കൊച്ചി തീരത്ത് കപ്പല്‍ മുങ്ങിയതിലൂടെ മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായ നഷ്ടവും പരിസ്ഥിതി നാശത്തിന്റെ നഷ്ടപരിഹാരവുമെല്ലാം സ്വാഹ...! കേരളം ആവശ്യപ്പെട്ട 9531 കോടി നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കമ്പനി. എണ്ണച്ചോര്‍ച്ച ഉണ്ടായത് പേരിനുമാത്രം. മത്സ്യബന്ധനം നിരോധിക്കേണ്ട സാഹചര്യമുണ്ടായില്ല. ആളുകള്‍ പേടികൊണ്ട് മീന്‍ വാങ്ങാതിരുന്നതിന് നഷ്ടപരിഹാരം നല്‍കാനാവില്ല. നഷ്ടപരിഹാരം തരാതിരിക്കാന്‍ അടവുകളുമായി കമ്പനി

ബാധകമായ നിയമങ്ങളും മാർഗനിർദേശങ്ങളും അനുസരിച്ച് കണക്കു കൂട്ടിയാൽ 12.27 കോടി രൂപ മാത്രമേ നഷ്ടപരിഹാരം നൽകേണ്ടതുള്ളൂവെന്നും കമ്പനി പറയുന്നു.

New Update
Untitledtarif

തിരുവനന്തപുരം: കൊച്ചിക്കടലിൽ മുങ്ങിയ എം.എസ്.സി എൽസ-3 ചരക്കു കപ്പൽ കേരളത്തിന് ദീർഘകാല ഭീഷണിയാണെന്നിരിക്കെ, കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട 9531 കോടി രൂപയുടെ നഷ്ടപരിഹാരം നൽകാനാവില്ലെന്ന് കമ്പനി നിലപാടെടുത്തത് സംസ്ഥാനത്തിന് വൻ തിരിച്ചടിയാണ്.

Advertisment

കപ്പൽ അപകടം കാരണം കേരളത്തിന്റെ സമുദ്രാതിർത്തിയിൽ ഗുരുതര പരിസ്ഥിതി നാശമുണ്ടായിട്ടില്ലെന്നും കേരളത്തിന് കപ്പലിനെതിരേ കേസുകൊടുക്കാനുള്ള അധികാരമില്ലെന്നും കപ്പൽ കമ്പനി വാദിക്കുന്നു. 


ബാധകമായ നിയമങ്ങളും മാർഗനിർദേശങ്ങളും അനുസരിച്ച് കണക്കു കൂട്ടിയാൽ 12.27 കോടി രൂപ മാത്രമേ നഷ്ടപരിഹാരം നൽകേണ്ടതുള്ളൂവെന്നും കമ്പനി പറയുന്നു.

എണ്ണച്ചോർച്ച കാരണമുള്ള പരിസ്ഥിതി നാശത്തിനും വള്ളവും വലയും നഷ്ടമായ മത്സ്യത്തൊഴിലാളികൾക്കുമടക്കം നഷ്ടപരിഹാരം ലഭിക്കുമെന്നായിരുന്നു സർക്കാരിന്റെ പ്രതീക്ഷ. മീൻപിടുത്ത നിരോധനം കാരണം കഷ്ടത്തിലായിരുന്ന തൊഴിലാളികൾക്കും തീരത്തടിയുന്ന എണ്ണയും പ്ലാസ്റ്റിക് ഗ്രാന്യൂളുകൾ നീക്കിയതിനുമെല്ലാം പണം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതെല്ലാം പ്രതീക്ഷ മാത്രമായി അവശേഷിക്കാനാണ് സാദ്ധ്യത.

മുങ്ങിയ കപ്പലും ഇപ്പോൾ വിഴിഞ്ഞം തുറമുഖത്ത് അറസ്റ്റ് ചെയ്തിട്ടിരിക്കുന്ന എം.എസ്.സി അക്കിറ്റേറ്റ 2 എന്ന കപ്പലിന്റെ ഉടമസ്ഥനും ഒരാൾ അല്ലെന്നും  കപ്പൽ അറസ്റ്റ് ചെയ്ത ഉത്തരവ് നീക്കണമെന്നും കപ്പൽ കമ്പനി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു. 


കപ്പൽ മുങ്ങിയത് കേരള തീരത്തു നിന്ന് 14.5 നോട്ടിക്കൽ മൈലിന് പുറത്തായതിനാൽ കേന്ദ്ര സർക്കാരിനു മാത്രമേ അഡ്‌മിറാൽറ്റി സ്യൂട്ട് ഫയൽ ചെയ്യാനാകൂ എന്നാണ് എം.എസ്.സി വിശദീകരിക്കുന്നത്. എസ്ക്ല്യൂസീവ് എക്കണമോക് സോണിൽ അധികാരം കേന്ദ്രത്തിനാണ്. കേരളത്തിന്റെ ആവശ്യം നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടി.


അതിനിടെ എം.എസ്.സി എൽസ 3 കപ്പലിന്റെ രജിസ്ട്രേഡ് ഉടമസ്ഥരായ എൽസ 3 മാരിടൈം ഐ.എൻ.സി ഹൈക്കോടതിയിൽ അഡ്മിറാൽറ്റി സ്യൂട്ട് ഫയൽ ചെയ്തു. ബാദ്ധ്യത മാരിടൈം നിയമപ്രകാരം പരിമിതപ്പെടുത്തണമെന്നാണ് ഇതിൽ ആവശ്യപ്പെടുന്നത്.

കപ്പലിൽ നിന്ന് നേരിയ തോതിൽ മാത്രമാണ് എണ്ണച്ചോർച്ച ഉണ്ടായത്. ഒരു നോട്ടിക്കൽ മൈൽ ചുറ്റളവിൽ എണ്ണപ്പാട കണ്ടെന്നും കോസ്റ്റ് ഗാർഡ് അത് നിർവീര്യമാക്കിയെന്നുമാണ് കേന്ദ്രസർക്കാർ അറിയിച്ചത്.

Untitledtarif

മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിശോധനയിൽ സമുദ്രജലത്തിന് കാര്യമായ മാറ്റമില്ലെന്നു കണ്ടെത്തിയിരുന്നു. മത്സ്യബന്ധനം നിരോധിക്കേണ്ട സാഹചര്യവുമുണ്ടായില്ല. ഭയം കാരണം മത്സ്യവിപണിക്കുണ്ടായ നഷ്ടത്തിന് തുക അവകാശപ്പെടാനാകില്ല.


കപ്പൽ മുങ്ങിയത് ട്രോളിംഗ് നിരോധന സമയത്തായിരുന്നു. അതിനാൽ മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം തേടുന്നത് ന്യായമല്ല. ഹാനികരമായ വസ്തുക്കളുണ്ടായിരുന്ന 13 കണ്ടെയ്നറുകൾ കപ്പലിനൊപ്പം സമുദ്രനിരപ്പിൽ നിന്ന് 54 മീറ്ററിൽ താഴെയാണ്.


തീരത്തണഞ്ഞ കണ്ടെയ്നറുകളിൽ ഹാനികരമായ വസ്തുക്കളുണ്ടായിരുന്നില്ല. പ്ലാസ്റ്റിക് തരികൾ വാരി മാറ്റുന്നുണ്ട്. ശുചീകരണത്തിനു 1.37 കോടി രൂപ ചെലവായെന്ന സർക്കാർ വാദത്തിന് തെളിവില്ല.

ഫിഷറീസ് യൂണിവേഴ്സിറ്റിയുടെ പഠനത്തിന് 45 ലക്ഷം ചെലവു പറയുന്നത് ഇതുമായി ബന്ധമില്ല. നഷ്ടപരിഹാര ക്ലെയിമിന് നോഡൽ ഏജൻസിയായി ഷിപ്പിംഗ് ഡയറക്ടർ ജനറലിനെ നിയമിച്ചത് സർക്കാർ മറച്ചുവെച്ചെന്നും കപ്പൽ കമ്പനി പറയുന്നു.

എം‌എസ്‌സി എല്‍സ-3 കപ്പല്‍ ദുരന്തം നിസാരമെന്നായിരുന്നു തുടക്കത്തിൽ സർക്കാർ പറഞ്ഞിരുന്നത്. പിന്നീട് സ്ഥിതിഗതികളുടെ ഗൗരവം മനസിലാക്കി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ലൈബീരിയൻ പതാക വഹിക്കുന്ന 1997-ലെ ജർമന്‍ നിര്‍മിത 184 മീറ്റർ കണ്ടെയ്നർ കപ്പല്‍ എംഎസ്‌സി എല്‍സ-3 മെയ് 25-നാണ് കൊച്ചി തീരത്ത് മറിഞ്ഞ് മുങ്ങിയത്.


അപകടകരമായ വസ്തുക്കളടങ്ങിയ 13 കണ്ടെയ്നറുകളടക്കം 640 കണ്ടെയ്നറുകൾ കപ്പലിലുണ്ടായിരുന്നു. കപ്പലിൽ 367.1 ടൺ വെരി-ലോ സൾഫർ ഫ്യുവൽ ഓയിലും (വിഎല്‍എസ്എഫ്ഒ) 84.44 ടൺ മറൈൻ ഡീസലും ഉണ്ടായിരുന്നു. എണ്ണ, ഡീസൽ ചോർച്ച സ്ഥിരീകരിച്ചിട്ടുണ്ട്.


100-ലധികം കണ്ടെയ്‌നറുകള്‍ കടലിൽ നഷ്ടപ്പെട്ടതായും ഇവയില്‍ പലതും ആലപ്പുഴ, കൊല്ലം, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ കരയ്ക്കടിഞ്ഞതായും റിപ്പോർട്ടുണ്ട്.
 
മാസങ്ങളോളമോ വർഷങ്ങളോളമോ നീണ്ടുനിൽക്കുന്ന പ്രത്യാഘാതങ്ങളാണ് കപ്പൽ മുങ്ങിയതിലൂടെ ഉണ്ടാവുക. കപ്പൽ കമ്പനിയായ എംഎസ്സിയിൽ നിന്ന് നഷ്ടപരിഹാരം വാങ്ങിയെടുക്കാനും നിയമപോരാട്ടങ്ങൾക്കുമെല്ലാം ദുരന്ത പ്രഖ്യാപനം വേണ്ടിയിരുന്നു.  


ഇന്ധന എണ്ണയുടെ വലിയ തോതിലുള്ള ചോർച്ച ഉണ്ടായിട്ടില്ല എന്നത് ആശ്വാസമാണ്, പക്ഷെ കപ്പൽ അവിടെ കിടക്കുന്നിടത്തോളം ഇത്തരത്തിൽ ഒരു ഓയിൽ സ്പിൽ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്.


കടലിനടിയിൽ കിടക്കുന്ന കപ്പലിൽ നിന്ന് പോലും ഇന്ധന എണ്ണ ഊറ്റിയെടുക്കാനാവും. 600 ലധികം കണ്ടെയ്‌നറുകൾ ഉണ്ടായിരുന്നതിൽ പതിമൂന്ന് കണ്ടെയ്‌നറുകളിൽ കാൽസ്യം കാർബൈഡ് ആണ് ഉണ്ടായിരുന്നത്. 

കൂടാതെ ഏറെ പ്ലാസ്റ്റിക് നർഡിലുകൾ (ചെറിയ തരികൾ) ഉള്ളത് തീരത്ത് എത്തിയിട്ടുണ്ട്. ആഴക്കടലിൽ ഉള്ള നേരിയ എണ്ണപ്പാട മൽസ്യങ്ങളുടെ വൻതോതിലുള്ള ചത്തൊടുങ്ങലിന് കരണമാകാറില്ല. മുൻപ് പറഞ്ഞത് പോലെ ഇത്തരത്തിലുള്ള എണ്ണപ്പാടകൾ അതിവേഗം ബാഷ്പീകരിച്ച് പോകുന്നതുകൊണ്ട് അത് മൽസ്യങ്ങളുടെ ഉള്ളിൽ എത്താനും അതുവഴി മനുഷ്യന്റെ ഭക്ഷണശൃംഖലയിൽ എത്താനുമുള്ള സാധ്യത നിലവിൽ വളരെ കുറവാണ്.


കടൽത്തീരത്ത് പ്രധാനമായി കാണുന്നത് പ്ലാസ്റ്റിക് നർഡിൽസ് ആണ്. ഇത് തൊട്ടാൽ അപകടകാരി ഒന്നുമല്ലെങ്കിലും മൽസ്യങ്ങളോ ഡോൾഫിനുകളോ ആമകളോ ഭക്ഷണമാണെന്ന് കരുതി കഴിക്കാനും അവക്ക് ആപത്ത് സംഭവിക്കാനും വഴിയുണ്ട്. ഇത് വർഷങ്ങളോളം നീളുന്ന പ്രത്യാഘാതമാണ്.


രാസവസ്‌തുക്കൾ കടലിൽ കലർന്നാൽ ദീർഘകാല പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാകും. പെട്രോളിയം ഉത്പന്നങ്ങൾ, അവ ജലവുമായി ചേരുമ്പോഴുണ്ടാകുന്ന ആരോമാറ്റിക് ഹൈഡ്രോ കാർബൺ പോലുള്ള ഉപോത്പന്നങ്ങൾ എന്നിവ കടലിന്റെ അടിത്തട്ടിലെ ജൈവവ്യവസ്ഥയെ തകരാറിലാക്കും. ചെറുജീവികൾ, ലാർവകൾ, മുട്ടകൾ തുടങ്ങിയ നശിക്കും.

മത്സ്യങ്ങളുടെ പ്രജനനത്തെ ഉൾപ്പെടെ ബാധിക്കും. അടിത്തട്ടിലെ ആയിരക്കണക്കിന് ജീവികളെയും ബാധിക്കും. ചെമ്മീൻ ഉൾപ്പെടെ മത്സ്യങ്ങളുടെ പ്രജനനത്തിൽ നിർണായകമായ പങ്ക് വഹിക്കുന്ന പ്രദേശമാണിത്- ഇതെല്ലാം കണക്കാക്കിയുള്ള  9531 കോടി നഷ്ടപരിഹാരമാണ് കേരളം ആവശ്യപ്പെട്ടിരുന്നത്.

Advertisment