/sathyam/media/media_files/2025/01/23/tTiq5QqsFV3Jdx1P1vwG.jpeg)
തൃശൂര്‍: കാട്ടിലേക്ക് കയറിയ ആനയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് രണ്ടാം ദിവസത്തെ ദൗത്യം അവസാനിപ്പിച്ചത്. വൈല്‍ഡ് ലൈഫ് ചീഫ് സര്‍ജന്‍ ഡോക്ടര്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള 50 അംഗ സംഘമാണ് രണ്ടാം ദിവസം ഉള്‍ക്കാട്ടില്‍ പരിശോധന നടത്തിയത്.
ചാലക്കുടിപ്പുഴയിലെ തുരുത്തില്‍ നിന്ന് മാറ്റി മയക്കുവെടി വെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചതോടെയാണ് ആന കഴിഞ്ഞദിവസം ഉള്‍ക്കാട്ടിലേക്ക് കയറിപ്പോയത്. തുടര്‍ന്ന്, ബുധനാഴ്ച രാത്രിയില്‍ നടത്തിയ പരിശോധനയില്‍ ആനയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
ഈ സാഹചര്യത്തിലാണ് ദൗത്യസംഘം വിപുലീകരിച്ച് മൂന്ന് ഗ്രൂപ്പുകളായി വ്യാഴാഴ്ച പകല്‍ മുഴുവന്‍ പരിശോധന നടത്തിയത്. എന്നാല്‍, നിരാശയായിരുന്നു ഫലം.
വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് ഡോ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടാം ദിവസത്തെ ദൗത്യം അവസാനിപ്പിച്ചത്. ആനയെ കണ്ടെത്താനുള്ള ശ്രമം വെള്ളിയാഴ്ചയും തുടരും എന്നാണ് വനംവകുപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
കാലടി പ്ലാന്റേഷന്‍ എസ്റ്റേറ്റില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ ദൂരത്തുള്ള മുനിത്തടത്ത് ആനയുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച രാവിലെ അവിടെയാണ് പരിശോധന ആരംഭിച്ചത്.
ആനയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും നടത്തിയിരുന്നു. മറ്റ് മൃഗങ്ങളെയും ആനകളെയും കണ്ടെത്താന്‍ കഴിഞ്ഞു എങ്കിലും മസ്തകത്തില്‍ മുറിവുള്ള ആനയെ മാത്രം കണ്ടെത്താന്‍ സാധിച്ചില്ല.