തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു. സര്‍വകലാശാല ഭരണസമിതിയുടെ തീരുമാനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ സ്റ്റേ ചെയ്തു.
സിദ്ധാർഥന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഗവർണർ നിയോഗിച്ച ഹൈക്കോടതി റിട്ട. ജസ്റ്റീസ് ഹരിപ്രസാദിന്റെ റിപ്പോർട്ടിൽ ഡീനും അസിസ്റ്റന്റ് വാർഡനും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഈ റിപ്പോർട്ട് പരിഗണിച്ച യൂണിവേഴ്സിറ്റി ഭരണസമിതി ഭൂരിപക്ഷ അഭിപ്രായത്തിന്റെ മറവിൽ യാതൊരു നടപടികളും കൂടാതെ രണ്ടുപേരെയും തിരികെ സർവീസിൽ പ്രവേശിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇരുവർക്കും വീഴ്ച പറ്റിയെന്നായിരുന്നു ചാൻസിലർ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയത്.
ഇത് മറികടന്നാണ് ഡീനിനെയും അസി. വാർഡനെയും തിരിച്ചെടുക്കാൻ മാനേജിംഗ് കൗൺസിൽ നീക്കം നടത്തിയത്. ഇതേതുടര്‍ന്ന് ഭരണസമിതി യോഗത്തിന്റെ മിനിറ്റ്സ് ഗവർണർ മരവിപ്പിക്കുകയായിരുന്നു.