പോറ്റിയുമായി ബന്ധമില്ല; സ്വര്‍ണക്കൊള്ളയില്‍ ഡി മണിക്ക് ക്ലീന്‍ ചിറ്റ്; എസ്‌ഐടി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍. മണിയില്‍ നിന്നും സംശയകരമായ ഒന്നും കണ്ടെത്താനായില്ലെന്ന് എസ്‌ഐടി

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി സംസാരിച്ച വ്യവസായി വഴിയാണ് ഡി മണിയുടെ പേര് എസ്‌ഐടിക്ക് ലഭിക്കുന്നത്.

New Update
mani

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അന്വേഷണം നേരിട്ട തമിഴ്‌നാട് വ്യവസായി ഡി മണിക്ക് ക്ലീന്‍ചിറ്റ് നല്‍കി എസ്‌ഐടി. 

Advertisment

ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് മണിയില്‍ നിന്നും സംശയകരമായ ഒന്നും കണ്ടെത്താനായില്ലെന്ന് എസ്‌ഐടി അറിയിച്ചത്. 

കേസുമായി ബന്ധപ്പെട്ട് ഡിണ്ടിഗല്‍ സ്വദേശിയായ മണിയെ രണ്ടുവട്ടം എസ്‌ഐടി ചോദ്യം ചെയ്തിരുന്നു.

തമിഴ്‌നാട്ടിലെത്തിയും തിരുവനന്തപുരത്തെ ഈഞ്ചയ്ക്കലിലെ ഓഫിസിലേക്ക് വിളിച്ചു വരുത്തിയുമായിരുന്നു ചോദ്യം ചെയ്യല്‍.

ഇയാളുടെ തമിഴ്‌നാട്ടിലെ കേന്ദ്രങ്ങളില്‍ എസ്‌ഐടി റെയ്ഡും നടത്തിയിരുന്നു. 

എന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ളയിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഒരു ബന്ധവും പ്രത്യേക അന്വേഷണസംഘത്തിന് ഡി മണിയില്‍നിന്നും കണ്ടെത്താനായില്ല. 

പോറ്റിയും ഡി മണിയും തമ്മില്‍ ഏതെങ്കിലും തരത്തില്‍ ഫോണ്‍ സംഭാഷണം നടത്തിയോ എന്നതുള്‍പ്പടെ വിശദമായി എസ്‌ഐടി പരിശോധിച്ചിരുന്നു.

കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ജീവിത്തില്‍ രണ്ടുതവണമാത്രമേ തിരുവനന്തപുരത്ത് വന്നിട്ടുള്ളുവെന്നും വികാരധീനനായി പറഞ്ഞിരുന്നു. 

ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്നും ഇനിയും തന്നെ വേട്ടയാടിയാല്‍ താന്‍ ജീവനൊടുക്കുമെന്നും ഡി മണി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിങ്ങിപ്പൊട്ടിയിരുന്നു

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി സംസാരിച്ച വ്യവസായി വഴിയാണ് ഡി മണിയുടെ പേര് എഎസ്‌ഐടിക്ക് ലഭിക്കുന്നത്. 

തുടര്‍ന്നായിരുന്നു തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള അന്വേഷണം. ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ കൈവശമുണ്ടെന്ന് ഡി മണി പറഞ്ഞതായിട്ടായിരുന്നു വ്യവസായിയുടെ മൊഴി.

ചാക്കില്‍ കെട്ടിയ നിലയില്‍ വസ്തുക്കള്‍ കാണിച്ചെന്നും അമൂല്യ വസ്തുക്കള്‍ നല്‍കിയത് ഉണ്ണികൃഷ്ണന്‍ പോറ്റിയെന്നും ഡി മണി പറഞ്ഞതായും വ്യവസായി എസ്‌ഐടിയെ അറിയിച്ചിരുന്നു

Advertisment