/sathyam/media/media_files/2024/12/23/XNpUDq82kwA4pNw7R8qZ.jpeg)
തിരുവനന്തപുരം: ആർഎസ്എസ് ലക്ഷ്യം വെക്കുന്ന സംഖ്യ രാഷ്ട്ര നിർമിതിയുടെ മുന്നൊരുക്കത്തിന്റെ ഭാഗമാണ് എസ്ഐആറിലൂടെ ബിജെപി ഭരണകൂടം നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. എസ് ഐ ആറിനെതിരെ വ്യാപകമായ പരാതികളും ആരോപണങ്ങളും നിലനിൽക്കെ, വോട്ടർ പട്ടിക പരിഷ്കരണവുമായി മുന്നോട്ട് പോകാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം പ്രതിഷേധാർഹമാണ്.
ബിജെപിയുടെ ഫാസിസ്റ്റ് താല്പര്യങ്ങൾ നടപ്പാക്കുന്നതിനുള്ള ഏജന്റായി തെരഞ്ഞെടുപ്പ് കമ്മീഷൻ മാറി. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ധൃതിപ്പെട്ട് കാര്യങ്ങൾ തീരുമാനിക്കുന്നതിൽ ദുരൂഹതയുണ്ട്.
വോട്ടർപ്പട്ടിക പരിഷ്കരണത്തിന്റെ മറവിൽ വ്യാപകമായ പുറന്തള്ളലാണ് രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത്. ബിഹാറിൽ 65 ലക്ഷം പേരുടെ വോട്ടവകാശമാണ് ഇത്തരത്തിൽ റദ്ദ് ചെയ്തത്. വോട്ടവകാശം റദ്ദ് ചെയ്യപ്പെടുകയെന്നാൽ ജനാധിപത്യ പ്രക്രിയയിൽ നിന്ന് പുറന്തള്ളപ്പെടുക എന്നാണർത്ഥം. പൗരത്വ നിയമഭേദഗതിയിലൂടെ നടപ്പാക്കാനുദ്ദേശിക്കുന്ന പുറന്തള്ളൽ എസ് ഐ ആറിലൂടെ രാജ്യത്ത് നടപ്പാക്കുകയാണ്. ഇതിലൂടെ ബി ജെ പി യുടെ താല്പര്യങ്ങളാണ് സംരക്ഷിക്കപ്പെടുന്നത്.
രാജ്യവ്യാപകമായി എസ് ഐ ആർ നടപ്പിലാക്കുമ്പോൾ കോടിക്കണക്കിന് വോട്ടർമാർക്കാണ് ജനാധിപത്യപരമായ അവകാശം നിഷേധിക്കപ്പെടാൻ പോകുന്നത്. ബി ജെ പി യുടെ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി രാജ്യത്ത് നടപ്പിലാക്കുന്ന പുറന്തള്ളൽ പദ്ധതികൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയരണമെന്ന് റസാഖ് പാലേരി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us