കൊച്ചി: അന്തരിച്ച സിപിഎം പ്രവർത്തകൻ പുഷ്പനെ അപകീർത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന് എതിരെ നടപടി. കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ.എസ്.ഹരിപ്രസാദിനെ സസ്പെൻഡ് ചെയ്തു.
പുഷ്പന്റെ മരണത്തിൽ സന്തോഷിക്കണമെന്ന് തുടങ്ങുന്നതായിരുന്നു ഹരിപ്രസാദിന്റെ പോസ്റ്റ്. ഹരിപ്രസാദിന്റെ നടപടി കടുത്ത അച്ചടക്കലംഘനമാണെന്നും പോലീസ് സേനയുടെ അന്തസിന് കളങ്കം വരുത്തുന്നതാണെന്നും വിലയിരുത്തിയാണ് നടപടി.
എറണാകുളം റേഞ്ച് ഡിഐജിയാണ് നടപടിയെടുത്തത്. ഹരിപ്രസാദിന് എതിരെ അന്വേഷണത്തിന് എറണാകുളം നാർക്കോട്ടിക് സെൽ ഡെപ്യൂട്ടി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.