/sathyam/media/media_files/2026/02/23/vd-satheesan-press-meet-idukki-2026-02-23-14-09-10.jpg)
കൊച്ചി: ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും എസ്.ഐ.ടിയുടെ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചെലുത്തുന്ന സമ്മര്‍ദ്ദം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള നിരന്തര സമരത്തിന്റെ ഭാഗമായി പ്രതിപക്ഷം ഇന്നും നിയമസഭ ബഹിഷ്‌ക്കരിച്ചു.
മന്ത്രിമാര്‍ വിചിത്രമായ മറുപടിയാണ് നിയമസഭയില്‍ നല്‍കിയത്. തന്ത്രിയെ രക്ഷിക്കാനാണ് പ്രതിപക്ഷം ഇറങ്ങിയിരിക്കുന്നതെന്നാണ് വ്യവസായ - തദ്ദേശ വകുപ്പ് മന്ത്രിമാര്‍ ആരോപണം ഉന്നയിച്ചത്. തന്ത്രിക്ക് പ്രത്യേക പരിരക്ഷയില്ലെന്നാണ് തദ്ദേശ മന്ത്രി പറഞ്ഞത്.
കോടതിയെയാണ് പ്രതിപക്ഷം വിമര്‍ശിക്കുന്നതെന്ന ആക്ഷേപവും മന്ത്രിമാര്‍ ഉന്നയിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചൂണ്ടിക്കാട്ടി. കോടതിയെ വിമര്‍ശിച്ചത് നിയമ മന്ത്രിയാണ്.
ശബരിമല തന്ത്രിക്കെതിരെ കേസെടുക്കാന്‍ തെളിവന്റെ കണിക പോലും ഇല്ലെന്നു പറഞ്ഞാണ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിച്ച കോടതിയെ ഇന്നലെ വിമര്‍ശിച്ചത് നിയമമന്ത്രിയാണ്.
തന്ത്രിയെ പോലെ ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹം എന്ത് കുറ്റകൃത്യമാണ് ചെയ്‌തെന്നും കുറ്റകൃത്യത്തില്‍ എന്ത് പങ്കാളിത്തമാണുള്ളതെന്നും എസ്.ഐ.ടി വ്യക്തമാക്കണമെന്ന് തന്ത്രിയെ അറസ്റ്റു ചെയ്തതിന്റെ തൊട്ടടുത്ത ദിവസം ജനുവരി 11-ന് തന്നെ പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു.
മുന്‍ മന്ത്രിയെയോ ഇപ്പോഴത്തെ മന്ത്രിയെയോ അറസ്റ്റു ചെയ്താലും കാരണം എന്താണെന്ന് പൊതുജനത്തോട് പറയാനുള്ള ബാധ്യത അന്വേഷണസംഘത്തിനുണ്ടെന്നും പ്രതിപക്ഷം പറഞ്ഞിരുന്നതാണ്.
40 ദിവസം ജയിലില്‍ കിടന്നതിനു ശേഷമാണ് തെളിവിന്റെ കണിക പോലും ഇല്ലെന്ന് കോടതി പറഞ്ഞത്. തെളിവില്ലാതെ തന്ത്രിയെ അറസ്റ്റു ചെയ്തത് എന്തിനാണെന്ന് പറയണം.
തന്ത്രി അറസ്റ്റിലായപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രെഡിറ്റാണെന്നാണ് സി.പി.എം അവകാശപ്പെട്ടത് എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. തന്ത്രിയെ വരെ ജയിലിലാക്കിയ ആളാണ് പിണറായി എന്നാണ് സി.പി.എം ബൈബര്‍ ഹാന്‍ഡിലുകള്‍ പ്രചരിപ്പിച്ചത്. ഇപ്പോള്‍ അതൊന്നും കാണുന്നില്ല.
എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് പറയാനുള്ള ബാധ്യത എസ്.ഐ.ടിക്കുണ്ട്. ഇപ്പോഴത്തെ മന്ത്രിക്കും നേരത്തെയുണ്ടായിരുന്ന മന്ത്രിക്കും എതിരെ ആരോപണം ഉയരുകയും മൂന്ന് നേതാക്കള്‍ ജയിലില്‍ കിടക്കുകയും സി.പി.എം പ്രതിക്കൂട്ടിലാകുകയും ചെയ്തപ്പോഴാണ് തന്ത്രിയിലേക്ക് അന്വേഷണം പോയത്.
അന്നു തന്നെ പ്രതിപക്ഷം സംശയം ഉന്നയിച്ചതാണ്. അതേ സംശയം പ്രതിപക്ഷം ഇപ്പോഴും ഉന്നയിക്കുന്നു. എന്തു കാരണത്താലും തെളിവിന്റെ അടിസ്ഥാനത്തിലുമാണ് തന്ത്രിയെ അറസ്റ്റു ചെയ്തതെന്ന് എസ്.ഐ.ടി വ്യക്തമാക്കണം.
തന്ത്രിക്ക് പ്രത്യേക പരിരക്ഷയൊന്നും വേണ്ട. സാധാരണ പൗരനുള്ള പരിരക്ഷപോലും അദ്ദേഹത്തിന് കിട്ടിയിട്ടില്ലെന്ന തരത്തിലാണ് കോടതി വിധി പുറത്തുവന്നിരിക്കുന്നത്.
തന്ത്രിയെ അറസ്റ്റു ചെയ്തതിന് കുറിച്ച് ബി.ജെ.പി ഇപ്പോഴാണ് പറയുന്നത്. അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ യു.ഡി.എഫ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോടതി വിധിക്കെതിരെയാണ് മന്ത്രിമാര്‍ നിയമസഭയില്‍ പറഞ്ഞത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us