തിരുവനന്തപുരം: രാജ്യാന്തര കപ്പൽചാൽ കടന്നുപോകുന്ന കേരളത്തിൻെറ തീരത്തുളള അറബിക്കടലിൽ കപ്പലപകടങ്ങൾ ആവർത്തിക്കുന്നതിൽ തീരദേശ വാസികൾ കടുത്ത ആശങ്കയിലാണ്.
കൂറ്റൻ കപ്പലുകൾ വന്ന് അടുക്കാവുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രവർത്തനം ആരംഭിച്ചതോടെ കേരള തീരത്തെ രാജ്യാന്തര കപ്പൽച്ചാലിൽ കപ്പൽ ഗതാഗതം കൂടിയിട്ടുണ്ട്.
ഇതിനിടയിൽ അപകടങ്ങളും പതിവായതാണ് തീരപ്രദേശത്ത് താമസിക്കുന്ന ജനങ്ങളെ ആശങ്കയിലാക്കുന്നത്. അറബിക്കടലില്‍ ഒരു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ കപ്പലപകടമാണ് ഇന്ന് സംഭവിച്ചത്.
ആദ്യം കപ്പൽ മുങ്ങിയാണ് അപകടം ഉണ്ടായതെങ്കിൽ ഇപ്പോൾ തീപിടുത്തമാണ് അപകടകാരണം. രണ്ട് സംഭവങ്ങളിലും കപ്പലിലെ ചരക്ക് കണ്ടെയ്നറുകൾ കടലിലേക്ക് തെറിച്ചു വീണിട്ടുണ്ട്. ഇതാണ് ആശങ്കയുടെ അടിസ്ഥാനം.
/sathyam/media/media_files/2025/06/09/shipfirenew090625-219915.webp)
അറബിക്കടലിൽ ആലപ്പുഴ തീരത്തിന് പടിഞ്ഞാറ് ദിശയിൽ മുങ്ങിയ എം.എസ്.സി എല്‍സ 3 യില്‍ നിന്നുള്ള കണ്ടയ്‌നറുകളിൽ ഉണ്ടായിരുന്ന രാസവസ്തുക്കളും പ്ളാസ്റ്റിക് ഗ്രാന്യൂൾസും കടലിലും തീരത്തും പരിസ്ഥിതിക്ക് ഭീഷണിയായി തുടരുകയാണ്.
കടലിനെ ആശ്രയിച്ച് ജീവിക്കുന്ന മത്സ്യതൊഴിലാളികൾക്ക് മീൻ പിടിക്കാൻ പോലും പോകാൻ കഴിയാത്ത പ്രതിസന്ധിയാണ് ഇതുമൂലം ഉണ്ടായത്.
അപകടകരമായ രാസവസ്തുക്കൾ കടലിലിൽ കലർന്നത് മൂലം പിടിച്ചു കൊണ്ടുവരുന്ന മീൻ വാങ്ങാൻ ജനങ്ങൾ വൈമുഖ്യം പ്രകടിപ്പിച്ചതും പ്രതിസന്ധിയുണ്ടാക്കി.
ഏതാണ്ട് സമാനമാ അവസ്ഥയാണ് ഇന്ന് ബേപ്പൂർ തീരത്തിന് 78 നോട്ടിക്കൽ മൈൽ അകലെ തീപിടുത്തത്തിനിരയായ വാന്‍ഹായ് 503 എന്ന കപ്പലിൽ നിന്നും ഉണ്ടാകുന്നത്.
എൽസാ 3 ൽ നിന്നും തെറിച്ച് വീണ കണ്ടെയ്നറുകൾക്ക് ഉളളിലുളള വസ്തുക്കളും കേരളത്തിൻെറ തീരത്ത് തന്നെ അടിയുമോ എന്നാണ് തീരവാസികളുടെ ആശങ്ക. തീപിടുത്തത്തിന് ഇരയായ വാന്‍ഹായ് 503 കപ്പലിൽ അതീവ ഗുരുതര സ്വഭാവത്തിലുളള രാസവസ്തുക്കളാണുളളത്.
കണ്ടെയ്നറുകളിൽ കയറ്റിവിടുന്ന സാധനങ്ങളെ അവയുടെ സ്വഭാവം അനുസരിച്ച് 9 തരത്തിലാണ് രാജ്യാന്തര മാരിടൈം സൊസൈറ്റി വർഗീകരിച്ചിരിക്കുന്നത്.
/sathyam/media/media_files/2025/06/09/ll-386313.webp)
രാസവസ്തുക്കളുടെ അപകട ശേഷി കണക്കാക്കിയാണ് ഈ വർഗീകരണം.പെട്ടെന്ന് തീപിടിക്കുന്ന ദ്രാവക രൂപത്തിലുളള വസ്തുക്കളെ ക്ളാസ് 3 വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ക്ളാസ് 3 വിഭാഗത്തിൽപ്പെട്ട സാധനങ്ങൾ അടങ്ങിയ കണ്ടെയ്നറുകളും തീപിടുത്തം ഉണ്ടായ വാൻഹായ് 503 എന്ന കപ്പലിൽ ഉണ്ട്. തീപിടിക്കുന്ന ഖര രൂപത്തിലുളള വസ്തുക്കളെ ക്ളാസ് 4.1 എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇത്തരം വസ്തുക്കളും വാൻഹായ് കപ്പലിലുണ്ട്. സ്വയം തീപിടിക്കാൻ സാധ്യതയുളള സാധനങ്ങളെ ക്ളാസ് 4.2 എന്ന വിഭാഗത്തിലും അപകട സ്വഭാവത്തിലുളള വസ്തുക്കളെ ക്ളാസ് 6 വിഭാഗത്തിലുമാണ് പെടുത്തിയിരിക്കുന്നത്.
ഈ രണ്ട് വിഭാഗത്തിലും പെടുന്ന കണ്ടെയ്നറുകൾ വാൻഹായ് 503 എന്ന കപ്പലിലുണ്ട്. തീപിടുത്തത്തിലും പൊട്ടിത്തെറിയിലും 67 കണ്ടെയ്നറുകൾ കടലിലേക്ക് വീണതായാണ് വിവരം.
കടലിൽ വീണ കണ്ടെയ്നറുകളിൽ എത്രയെണ്ണം അപകടകരമായ സാധനങ്ങൾ കയറ്റിയതാണ് എന്നതിൽ വ്യക്തതയില്ല.
അപകടകരമായ വസ്തുക്കൾ കയറ്റിയ കണ്ടെയ്‌നറുകള്‍ കപ്പലില്‍ ഉണ്ടെങ്കിലും കേരള തീരത്തെ നേരിട്ട് ബാധിക്കുമെന്നതില്‍ ഇതുവരെ മുന്നറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.ഇത് തീരദേശ വാസികൾക്ക് ഏറെ ആശ്വാസകരമായ വാർത്തയാണ്.
കഴിഞ്ഞ മെയ് 24 നായിരുന്നു എം.എസ്.സി എല്‍സ 3 എന്ന ചരക്കുകപ്പല്‍ അറബി ക്കടലില്‍ അപകടത്തില്‍ പെടുന്നത്. അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് നഷ്ടപരിഹാരം നേടിയെടുക്കാനും, മാലിന്യം നീക്കാനുമുള്ള ശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്.
ഇതിനിടെ സംഭവിച്ച പുതിയ അപകടവും കേരള തീരത്തെ നേരിട്ട് ബാധിക്കുന്ന അവസ്ഥ വന്നാൽ സംസ്ഥാന സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടി വരും.
/sathyam/media/media_files/2025/05/30/4hcSOreWIk0vu8wHV3ux.jpg)
എം.എസ്.സി എൽസ 3യുടെ ഉടമകളായ മെഡിറ്ററേനിയൻ ഷിപ്പിങ്ങ് കമ്പനിക്ക് എതിരെ നിയമ നടപടിക്ക് പോകേണ്ടെന്ന സർക്കാർ തീരുമാനം ഇതിനകം വിവാദമായിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖവുമായി സഹകരിച്ച് പോകുന്ന കപ്പൽ കമ്പനി എന്ന നിലയിലാണ് നിയമ നടപടി വേണ്ടെന്ന് തീരുമാനിക്കാൻ കാരണം.
വാൻഹായ് 503 കപ്പലിലെ തീപിടുത്തവും പാരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ടാക്കുകയാണെങ്കിൽ സർക്കാർ എന്ത് സമീപനം സ്വീകരിക്കും എന്നതാണ് തീരവാസികളിൽ നിന്ന് ഉയരുന്ന ചോദ്യം