കോട്ടയം: കൊല്ലപ്പെട്ട ശ്യാം പ്രസാദിന്റെ മരണകാരണം നെഞ്ചിലേറ്റ ചവിട്ടെന്നു പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്യാം പ്രസാദിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ഇന്നു നടക്കും. ശ്യാം കൊല്ലപ്പെട്ട തെള്ളകത്ത് പ്രതിയെ എത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി. ശ്യാമിന്റെ മരണകാരണം നെഞ്ചിലേറ്റ ഗുരുതര പരുക്കു മൂലമെന്നാണു പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
പ്രതി ജിബിന്‍ ജോര്‍ജിന്റെ ചവിട്ടേറ്റ് ശ്യാം പ്രസാദിന്റെ വാരിയെല്ലുകള്‍ ഒടിഞ്ഞു. ശ്വാസ കോശത്തില്‍ ക്ഷതവും, ആന്തരിക രക്തസ്രാവവും ഉണ്ടായതായും ഫോറന്‍സിക് റിപ്പോര്‍ട്ടിലുണ്ട്. ഇന്നു പുലര്‍ച്ചെയാണു കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ ശ്യാം പ്രസാദ് തെള്ളകത്തെ തട്ടുകടയിലുണ്ടായ ആക്രമണത്തിനിടെ കൊല്ലപ്പെട്ടത്.
ശ്യാമിന്റെ മൃതദേഹം കോട്ടയത്തെ പോലീസ് ക്ലബിലും ശ്യാം ജോലി ചെയ്തിരുന്ന കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലും പൊതുദര്‍ശനത്തിനു വെച്ചു. സഹപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തുടര്‍ന്നു മൃതദേഹം സംസ്‌കാര ചടങ്ങുകള്‍ക്കായി വീട്ടിലേക്കു കൊണ്ടുപോയി.
കൊലപാതകത്തിലേക്കു നയിച്ച സംഭവപരമ്പരക്കു പിന്നില്‍ ക്വട്ടേഷന്‍ സംശയിച്ചു പോലീസ്. പ്രതിയായ ജിബിന്‍ ജോര്‍ജ് ക്വട്ടേഷന്റെ ഭാഗമായിട്ടാണോ തട്ടുകടയില്‍ എത്തിയതെന്നു പരിശോധിക്കുമെന്നു ജില്ല പോലീസ് മേധാവി ഷാഹുല്‍ ഹമീദ് പറഞ്ഞു.
കുടമാളൂര്‍ പള്ളിയിലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പോലീസ് ഡ്രൈവറായിരുന്ന ശ്യാം പ്രസാദെന്ന് എസ്.പി പറഞ്ഞു. ഈസമയത്താണു തെള്ളകത്ത് സാലിയെന്നു പേരുള്ള സ്ത്രീ നടത്തുന്ന തട്ടുകടയില്‍ വാക്ക് തര്‍ക്കം നടന്നത്.
ജിബിന്‍ ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനിടയാണ് ഈ കടയിലേക്കു ശ്യാം പ്രസാദ് എത്തുന്നത്. സാലിക്ക് ശ്യാം പ്രസാദിനെ പരിചയമുണ്ട്. ഇക്കാര്യം ഇവര്‍ പറഞ്ഞതോടെ പ്രകോപിതനായ ജിബിന്‍ സാലിയെയും സഹോദരനെയും മര്‍ദിച്ചു.
ഇതു തടയാന്‍ ശ്രമിച്ച ശ്യാം പ്രസാദിനെയും മര്‍ദിക്കുകയായിരുന്നു എസ്.പി പറഞ്ഞു. സാലി നല്‍കിയ മൊഴിയില്‍ സമീപത്തെ തട്ടുകട ഉടമ ക്വട്ടേഷന്‍ നല്‍കിയതനുസരിച്ചാണ് ജിബിന്‍ എത്തിയതെന്നാണു പറഞ്ഞിരിക്കുന്നത്.