/sathyam/media/media_files/2024/10/27/MEKA4nqbOcU4JsNv9HuD.jpg)
കോട്ടയം: ഭാരതത്തിലെ ഏറ്റവും മികച്ച സമ്മാനത്തുകയുള്ള ചെറു ഫിലിം മേളകളിലൊന്നായ 'അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ' എൻട്രികൾ ക്ഷണിച്ചു. 2024 നവംബർ ഒന്നു മുതലാണ് എൻട്രികൾ സമർപ്പിക്കാവുന്നത്.
കോട്ടയത്ത് വച്ചാണ് അടുത്ത വർഷം മാർച്ച് 14, 15, 16 തീയതികളിൽ ദേശീയ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്. തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രമുഖ സിനിമാ സംവിധായകനായ ജി. അരവിന്ദന്റെ ഓർമ്മയ്ക്കായി 'അരവിന്ദം' എന്നു പേരിട്ട നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
ഒരു ലക്ഷം രൂപ വീതം സമ്മാനത്തുകയും മെമന്റോയും ഉള്ള പൊതു വിഭാഗമായും അര ലക്ഷം വീതം സമ്മാനത്തുകയുള്ള ക്യാമ്പസ് വിഭാഗമായും, രണ്ട് വിഭാഗങ്ങളായിട്ടാണ് പുരസ്കാരങ്ങൾ. മികച്ച ചിത്രം, മികച്ച നടൻ, മികച്ച നടി, സംവിധായകൻ, സിനിമോട്ടോഗ്രഫി, തിരക്കഥ, എന്നിവയ്ക്ക് പൊതുവിഭാഗത്തിലും കാമ്പസ് വിഭാഗത്തിലും പുരസ്കാരങ്ങൾ നൽകും.
കൂടാതെ നൽകിയിട്ടുള്ള വിഷയങ്ങൾ അടിസ്ഥാനമാക്കി ചിത്രീകരിച്ച ഒരു മികച്ച ചിത്രത്തിനും പുരസ്കാരമുണ്ടായിരിക്കും. അരവിന്ദം ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പ്രദർശനത്തിന് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾക്ക് പതിനായിരം രൂപ ക്യാഷ് അവാർഡും മൊമന്റോയും ഉണ്ടായിരിക്കും.
2024 ജനുവരി ഒന്നു മുതൽ ഡിസംബർ 30 വരെ പൂർത്തീകരിച്ചതോ റിലീസ് ചെയ്തതോ അല്ലാത്തതോ ആയ മുപ്പത് മിനിട്ടിൽ താഴെയുള്ള ഷോർട്ട് ഫിലിമുകൾ ആണ് അയക്കാവുന്നത്.
നവംബർ ഒന്ന് മുതൽ ഫിലിം ഫ്രീ വേ.കോം (filmfreeway.com) എന്ന വെബ് സൈറ്റിൽ എൻട്രികൾ സമർപ്പിക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7012864173 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യാം.