കോട്ടയം: കുംഭമേളക്കെതിരായ 'കവര്‍ സ്റ്റോറി' പരാമര്‍ശത്തിന്റെ പേരില്‍ ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടിവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിന് എതിരെ നടപടി ഇല്ല. നടപടി എടുത്തുവെന്ന രീതിയില്‍ ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.
കുംഭമേളയെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിപണനത്തിലുളള മേളയായി ഉയര്‍ത്തി കാണിക്കുന്നതിന് എതിരായ പരാമര്‍ശം സംഘപരിവാര്‍ കേന്ദ്രങ്ങളെ അരിശം കൊളളിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലും മറ്റുമായി അലയടിച്ച് ഉയര്‍ന്ന വിമര്‍ശനം ചാനല്‍ ഉടമയും കേരളത്തിലെ എന്‍.ഡി.എ കണ്‍വീനറുമായ രാജീവ് ചന്ദ്രശേഖറിന്റെ മുന്നിലും എത്തിയിരുന്നു.
സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ സംഘപരിവാര്‍ അനുകൂലികള്‍ കവര്‍ സ്റ്റോറിയിലെ കുംഭമേളക്കെതിരായ പരാമര്‍ശം ചൂണ്ടിക്കാട്ടി രാജീവ് ചന്ദ്രശേഖറിന് മെസേജ് അയക്കുയായിരുന്നു. ഇതെ തുടര്‍ന്ന് എക്‌സില്‍ പ്രതികരണം നടത്തിയ രാജീവ് ചന്ദ്രശേഖര്‍ വിമര്‍ശനങ്ങള്‍ ചാനല്‍ മേധാവികളുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് പറഞ്ഞു.
ഇതോടെയാണ് സിന്ധു സൂര്യകുമാറിന് എതിരെ നടപടി എടുത്തുവെന്ന തരത്തിലുളള വാര്‍ത്തകള്‍ പ്രചരിച്ചത്. ലക്ഷക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന കൂട്ടായ്മയെ കുറിച്ച് അവധാനതയില്ലാത്തതും പരിഹസിക്കുന്ന തരത്തിലുളള പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് ചാനല്‍ നേതൃത്വത്തോട് അപേക്ഷിച്ചിട്ടുണ്ടെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ എക്‌സിലെ കുറിപ്പില്‍ പറഞ്ഞിട്ടുളളത്.
/sathyam/media/media_files/2025/03/05/HPBUSkGq3a30my2YnCA7.jpg)
എക്‌സില്‍ ചൂണ്ടിക്കാണിച്ചത് പോലെ ചാനല്‍ തലപ്പത്തുളളവരോടും രാജീവ് ചന്ദ്രശേഖര്‍ വിഷയം ധരിപ്പിച്ചിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സര്‍ക്കാരുകള്‍ക്കും എതിരെ അതിനിശിതമായ വിമര്‍ശനം നടക്കുന്ന പംക്തിയില്‍ സാധാരണ ഉണ്ടാകുന്നത് പോലെ തീവ്രമായ വിമര്‍ശനം ഉണ്ടായിട്ടില്ലെന്നാണ് ചാനല്‍ തലപ്പത്തുളളവര്‍ രാജീവ് ചന്ദ്രശേഖറിന് നല്‍കിയ വിശദീകരണം.
എല്ലാവരെയും തുല്യമായ നിലയില്‍ വിമര്‍ശിക്കുന്ന കവര്‍ സ്റ്റോറിയില്‍ മഹാ കുംഭമേളയുടെ രാഷ്ട്രീയ വശങ്ങളാണ് മുഖ്യമായും പ്രതിപാദിച്ചത്. അതിനപ്പുറം അവഹേളന പരമായ രീതിയിലുളള ഒന്നും ഉദ്ദേശിച്ചിട്ടില്ലെന്നും ചാനല്‍ മേധാവികള്‍ രാജീവ് ചന്ദ്രശേഖറോട് വിശദീകരിച്ചിട്ടുണ്ട്.
ഈ ചോദ്യത്തിനും മറുപടിക്കും അപ്പുറമുളള ഒരു നടപടിയും ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിന് എതിരെ സ്വീകരിച്ചിട്ടില്ല.
എന്നാല്‍ രാജീവ് ചന്ദ്രശേഖറിന്റെ എക്‌സിലെ കുറിപ്പിന് പിന്നാലെ വിമര്‍ശനം കടുപ്പിച്ച് സി.പി.എം സൈബര്‍ ഗ്രൂപ്പുകളും ഏഷ്യാനെറ്റ് ന്യൂസിന് എതിരെ രംഗത്ത് വന്നിട്ടുണ്ട്.
ഇക്കാലമത്രയും മാനേജ്‌മെന്റ് വാര്‍ത്തകളിലും പരിപാടികളിലും ഇടപെടില്ലെന്ന് അവകാശപ്പെട്ടിരുന്ന ഏഷ്യാനെറ്റ് കുംഭമേളയെ വിമര്‍ശിച്ചപ്പോള്‍ രാജീവ് ചന്ദ്രശേഖര്‍ ഇടപെട്ടല്ലോ എന്ന് ചൂണ്ടിക്കാട്ടിയാണ് ഇടത് സൈബര്‍ ഗ്രൂപ്പുകളുടെ ആക്രമണം. നല്ല ഗവേഷണം നടത്തിയാണ് സി.പി.എം സൈബര്‍ ഹാന്‍ഡിലുകള്‍ ഏഷ്യാനെറ്റ് ന്യൂസിന് എതിരെ യുദ്ധം ചെയ്യുന്നത്.
ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ ഭാഗമായി തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ ശേഷം രാജീവ് ചന്ദ്രശേഖര്‍ കേരളത്തില്‍ സജീവമാണ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പോലും പരിഗണിക്കപ്പെടുന്ന ഘട്ടത്തിലാണ് കുംഭമേളക്കെതിരായ വിമര്‍ശനം പുറത്തുവരുന്നത്.
/sathyam/media/media_files/2025/03/05/EQldVFtpotsnUB1OnS50.jpg)
സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുളള രാജീവ് ചന്ദ്രശേഖറിന്റെ കടന്നുവരവ് തടയാന്‍ ശ്രമിക്കുന്ന ബി.ജെ.പിയിലെ ഒരു വിഭാഗം നേതാക്കളാണ് കുംഭമേളക്കെതിരായ ഏഷ്യാനെറ്റ് ന്യൂസ് കവര്‍ സ്റ്റോറിയിലെ വിമര്‍ശനം ആളിക്കത്തിച്ച് വിവാദമാക്കിയത്.
സ്വന്തം ചാനലില്‍ സംഘപരിവാര്‍ വിരുദ്ധ വാര്‍ത്തകള്‍ നിരന്തരം പ്രക്ഷേപണം ചെയ്യുന്നതിനൊപ്പം ഹൈന്ദവ സമൂഹത്തിന്റെ വിശ്വാസപരമായ കാര്യങ്ങളെയും തെറ്റായി ചിത്രീകരിക്കുന്നു എന്ന കുറ്റമാണ് രാജീവ് ചന്ദ്രശേഖറില്‍ ആരോപിക്കാന്‍ ശ്രമിച്ചത്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷനാകാന്‍ താല്‍പര്യപ്പെടുന്നത് കൊണ്ടാണ് നീക്കം തിരിച്ചറിഞ്ഞ് രാജീവ് ചന്ദ്രശേഖര്‍ ഉടനടി എക്‌സില്‍ കുറിപ്പിട്ടതെന്നും പറയപ്പെടുന്നു.