/sathyam/media/media_files/2026/02/28/shylaja-2026-02-28-23-48-15.jpg)
തിരുവനന്തപുരം:രണ്ട് ടേം നിബന്ധനയിൽ സിപിഎം സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കിയ മുൻ മന്ത്രി കെ.കെ.ശൈലജ കണ്ണൂർ ജില്ലയിലെ പേരാവൂരിൽ മത്സരിച്ചേക്കും.
മട്ടന്നൂരിൽ നിന്ന് ഒഴിവാക്കപ്പെടുമെന്ന് ഉറപ്പായ ഘട്ടത്തിൽ കെ.കെ.ശൈലജ തന്നെയാണ് പേരാവൂരിൽ മത്സരിക്കാനുളള താൽപര്യം സംസ്ഥാന സെക്രട്ടേറിയേറ്റിനെ അറിയിച്ചത്.
ഒരവസരം കൂടി തനിക്ക് നൽകണമെന്നും മത്സരിച്ചാൽ പേരാവൂർ മണ്ഡലം കോൺഗ്രസിൽ നിന്ന് പിടിച്ചെടുക്കാൻ സാധിക്കുമെന്നും ശൈലജ സെക്രട്ടേറിയേറ്റിനോട് അഭ്യർത്ഥിച്ചു.
എന്നാൽ സംസ്ഥാന നേതൃത്വം അനുകൂലമായി പ്രതികരിച്ചില്ല. അടുത്ത സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ആലോചിക്കാം എന്നായിരുന്നു സംസ്ഥാന നേതൃത്വത്തിൻെറ പ്രതികരണം.
കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റിലെ ചർച്ചയിൽ പേരാവൂരിലേക്ക് ശൈലജയുടെ പേര് വന്നാൽ മാത്രമേ സീറ്റ് ലഭിക്കാൻ സാധ്യതയുളളു.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാവൂരിൽ മുസ്ളീം വിഭാഗത്തിൽ നിന്നുളള സ്ഥാനാർത്ഥിയേയാണ് സിപിഎം പേരാവൂർ മണ്ഡലത്തിൽ മത്സരിപ്പിച്ചത്.
ഇരിട്ടി മുൻ ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനായിരുന്നു സ്ഥാനാർത്ഥി.സിറ്റിങ്ങ് എം.എൽ.എ സണ്ണി ജോസഫിന് ശക്തമായ വെല്ലുവിളി ഉയർത്താൻ സക്കീർ ഹുസൈന് കഴിഞ്ഞിരുന്നു.
സക്കീർ ഹുസൈന് ഒരവസരം കൂടി നൽകണമെന്ന് അഭിപ്രായമുളളവർ കണ്ണൂർ ജില്ലാ നേതൃത്വത്തിലുണ്ട്. അതുകൊണ്ടു തന്നെ ശൈലജയെ മത്സരിപ്പിക്കാൻ ജില്ലാ നേതൃത്വത്തിന് താൽപര്യമുണ്ടാകുമോയെന്ന് കണ്ടറിയണം.
കഴിഞ്ഞ ദിവസം ചേർന്ന ജില്ലാസെക്രട്ടേറിയേറ്റിന് തൊട്ടു മുൻപ് പേരാവൂരിൽ മത്സരിപ്പിക്കാൻ താൽപര്യമുണ്ടോയെന്ന് ശൈലജയോട് കണ്ണൂർ നേതൃത്വം ചോദിച്ചിരുന്നു.
നിർദ്ദേശം തളളിയ ശൈലജ, മട്ടന്നൂരിൽ അല്ലാതെ ഒരിടത്തും മത്സരിക്കാൻ താൽപര്യമില്ലെന്നും നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതോടെയാണ് മട്ടന്നൂരിൽ നിന്നുപോലും ശൈലജയുടെ പേര് ശുപാർശ ചെയ്യാൻ ജില്ലാ നേതൃത്വം തയ്യാർ ആകാതിരുന്നതെന്നാണ് സൂചന.
മട്ടന്നൂരിൽ കെ.കെ.ശൈലജയ്ക്ക് പകരം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജിനെ മത്സരിപ്പിക്കാനാണ് തീരുമാനം.
ജില്ലാ സെക്രട്ടേറിയേറ്റ് പേര് നിർദ്ദേശിച്ചതിന് പിന്നാലെ തന്നെ സനോജ് മട്ടന്നൂരിൽ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.ഇതോടെ മട്ടന്നൂരിൽ ശൈലജയ്ക്ക് അവിടെ സീറ്റില്ല എന്ന് ഉറപ്പായിരുന്നു.
2021ൽ മട്ടന്നൂരിൽ നിന്ന് സംസ്ഥാനത്തെ റെക്കോഡ് ഭൂരിപക്ഷത്തിൽ ജയിച്ച ശൈലജയോട് പാർട്ടി നേതൃത്വത്തിനും മുഖ്യമന്ത്രിക്കും വലിയ താൽപര്യമില്ല.
കണ്ണൂരിലെ സിപിഎമ്മിലെ ശാക്തിക ചേരിയിലൊന്നും ഇല്ലാത്ത ശൈലജ, ഒരു കാലത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരെ സാധ്യത കൽപ്പിക്കപ്പെട്ട വനിതാ നേതാവാണ്.
ശൈലജയുടെ വർദ്ധിച്ചുവന്ന ജനപ്രീതിയിൽ അസൂയപൂണ്ടാണ് അവർക്ക് സീറ്റ് നിഷേധിച്ചതെന്നാണ് ആക്ഷേപം. പൊതുസമൂഹത്തിൽ അംഗീകാരം ഉണ്ടെങ്കിലും കണ്ണൂരിലെ പാർട്ടിയിൽ ശൈലജയ്ക്ക് അത്രകണ്ട ജനപ്രീയില്ലെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
കെ.കെ.ശൈലജയ്ക്ക് സിറ്റിങ്ങ് സീറ്റിന് പകരം പേരാവൂർ മണ്ഡലമെങ്കിലും ലഭിക്കാൻ സാധ്യത ഉളളപ്പോൾ തലശേരിയിലെ സിറ്റിങ്ങ് എം.എൽ.എയും നിയമസഭാ സ്പീക്കറുമായ എ.എൻ.ഷംസീറിന് നിഷ്കരുണം സീറ്റ് നിഷേധിച്ചിരിക്കുകയാണ്.
2016ലും 2021ലും തലശേരിയിൽ നിന്ന് മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച ഷംസീറിനെ, രണ്ട് ടേം നിബന്ധന ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കിയത്. ഫൈസൽ വധക്കേസിലെ പ്രതിയായ കാരായി രാജനാണ് തലശേരിയിൽ ഷംസീറിൻെറ പകരക്കാരനാകുന്നത്.
/filters:format(webp)/sathyam/media/media_files/2026/01/12/an-shamseer-2026-01-12-15-42-41.jpg)
നേരത്തെ ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന കരായി രാജന്, ജില്ലയിൽ പ്രവേശിക്കാൻ വിലക്ക് ഉളളതിനാൽ ജില്ലാ പഞ്ചായത്ത് അധ്യക്ഷനാകാൻ കഴിഞ്ഞില്ല.
ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുളള ഷംസീറിനെ,ആ വിഭാഗത്തിന് നല്ല സ്വാധീനമുളള തലശേരിയിൽ നിന്ന് വെട്ടി മാറ്റുന്നതിന് മറ്റ് ചില ലക്ഷ്യങ്ങൾ കൂടിയുണ്ടെന്നാണ് സൂചന.
മുഖ്യമന്ത്രിയുടെ മരുമകനും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ മുഹമ്മദ് റിയാസിൻെറ പാത സുഗമമാക്കുന്നതിന് വേണ്ടിയാണ് ഷംസീറിനെ വെട്ടിയതെന്നാണ് സിപിഎമ്മിനുളളിൽ ഉയരുന്ന ആക്ഷേപം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us