദീർഘകാല പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാകും. പെട്രോളിയം ഉത്പന്നങ്ങൾ, അവ ജലവുമായി ചേരുമ്പോഴുണ്ടാകുന്ന ആരോമാറ്റിക് ഹൈഡ്രോ കാർബൺ പോലുള്ള ഉപോത്പന്നങ്ങൾ എന്നിവ കടലിന്റെ അടിത്തട്ടിലെ ജൈവവ്യവസ്ഥയെ തകരാറിലാക്കും.

ചെറുജീവികൾ, ലാർവകൾ, മുട്ടകൾ തുടങ്ങിയ നശിക്കും. മത്സ്യങ്ങളുടെ പ്രജനനത്തെ ഉൾപ്പെടെ ബാധിക്കും. അടിത്തട്ടിലെ ആയിരക്കണക്കിന് ജീവികളെയും ബാധിക്കും.

Advertisment